നിയമനമല്ല,ചൂഷണത്തിനെതിരെയാണ് കേസെന്ന് എസ് സി എസ് ടി കമ്മിഷൻ;രാഷ്ട്രീയപ്രേരിത കേസെന്ന് എച്ച്ആർഡിഎസ്

By Web Team  |  First Published Feb 20, 2022, 9:24 AM IST

അതേസമയം കേസെടുത്തത് രാഷ്ട്രീയ പ്രേരിതമെന്നാണ് എച്ച് ആർ ഡി എസിന്റെ നിലപാട്. സ്വപ്ന സുരേഷിന് നിയമനം നൽകിയതിന് പിന്നാലെയാണ് കേസ്. പട്ടിതജാതി പട്ടിക വർ​ഗ കമ്മീഷൻ കേസെടുക്കുന്നതിന് മുമ്പ് എച്ച് ആർ ‍ഡി എസിന് പറയാനുളളത് കേട്ടില്ലെന്നും ചീഫ് പ്രൊജക്ട് കോഡിനേറ്റർ ജോയ് മാത്യു പ്രതികരിച്ചു


പാലക്കാട്: സ്വർണക്കടത്ത് കേസിലെ (Gold Smuggling case) പ്രതി സ്വപ്ന സുരേഷ് (Swapna Suresh) ജോലിയിൽ പ്രവേശിച്ച സന്നദ്ധ സംഘടനയായ എച്ച് ആർ ഡി എസിനെതിരെ (hrds)എസ് സി എസ് ടി കമ്മിഷൻ (sc st commission)അം​ഗം എസ്.‌അജയകുമാർ(s ajayakumar). ആദിവാസികളെ ചൂഷണം ചെയ്യുന്നതിന് കടിഞ്ഞാണിടണമെന്ന് എസ് സി എസ് ടി കമ്മിഷൻ അം​ഗം എസ്.‌അജയകുമാർ പറഞ്ഞു. പ്രതിവർഷം കേന്ദ്ര സർക്കാരിൻ്റെ 350 കോടിഎൻ ജി ഒ വഴിയെത്തുന്നു. സംസ്ഥാന സർക്കാരിൻ്റെ അറിവോടെയല്ല ഇതു പലതും. ഇക്കാര്യത്തിൽ സമഗ്ര അന്വേഷണം വേണം. സംസ്ഥാന, കേന്ദ്ര സർക്കാരുകളോട് അന്വേഷണം ആവശ്യപ്പെടുമെന്നും എസ് സി എസ് ടി കമ്മിഷൻ അം​ഗം എസ്.‌അജയകുമാർ പ്രതികരിച്ചു.

എൻ ജി ഒയ്ക്ക് വരുന്ന ഫണ്ട് വിനിയോഗത്തിൻ്റെ മേൽനോട്ട ചുമതല സംസ്ഥാന സർക്കാരിനെ ഏൽപ്പിക്കണമെന്നും എസ് സി എസ് ടി കമ്മിഷൻ അം​ഗം എസ്.‌അജയകുമാർ ആവശ്യപ്പെട്ടു. എച്ച് ആർ ഡി എസ് നെതിരായ പട്ടികജാതി- പട്ടികവർ‌​ഗ കമ്മിഷന്റെ അന്വേഷണം ആരുടെയെങ്കിലും നിയമനത്തിന് പിന്നാലെയല്ല . നിയമനം അവരുടെ സ്വന്തം കാര്യം. അതിൽ കമ്മീഷൻ ഇടപെടില്ല. എന്നാൽ ആദിവാസി ചൂഷണ പരാതി വന്നാൽ കമ്മീഷൻ ഇടപെടും. അന്വേഷണത്തിൽ രാഷ്ട്രീയമില്ലെന്നും പട്ടികജാതി- പട്ടികവർ‌​ഗ കമ്മിഷൻ അം​ഗം എസ്.‌അജയകുമാർ മാധ്യമങ്ങളോട് പറഞ്ഞു. 

Latest Videos

സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് ജോലിയിൽ പ്രവേശിച്ചതിന് പിന്നാലെയാണ് സന്നദ്ധ സംഘടനയായ എച്ചആർഡിഎസിനെതിരെ സംസ്ഥാന പട്ടികജാതി- പട്ടികവർ‌​ഗ കമ്മീഷൻ കേസെടുത്തത്. അട്ടപ്പാടിയിൽ ആദിവാസി കുടുംബങ്ങൾക്ക് വാസയോഗ്യമല്ലാത്ത വീട് നിർമ്മിച്ചുവെന്ന പരാതിയിലാണ് കേസ്. 

ആദിവാസി ഭൂമി പാട്ടത്തിനെടുക്കാൻ ശ്രമിച്ചുവെന്ന പരാതിയും കമ്മീഷൻ അന്വേഷിക്കും. എച്ച്ആർഡിഎസിനെക്കുറിച്ചുള്ള പരാതികളിൽ ജില്ല കളക്ടർ, എസ് പി എന്നിവരോട് റിപ്പോർട്ട് സമർപ്പിക്കാനും പട്ടികജാതി- പട്ടികവർ‌​ഗ കമ്മീഷൻ നിർദ്ദേശിച്ചിട്ടുണ്ട്.

തലപ്പത്ത് സംഘ് നേതാക്കൾ, എന്നിട്ടും ബന്ധം തള്ളി ബിജെപി, ആ എൻജിഒയുടെ രാഷ്ട്രീയമെന്ത്?

സ്വപ്ന സുരേഷിന് ജോലി നൽകിയ എച്ച്ആർഡിഎസ്സിന്‍റെ രാഷ്ട്രീയം വലിയ ചർച്ചയായിരുന്നു. ബിജെപി, ആർഎസ്എസ് നേതാക്കൾ നിയന്ത്രിക്കുന്ന സ്ഥാപനമാണിതെന്ന വാദമുയരുമ്പോൾ എച്ച് ആർ ഡി എസ് ഇത് നിഷേധിക്കുകയാണ്. എന്നാൽ മുൻ ആർ എസ് എസ് നേതാവ് കെ ജി വേണുഗോപാൽ, ഇടുക്കിയിലെ എൻ ഡി എ സ്ഥാനാർഥിയായിരുന്ന ബിജു കൃഷ്ണൻ, ബിജെപി നേതാവ് എസ് കൃഷ്ണകുമാർ എന്നിവരാണ് എച്ച്ആർഡിഎസ്സിന്‍റെ തലപ്പത്തുള്ളവരും ഉണ്ടായിരുന്നവരും. സെക്രട്ടറി അജി കൃഷ്ണൻ മുൻ എസ് എഫ് ഐ നേതാവാണ്. 

ഹൈറേഞ്ച് റൂറൽ ഡവലപ്മെന്‍റ് സൊസൈറ്റി എന്ന എച്ച്ആർഡിഎസ്സ് കേരളം, തമിഴ്നാട്, ഗുജറാത്ത്, ത്രിപുര, അസം, ഝാർഖണ്ഡ് ഉൾപ്പടെയുള്ള ആദിവാസി മേഖലകൾ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയാണ്. 1995-ൽ രൂപീകൃതമായ സംഘടനയുടെ തലപ്പത്തുള്ളവരിൽ ഭൂരിപക്ഷവും സംഘപരിവാർ സംഘടനകളുമായി ബന്ധമുള്ളവരാണ്. 

കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയ എസ് കൃഷ്ണകുമാറായിരുന്നു 2017 മുതൽ ആറു മാസം മുമ്പു വരെ പ്രസിഡന്‍റ്. പിന്നീട് സന്യാസി ആത്മ നമ്പിയായി പ്രസിഡന്‍റ് എന്നാണ് നിലവിലെ നേതൃത്വം അവകാശപ്പെടുന്നത്. വൈസ് പ്രസിഡന്‍റ് കെ ജി വേണുഗോപാൽ മുൻ ആർഎസ്എസ് നേതാവ്. ഇടുക്കി ലോക്സഭാ മണ്ഡലത്തിൽ നിന്നും എൻഡിഎ സ്ഥാനാർഥിയായി മത്സരിച്ച ബിജു കൃഷ്ണൻ പ്രൊജക്ട് ഡയറക്ടർ. പ്രൊജക്ട് കോഡിനേറ്ററായി പ്രവർത്തിക്കുന്ന ഷൈജു ശിവരാമൻ തദ്ദേശ തെരഞ്ഞെടുപ്പിൽ അട്ടപ്പാടി ബ്ലോക്കിൽ നിന്ന് ബിജെപി സ്ഥാനാർഥിയായിരുന്നു. മുൻ സിപിഎം നേതാക്കളും എച്ച്ആർഡിഎസ്സിന്‍റെ തലപ്പത്തുണ്ട്. ഫൗണ്ടർ സെക്രട്ടറി അജി കൃഷ്ണൻ മുൻ എസ്എഫ്ഐ നേതാവ്‌. ചീഫ് പ്രൊജക്ട് കോഡിനേറ്റർ ജോയ് മാത്യു സിപിഎം മേലുകാവ് ലോക്കൽ കമ്മിറ്റി അംഗമായിരുന്നു.

കേന്ദ്ര സർക്കാരുമായി അടുത്തു നിൽക്കുമ്പോഴും സംസ്ഥാന സർക്കാരിനെ പിണക്കുന്നില്ല എച്ച്ആർഡിഎസ്സ്. അതുകൊണ്ടുതന്നെയാണ് ആദിവാസി മേഖലയിലെ ഇവരുടെ ഇടപെടലിനെപ്പറ്റി നിരവധി പരാതികൾ ഉയർന്നിട്ടും കേരളത്തിലെ ഇവരുടെ പ്രവർത്തനം തടസ്സമില്ലാതെ മുന്നോട്ടു പോകുന്നത്.

എതിർത്ത് എസ് കൃഷ്ണകുമാർ

സ്വർണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷിനെ എച്ച്ആർഡിഎസ്സിൽ നിയമിച്ചതിൽ തനിക്ക് ഒരു പങ്കുമില്ലെന്ന് ബിജെപി നേതാവും കൊല്ലത്ത് നിന്നുള്ള മുൻ കോൺഗ്രസ് എംപിയുമായ എസ് കൃഷ്ണകുമാർ ഏഷ്യാനെറ്റ് ന്യൂസിന് ഇന്നലെ നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. എങ്ങനെയാണ് എച്ച്ആർഡിഎസ്സിൽ സ്വപ്നയെ നിയമിച്ചതെന്ന് തനിക്ക് ഒരു അറിവുമില്ല. സ്വപ്നയുടെ നിയമനം തന്നെ നിയമസാധുതയില്ലാത്തതാണ്. നിയമവിരുദ്ധമായ നീക്കങ്ങളാണ് സംഘടനയിൽ നടക്കുന്നതെന്നും, സംഘടനയുടെ ചെയർമാൻ സ്ഥാനത്ത് നിന്ന് തന്നെ നീക്കിയെന്ന തരത്തിലുള്ള പ്രചാരണങ്ങളാണ് നടക്കുന്നതും എച്ച്ആർഡിഎസ് ചെയർമാനായ എസ് കൃഷ്ണകുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

കഴിഞ്ഞ അഞ്ച് വർഷമായി ഹൈറേഞ്ച് റൂറൽ ഡെവലപ്മെന്‍റ് സൊസൈറ്റി (എച്ച്ആർഡിഎസ്) എന്ന സംഘടനയുടെ ചെയർമാനാണ് താനെന്ന് എസ് കൃഷ്ണകുമാർ വ്യക്തമാക്കുന്നു. സെക്രട്ടറി അജി കൃഷ്ണനും ചീഫ് പ്രോജക്ട് കോർഡിനേറ്റർ എന്ന് അവകാശപ്പെടുന്ന ജോയ് മാത്യു എന്ന ഉദ്യോഗസ്ഥനും രണ്ട് സ്ത്രീ ജീവനക്കാരും ചേർന്ന് സംഘടനയിൽ അഴിമതി നടത്തുകയാണ്. സമാന്തരമായി വേറൊരു ഡയറക്ടർ ബോർഡ് ഉണ്ടാക്കി, അതിൽ വേറെ ആളുകളെ കുത്തിക്കയറ്റി. തന്നെ വരെ സ്ഥാനത്ത് നിന്ന് പുറത്താക്കിയെന്ന പ്രചാരണമാണ് അവർ നടത്തുന്നത്. നിയമപരമായി താൻ തന്നെയാണ് ചെയർമാൻ. അജി കൃഷ്ണൻ ഈ സ്ഥാപനത്തിന്‍റെ പേര് അടക്കം പറഞ്ഞ് എൻഡിഎ മുന്നണിയിൽ നിന്ന് പല ആനുകൂല്യങ്ങളും പറ്റിയെന്നും ഇടുക്കിയിൽ എൻഡിഎ സ്ഥാനാർത്ഥിയായി ബിഡിജെഎസ്സിന്‍റെ ബാനറിൽ അനുജൻ ബിജു കൃഷ്ണന് സീറ്റ് ഒപ്പിച്ചെടുത്തുവെന്നും എസ് കൃഷ്ണകുമാർ ആരോപിക്കുന്നു. 

ചെയർമാൻ എന്ന നിലയിൽ തന്‍റെ ഒപ്പടക്കം പല രേഖകളിലും അവർ വ്യാജമായി ഉപയോഗിച്ചിട്ടുണ്ട്. കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി ഫണ്ട് അടക്കം ശേഖരിക്കാനായി ഒരു ഡയറക്ടറുടെ ആവശ്യം ആ സംഘടനയിലില്ല. വിദേശത്ത് നിന്ന് അടക്കം അത്രയധികം ഫണ്ട് വരുന്ന ഒരു എൻജിഒ അല്ല അത്. ചില്ലറ ഫണ്ട് ചിലയിടങ്ങളിൽ നിന്ന് വരുന്നുണ്ടെന്നല്ലാതെ ഇതിൽ വലിയൊരു ഫണ്ട് ശേഖരണം നിലവിൽ നടക്കുന്നില്ല. എന്തെല്ലാമാണ് ഈ സംഘടനയുടെ പേരിൽ നടക്കുന്ന ഇടപാടുകളെന്നോ ഇവിടത്തെ നിയമനങ്ങൾ എന്തെന്നോ തനിക്ക് ഒരു പിടിയുമില്ലെന്നും എസ് കൃഷ്ണകുമാർ പറയുന്നു. 

എൻജിഒയുടെ സെക്രട്ടറി അജി കൃഷ്ണനും ജോയ് മാത്യു അടക്കമുള്ള ഉദ്യോഗസ്ഥർക്കും എതിരെ ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്നും, കഴിഞ്ഞ അഞ്ച് വർഷമായി ഈ സംഘടനയുമായി ബന്ധപ്പെട്ട് നടന്ന എല്ലാ പണമിടപാടുകളും സംബന്ധിച്ച് വരവ് ചെലവ് ഓഡിറ്റ് നടത്തണമെന്നും, ഇതുമായി ബന്ധപ്പെട്ട എല്ലാ അന്വേഷണവുമായും താൻ സഹകരിക്കാൻ തയ്യാറാണെന്നും എസ് കൃഷ്ണകുമാർ വ്യക്തമാക്കി. 

സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് ദില്ലി ആസ്ഥാനമായി പ്രവർത്തിക്കുന്ന എച്ച്ആർഡിഎസ് എന്ന സന്നദ്ധസംഘടനയിൽ സിഎസ്ആർ ഡയറക്ടറായി വെള്ളിയാഴ്ച രാവിലെയാണ് ജോലിയിൽ പ്രവേശിച്ചത്. സ്വകാര്യ എൻജിഒയുടെ തൊടുപുഴ ഓഫീസിലെത്തിയാണ് സ്വപ്ന ജോയിൻ ചെയ്തത്. പാലക്കാട് അട്ടപ്പാടിയിൽ അടക്കം ആദിവാസി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എച്ച്ആർഡിഎസിനായി വിദേശ കമ്പനികളിൽ നിന്ന് കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി ഫണ്ട് കണ്ടെത്തി നൽകുന്നതാണ് സ്വപ്ന സുരേഷിന്‍റെ ജോലി. 

ഈ മാസം പതിനൊന്നാം തീയതിയാണ് പാലക്കാട് ആസ്ഥാനമായി പ്രവർത്തിക്കുന്നവ എച്ച്ആർഡിഎസ് എന്ന എൻജിഒയിൽ സിഎസ്ആർ ഡയറക്ടറായി സ്വപ്ന സുരേഷിന് നിയമന ഉത്തരവ് നൽകിയത്. പ്രതിമാസശമ്പളം നാൽപ്പത്തിമൂവായിരം രൂപയാണ്. 

വിദേശത്തും ഇന്ത്യയിലുമുള്ള കമ്പനികളിൽ നിന്നടക്കം വിവിധ പദ്ധതികള്‍ക്കായി കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സബിലിറ്റി ഫണ്ട് കണ്ടെത്തി നല്‍കുക, വിദേശ സഹായം ലഭിക്കുവാന്‍ പ്രവര്‍ത്തിക്കുക എന്നിവയാണ് സ്വപ്നയുടെ പ്രധാനചുമതല. ചുമതലകള്‍ നിര്‍വ്വഹിക്കുന്നത് വിലയിരുത്തി ശമ്പള ഇനത്തിൽ വര്‍ധനവ് നല്‍കുമെന്ന് നിയമന ഉത്തരവ് പറയുന്നു. 

ആദിവാസി വിഭാഗത്തില്‍ പെട്ടവര്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കുന്ന 'സദ്ഗൃഹ' എന്ന പദ്ധതിയിലേക്ക് അടക്കമാണ് സ്വപ്ന ഫണ്ട് കണ്ടെത്തേണ്ടത്. ജാമ്യത്തിലിറങ്ങിയശേഷം ജോലിയില്ലാത്തതിനാല്‍ കടുത്ത പ്രതിസന്ധിയിലാണെന്ന് സ്വപ്ന വ്യക്തമാക്കിയിരുന്നു. ഇതോടെയാണ്  സ്വപ്നയ്ക്ക് ജോലി നല്‍കാന്‍ എച്ച്ആര്‍ഡിഎസ് തയാറായതെന്ന് ചീഫ് പ്രൊജക്ട് കോഡിനേറ്റര്‍ ജോയ് മാത്യു പറഞ്ഞു.

ഈമാസം പന്ത്രണ്ടാം തീയതി ജോലിയില്‍ പ്രവേശിക്കണമെന്നാണ് നിയമന ഉത്തരവില്‍ പറഞ്ഞിരുന്നത്. ഇഡി ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട് പോകേണ്ടതിനാല്‍ ജോലിയേറ്റെടുക്കാന്‍ സമയം വേണമെന്ന സ്വപ്നയുടെ അഭ്യര്‍ഥന എച്ച്ആര്‍ഡിഎസ് അംഗീകരിച്ചു. ഇതേത്തുടർന്നാണ് 18-ാം തീയതി എത്തി ജോലിയിൽ പ്രവേശിച്ചത്. 
 

click me!