മാതാപിതാക്കളുടെ ഏക മകൻ, ആദ്യമായി ഹോസ്റ്റലിൽ, ഓ‍ർക്കാപ്പുറത്ത് വാഹനാപകടം; ശ്രീദിപ് വത്സൻ ഇനി കണ്ണീരോർമ്മ

By Web Team  |  First Published Dec 3, 2024, 8:31 PM IST

അരമണിക്കൂർ നീണ്ട വീട്ടിലെ പൊതുദർശനത്തിൽ ജനപ്രതിനിധികൾ, അധ്യാപകർ, സഹപാഠികൾ, നാട്ടുകാർ ഉൾപ്പെടെ നിരവധിയാളുകൾ അന്തിമോപചാരം അ൪പ്പിച്ചു.


ആലപ്പുഴ: കളർകോട് വാഹനാപകടത്തിൽ മരിച്ച ശ്രീദിപ് വത്സൻ ഇനി കണ്ണീരോർമ്മ. വൈകീട്ട് അഞ്ചോടെയാണ് പാലക്കാട് ശേഖരീപുരം ശ്രീവിഹാർ വീട്ടിൽ മൃതദേഹം എത്തിച്ചത്. ഏക മകനെ അവസാനമായി ഒരു നോക്ക് കാണാൻ അമ്മയും അച്ഛനും എത്തിയപ്പോൾ കണ്ടുനിന്നവരുടെ ഉള്ളുലഞ്ഞു. സഹപാഠികളും ശ്രീദിപുമായി അടുത്ത ബന്ധമുള്ളവരും ഉൾപ്പെടെ അന്തിമോപചാരമർപ്പിക്കാനെത്തിയവരെല്ലാം വിങ്ങിപ്പൊട്ടി. 

20 വയസ് വരെ വീടുമായി ഇടപഴകിയിരുന്ന ശ്രീദിപ് ആദ്യമായാണ് വീട് വിട്ട് ഹോസ്റ്റലിൽ എത്തിയത്. ഇന്നലെ രാത്രിയായിരുന്നു വീട്ടിലേക്കുള്ള അവസാന കോൾ. സംസ്ഥാന ഹർഡിൽസ് താരം കൂടിയായ ശ്രീദിപ് രണ്ടാം ശ്രമത്തിലാണ് മെറിറ്റിൽ വണ്ടാനം മെഡിക്കൽ കോളജിൽ എംബിബിഎസിന് പ്രവേശനം നേടിയത്. അരമണിക്കൂർ നീണ്ട വീട്ടിലെ പൊതുദർശനത്തിൽ ജനപ്രതിനിധികൾ, അധ്യാപകർ, സഹപാഠികൾ, നാട്ടുകാർ ഉൾപ്പെടെ നൂറുകണക്കിനു പേർ അന്തിമോപചാരം അ൪പ്പിച്ചു. വീട്ടിലെ ചടങ്ങുകൾക്ക് ശേഷം ചന്ദ്രനഗറിലെ വൈദ്യുത ശ്മാശനത്തിൽ മൃതദേഹമെത്തിച്ചു. സംസ്‌കാര ചടങ്ങുകൾ ചന്ദ്രനഗർ ശ്‌മശാനത്തിൽ പൂർത്തിയായി.

Latest Videos

ഇന്നലെ രാത്രിയായിരുന്നു നാടിനെയാകെ ഞെട്ടിച്ച ദാരുണമായ വാഹനാപകടം നടന്നത്. പാലക്കാട് സ്വദേശി ശ്രീദേവ് വത്സൻ, മലപ്പുറം കോട്ടക്കൽ സ്വദേശി ദേവനന്ദൻ, കണ്ണൂർ സ്വദേശി മുഹമ്മദ് അബ്ദുൽ ജബ്ബാർ, ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിം, കോട്ടയം സ്വദേശി ആയുഷ് ഷാജി എന്നിവരാണ് അപകടത്തില്‍ മരിച്ചത്. ഇവർ അഞ്ച് പേരും രണ്ട് മാസം മുമ്പാണ് ആലപ്പുഴ മെഡിക്കൽ കോളേജിൽ എംബിബിഎസിന് ചേര്‍ന്നത്. 

ആലപ്പുഴയിലേക്ക് സിനിമയ്ക്ക് പോകുന്ന വഴി ഇവർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം തെറ്റി എതിരെ വന്ന കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കാർ വെട്ടിപ്പൊളിച്ചാണ് വിദ്യാർത്ഥികളെ പുറത്ത് എടുത്തത്. അപകടം നടക്കുമ്പോൾ കാറിൽ 11 പേരുണ്ടായിരുന്നു. കാറിലുണ്ടായിരുന്ന മറ്റ് ആറ് പേർ ചികിത്സയിലാണ്. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. ബസ് യാത്രക്കാരായ രണ്ട് സ്ത്രീകളും പരിക്കേറ്റ് ചികിത്സയിലാണ്. സംഭവത്തില്‍ കെഎസ്ആര്‍ടിസി ഡ്രൈവറെ പ്രതിയാക്കി എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആദ്യ വിവരപ്രകാരമാണ് എഫ്ഐആര്‍ രജിസ്റ്റർ ചെയ്തിരിക്കുന്നത്. 

READ MORE: അപ്രതീക്ഷിത മഴയിൽ പാടങ്ങൾ മുങ്ങി; കൊയ്ത് കൂട്ടിയ നെല്‍കറ്റകൾ വെള്ളത്തിലായി, വയനാട്ടിലെ കര്‍ഷകര്‍ ദുരിതത്തിൽ

click me!