കളമശ്ശേരിയിലേത് രാജ്യത്തിന്‍റെ അഖണ്ഡതക്കും സുരക്ഷയ്ക്കും ഭീഷണിയായ സ്ഫോടനം: പൊലീസ് എഫ്ഐആര്‍

By Web Team  |  First Published Oct 29, 2023, 7:42 PM IST

ഡൊമിനിക് മാര്‍ട്ടിനാണ് പ്രതിയെന്ന് സ്ഥിരീകരിക്കുന്നതിന് മുമ്പ് രജിസ്റ്റര്‍ ചെയ്ത് എഫ്.ഐ.ആറിലാണ് പൊലീസ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.യുഎപിഎയും സ്ഫോടക വസ്തു നിയമപ്രകാരമുള്ള കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്.


കൊച്ചി: കളമശ്ശേരിയില്‍ നടന്നത് രാജ്യത്തിന്‍റെ അഖണ്ഡതയക്കും സുരക്ഷയും ഭീഷണി ആയ സ്ഫോടനം എന്ന് പൊലീസ് എഫ് ഐ ആർ. ജനങ്ങളെ കൊലപ്പെടുത്തുകയും പരിക്കേൽപ്പിക്കുകയും ആയിരുന്നു പ്രതികളുടെ ലക്ഷ്യമെന്നും സ്ഫോടനം നടന്നത് 9.35നാണെന്നും എഫ്.ഐ.ആറിലുണ്ട്.എഫ്ഐആറിന്‍റെ പകര്‍പ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. ഡൊമിനിക് മാര്‍ട്ടിനാണ് പ്രതിയെന്ന് സ്ഥിരീകരിക്കുന്നതിന് മുമ്പ് രജിസ്റ്റര്‍ ചെയ്ത് എഫ്.ഐ.ആറിലാണ് പൊലീസ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. അതിനാല്‍ തന്നെ സ്ഫോടനം നടത്തിയത് ഒന്നിലധികം പ്രതികളായിരിക്കാമെന്ന തരത്തിലാണ് എഫ്ഐആര്‍. പ്രതികള്‍ക്കെതിരെ യുഎപിഎയും സ്ഫോടക വസ്തു നിയമപ്രകാരമുള്ള കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്.

രാജ്യത്തെ ജനങ്ങളെ ഭയപ്പെടുത്തുക, കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് സ്ഫോടം നടത്തിയതെന്നാണ് എഫ്ഐആറില്‍ പറയുന്നത്. ഒരു പ്രത്യേക സമൂഹത്തിനുനേരെ അവരെ ആക്രമിക്കുകയെന്ന ലക്ഷ്യത്തോടെ നടത്തിയ സ്ഫോടനമാണ് കളമശ്ശേരിയിലേതെന്നും തീവ്രവാദ സ്വഭാവത്തോടെയുള്ളതാണന്നും രാജ്യത്തിന് ഭീഷണിയാകുന്നതാണെന്നും എഫ്ഐആറിലുണ്ട്. ഇതിനാല്‍ തന്നെ കൊലപാതകം, വധശ്രമം, സ്ഫോടക വസ്തുനിയമപ്രകാരമുള്ള വകുപ്പുകള്‍ ഉള്‍പ്പെടെ ചേര്‍ത്തിനൊപ്പം യുഎപിഎ കുറ്റവും ചുമത്തുകയായിരുന്നു.

Latest Videos

തീവ്രവാദ സ്വഭാവത്തോടെയുള്ള സ്ഫോടനമായതിനാല്‍ തന്നെ നിലവില്‍ എന്‍ഐഎ ഉള്‍പ്പെടെ ഇക്കാര്യങ്ങള്‍ പരിശോധിക്കുന്നുണ്ട്. ദില്ലിയില്‍നിന്നുള്ള എന്‍ഐഎ സംഘം എത്തിയശേഷം അന്വേഷണം ഏറ്റെടുക്കുന്നത് സംബന്ധിച്ച കാര്യങ്ങള്‍ ഉള്‍പ്പെടെ തീരുമാനിച്ചേക്കും. അതിനിടെ കൊല്ലപ്പെട്ട സ്ത്രീയാരെന്ന് തിരിച്ചറിഞ്ഞിട്ടില്ല. സ്ത്രീയെക്കുറിച്ചുള്ള അന്വേഷണം നടക്കുകയാണ്. ഇവരെക്കുറിച്ചുള്ള കൃത്യമായ വിവരവും ഇതുവരെ ലഭ്യമായിട്ടില്ല. 

കളമശ്ശേരിയില്‍ സ്ഫോടനം നടത്തിയത് ഡൊമിനിക് മാര്‍ട്ടിന്‍ തന്നെയെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു. രാവിലെ സ്ഥലത്തെത്തി ബോംബ് വെച്ച് റിമോട്ട് ഉപയോഗിച്ച് ട്രിഗര്‍ ചെയ്യുന്ന ദൃശ്യങ്ങള്‍ ഇയാളുടെ മൊബൈലില്‍ നിന്നും ലഭിച്ചു. ഇന്‍റര്‍നെറ്റ് മുഖേനയാണ് ഇയാള്‍ ഐഇഡി സ്ഫോടനം പഠിച്ചത്. സ്ഫോടനം നടത്തിയത് താനാണെന്ന് അവകാശപ്പെട്ട് എറണാകുളം തമ്മനം സ്വദേശി ഡൊമിനിക് മാര്‍ട്ടിന്‍ നേരത്തെ കൊടകര പൊലീസില്‍ കീഴടങ്ങിയിരുന്നു. തുടര്‍ന്ന് ഇയാളെ വിശദമായി ചോദ്യം ചെയ്തതിനുശേഷമാണ് ഇയാള്‍ തന്നെയാണ് പ്രതിയെന്ന് സ്ഥിരീകരിച്ചത്. ഇയാള്‍ നല്‍കിയ തെളിവുകള്‍ ഉള്‍പ്പെടെ പരിശോധിച്ചശേഷമാണ് ഉന്നത ഉദ്യോഗസ്ഥര്‍ തന്നെ പ്രതി ഡൊമിനിക് മാര്‍ട്ടിനാണെന്ന് സ്ഥിരീകരിച്ചത്. ഡൊമിനിക് മാര്‍ട്ടിന്‍റെ വെളിപ്പെടുത്തല്‍ ശരിയാണെന്ന് പൊലീസ് അന്വേഷണത്തില്‍ ബോധ്യപ്പെടുകയായിരുന്നു. സ്ഫോടനം നടത്തിയത് യഹോവ സാക്ഷികളോടുള്ള എതിര്‍പ്പുമൂലമാണെന്നും 16 വര്‍ഷമായി യഹോവ സാക്ഷികളില്‍ അംഗമാണെന്നും ഡൊമിനിക് അവകാശപ്പെട്ടിരുന്നു. യഹോവ സാക്ഷികളോടുള്ള എതിര്‍പ്പ് മൂലമാണ് സ്ഫോടനം നടത്തിയതെന്നും അന്വേഷണത്തില്‍ വ്യക്തമായതായാണ് വിവരം. ഇയാള്‍ക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടെയെന്ന കാര്യങ്ങള്‍ ഉള്‍പ്പെടെ പൊലീസ് പരിശോധിച്ചുവരുകയാണ്.

കളമശ്ശേരിയില്‍ സ്ഫോടനം നടത്തിയത് ഡൊമിനിക് മാര്‍ട്ടിന്‍ തന്നെയെന്ന് സ്ഥിരീകരിച്ച് പൊലീസ്

'സ്ഫോടനം നടത്തിയത് ഞാൻ, യഹോവ സാക്ഷികളോടുള്ള‍ എതിർപ്പ് മൂലം'; കീഴടങ്ങിയ ഡൊമിനിക് മാർട്ടിന്‍റെ വീഡിയോ പുറത്ത്

 

click me!