'വാഹനത്തിന് സൈഡ് കൊടുത്തതല്ല, കലുങ്കിൽ ഇടിച്ചു മറിയുകയായിരുന്നു'; അപകടത്തിൽ പരിക്കേറ്റ യാത്രക്കാരി

By Web Team  |  First Published Oct 8, 2024, 3:13 PM IST

കെഎസ്ആർടിസി ബസ് കലുങ്കിൽ ഇടിച്ചുമറിയുകയായിരുന്നു. അപകടത്തിൽ ഒരാൾ മരിച്ചതായാണ് വിവരം. 15ലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. നിലവിൽ ബസ് ഉയർത്താനുള്ള ശ്രമങ്ങൾ നടത്തിവരികയാണ്. 


കോഴിക്കോട്: ആനക്കാംപൊയിൽ നിന്നും തിരുവമ്പാടിയിലേക്ക് വരികയായിരുന്ന ബസ് കാളിയമ്പലം എത്തുന്നതിനു മുമ്പുള്ള കലുങ്കിൽ ഇടിച്ച് മറിയുകയായിരുന്നുവെന്ന് അപകടത്തിൽ പരിക്കേറ്റ യാത്രക്കാരി. വണ്ടിക്ക് സൈഡ് കൊടുത്തതല്ല. മറ്റു വാഹനങ്ങളൊന്നും ആ നേരത്ത് വന്നിരുന്നില്ല. റോഡിന് വശത്തുള്ള കലുങ്കിൽ തട്ടിയാണ് ബസ് മറിഞ്ഞത്. ബസ്സിൽ എല്ലാ സീറ്റിലും ആളുണ്ടായിരുന്നുവെന്നും യാത്രക്കാരി പറഞ്ഞു. നിലവിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് യാത്രക്കാരി. പരിക്ക് ഗുരുതരമല്ല. കോഴിക്കോട് തിരുവമ്പാടി പുല്ലൂരാംപാറയ്ക്ക് സമീപം കാളിയമ്പുഴയിലേക്കാണ് ബസ് മറിഞ്ഞത്. അപകടത്തിൽ ഒരാൾ മരിച്ചു. നിരവധി പേരാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഇതിൽ 3 പേരുടെ നില ഗുരുതരമാണ്. 

അതേസമയം, നിലവിൽ തിരുവമ്പാടി ലിസ ആശുപത്രിയിൽ 15പേരാണ് ചികിത്സയിലുള്ളത്. 15 പേരുടെയും നില തൃപ്തികരമാണ്. കെഎംസിടി മെഡിക്കൽ കോളേജിൽ പരിക്കേറ്റ രണ്ടു പേരെ എത്തിച്ചിട്ടുണ്ട്. ശ്രീധരൻ, ഏലിയമ്മ എന്നിവരാണ് കെഎംസിടിയിൽ ചികിത്സയിലുള്ളത്. ഗുരുതരാവസ്ഥയിലുള്ള മൂന്നു പേരെ മെഡി.കോളജിലേക്ക് മാറ്റിയെന്ന് ആശുപത്രി അധികൃത൪ അറിയിച്ചു. 

Latest Videos

undefined

ബസിലുണ്ടായിരുന്ന കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്കും ഡ്രൈവര്‍ക്കും മറ്റു യാത്രക്കാര്‍ക്കുമാണ് പരിക്കേറ്റത്. ബസ് റോഡിൽ നിന്ന് നിയന്ത്രണം വിട്ട് പുഴയിലേക്ക് കീഴ്മേൽ മറിയുകയായിരുന്നു. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടം ഉണ്ടായത്. പുഴയോട് ചേര്‍ന്ന് കീഴ്മേൽ മറിഞ്ഞ നിലയിലാണ് കെഎസ്ആര്‍ടിസി ബസ്. കൈവരികളോ സുരക്ഷാ ബാരിക്കേഡുകളോ ഇല്ലാത്ത പാലത്തിൽ നിന്നാണ് ബസ് പുഴയിലേക്ക് മറിഞ്ഞതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. പാലത്തിനോട് ചേര്‍ന്നുള്ള കലുങ്കിൽ ഇടിച്ച് ബസ് നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിയുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.

അപകടം നടന്ന ഉടനെ തന്നെ ബസിലുണ്ടായിരുന്ന മുഴുവൻ പേരെയും പുറത്തെത്തിച്ചു. നാട്ടുകാരും പൊലീസും ഫയര്‍ഫോഴ്സും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. നാലോളം പേരെ പുഴയിൽ നിന്നാണ് രക്ഷപ്പെടുത്തിയത്. ബസിന്‍റെ മുൻഭാഗത്തിനും പുഴയ്ക്കും ഇടയില്‍ കുടുങ്ങിയവരെ ഏറെ ശ്രമകരമായാണ് പുറത്തെടുത്തത്. ഹൈഡ്രാളിക് കട്ടര്‍ ഉള്‍പ്പെടെ ഉപയോഗിച്ച് ബസിന്‍റെ ഭാഗങ്ങള്‍ നീക്കിയശേഷമാണ് ചിലരെ പുറത്തെടുത്തത്. പുഴയിലേക്ക് വീണ ബസ് ക്രെയിൻ ഉപയോഗിച്ച് പുറത്തേക്ക് കയറ്റാനാണ് ശ്രമം. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മുത്തപ്പൻ പുഴയിൽ നിന്ന് തിരുവമ്പാടിയിലേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസിയുടെ ഓര്‍ഡിനറി ബസാണ് അപകടത്തിൽപ്പെട്ടത്. 40ഓളം പേരാണ് ബസിലുണ്ടായിരുന്നതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ബസില്‍ ഒരാള്‍ കുടുങ്ങി കിടക്കുന്നുവെന്ന സംശയത്തെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കും തിരുവമ്പാടിയിലെയും മുക്കത്തെയും ആശുപത്രികളിലേക്കുമാണ് കൊണ്ടുപോയത്. 

തിരുവമ്പാടിയിൽ കെഎസ്ആര്‍ടിസി ബസ് പുഴയിലേക്ക് മറിഞ്ഞ് അപകടം; ഒരു സ്ത്രീ മരിച്ചു, പുഴയില്‍ തെരച്ചിൽ തുടരുന്നു

https://www.youtube.com/watch?v=Ko18SgceYX8

click me!