'എൽദോസ് കുന്നപ്പിള്ളി തെറ്റുകാരൻ എന്ന് കണ്ടെത്തിയാൽ പാർട്ടിയിൽ നിന്ന് പുറത്താക്കും': കെ സുധാകരന്‍

By Web Team  |  First Published Oct 12, 2022, 3:52 PM IST

എൽദോസ് കുന്നപ്പിള്ളിയോട് പാർട്ടി വിശദീകരണം ചോദിച്ചിട്ടുണ്ട്.കേസിനെ ആസ്പദമാക്കി നടപടി സ്വീകരിക്കുമെന്നും കെപിസിസി പ്രസിഡണ്ട്.


തിരുവനന്തപുരം: പീഡനക്കേസില്‍ ആരോപണവിധേയനായ എല്‍ദോസ് കുന്നപ്പിള്ളിയോട് പാര്‍ട്ടി വിശദീകരണം തേടിയിട്ടുണ്ടെന്ന് കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്‍ വ്യക്തമാക്കി.കേസിനെ ആസ്പദമാക്കി നടപടി സ്വീകരിക്കും.തെറ്റുകാരൻ എന്ന് കണ്ടെത്തിയാൽ പാർട്ടിയിൽ നിന്ന് പുറത്താക്കുമെന്നും അദ്ദേഹം പറഞ്ഞു. എൽദോസ് കുന്നപ്പിള്ളിൽ വിവാഹ വാഗ്ദാനം നൽകി നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് തിരുവനന്തപുരത്തെ സ്‍കൂള്‍ അധ്യാപികയായ ആലുവ സ്വദേശിനിയുടെ പരാതി. കേസ്  തീർപ്പാക്കാൻ പണം വാഗ്ദാനം ചെയ്തെന്നും കോവളം പൊലീസ് കേസെടുക്കാതെ ഒത്തുതീർപ്പിന് ശ്രമിച്ചെന്നും യുവതി മജിസ്ട്രേറ്റിന് നൽകിയ മൊഴിയിൽ ആരോപിക്കുന്നു. എംഎൽഎക്കെതിരെ ജാമ്യമില്ലാ വകുപ്പിൽ പൊലീസ്  കേസെടുത്തിട്ടുണ്ട്..

എൽദോസ് കുന്നപ്പിള്ളിക്കെതിരെ ഗുരുതര ആക്ഷേപവുമായി പരാതിക്കാരി ഇന്ന് രംഗത്തെത്തി.മജിസ്ട്രേറ്റിന് നൽകിയ മൊഴിയിൽ കേസെടുത്ത ശേഷം കൂടുതൽ കാര്യങ്ങള്‍ പുറത്തു പറയുമെന്നും യുവതി പറയുന്നു. എൽദോസിൻെറ മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി ശനിയാഴ്ച പരിഗണിക്കും.തിരുവനന്തപുരം സെഷൻസ് കോടതിയിൽ നൽകിയ അപേക്ഷ ഇന്ന് അഡീഷനൽ സെഷൻസ് കോടതിയിലേക്ക് മാറ്റി. യുവതി പരാതിയിൽ ഉന്നയിച്ച ആരോപണങ്ങൾ തള്ളിക്കൊണ്ടാണ് ഹർജി. പിആർ ഏജൻസിയിലെ ജീവനക്കാരി എന്ന നിലയിലാണ് പരിചയപ്പെട്ടതെന്നും തൻറെ ഫോൺ യുവതി മോഷ്ടിച്ചുവെന്നും അപേക്ഷയിൽ പറയുന്നുണ്ട്.

Latest Videos

കേസിൻെറ അന്വേഷണം ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറി. പരാതി പിൻവലിക്കാൻ എംഎൽഎ 30 ലക്ഷം രൂപ വാദ്ഗാനം ചെയ്തെന്നും ഒത്തുതീര്‍പ്പിന് പൊലീസ് ഇടപെടൽ ഉണ്ടായപ്പോഴാണ് ഒളിവിൽ പോയതെന്നുമാണ് യുവതിയുടെ വെളിപ്പെടുത്തൽ. 

എംഎല്‍എക്ക് വേണ്ടി യുവതിയെ ഫോണിലൂടെ ഭീഷണിപ്പെടുത്തി, 2 പേര്‍ക്കെതിരെയും കേസ്

എൽദോസ് കുന്നപ്പിള്ളില്‍ എംഎൽഎക്കെതിരെ ഉയര്‍ന്ന പീഡന പരാതിയില്‍ നിലപാട് വ്യക്തമാക്കി സിപിഎം. എംഎല്‍എക്കെതിരെ ഉയര്‍ന്ന ആരോപണത്തിൽ ധാര്‍മ്മിക പ്രശ്നം കൂടിയുണ്ട്. കോൺഗ്രസ് അതിന്‍റെ ധാർമ്മികത അനുസരിച്ച്  തീരുമാനം എടുക്കട്ടേയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. പരാതിയിൽ ശക്തമായ അന്വേഷണം വേണമെന്നാണ് സിപിഎം നിലപാടെന്നും അദ്ദേഹം തിരുവനന്തപുരത്ത് വ്യക്തമാക്കി

click me!