ലോകായുക്ത ഭേദഗതി:ഇടതുമുന്നണിയുടെ അഴിമതി വിരുദ്ധ നിലപാടുകൾ എവിടെ വരെ?സിപിഎമ്മിന് കീഴടങ്ങിയ സിപിഐക്കും വിമർശനം

By Web Team  |  First Published Aug 23, 2022, 5:52 AM IST

മറ്റൊരു സംസ്ഥാനത്തുമില്ലാത്ത ഒരു അധികാരം എടുത്ത് കളയുക മാത്രമാണെന്നാണ് സര്‍ക്കാര്‍ നിലപാട്


തിരുവനന്തപുരം : വിവാദമായ ലോകായുക്ത ബില്‍ നിയമസഭയിലവതരിപ്പിക്കുമ്പോള്‍ സി പി എമ്മിന്‍റെയും സി പി ഐയുടെയും അഴിമതി വിരുദ്ധ നിലപാടുകള്‍ ചോദ്യം ചെയ്യപ്പെടുന്നത് കൂടിയായി അത് മാറും.സി പി എം പറയുന്നത് പോലെ നിന്ന് കൊടുക്കാനാകില്ലെന്ന് വീരവാദം മുഴക്കിയ സി പി ഐ നേതൃത്വവും ഒടുവില്‍ സി പി എമ്മിന് കീഴടങ്ങുകയാണ്.മറ്റൊരു സംസ്ഥാനത്തുമില്ലാത്ത ഒരു അധികാരം എടുത്ത് കളയുക മാത്രമാണെന്നാണ് സര്‍ക്കാര്‍ നിലപാട്.

ലോകായുക്തയുടെ അധികാരം എടുത്ത്കളയുന്ന ഓര്‍ഡിന്‍സ് സര്‍ക്കാര്‍ പാസാക്കിയപ്പോള്‍ തങ്ങളൊന്നുമറിഞ്ഞില്ലെന്ന് പറഞ്ഞ് കടുത്ത നിലപാട് സ്വീകരിച്ച സി പി ഐ ഒടുവില്‍ സി പി എമ്മിന് വഴങ്ങി.സി പി ഐ നേതാവ് ഇ ചന്ദ്രശേഖരന്‍ നായര്‍ നിയമ മന്ത്രിയായിരിക്കെ കൊണ്ട് വന്ന ലോകായുക്ത നിയമം ഏകപക്ഷീയമായി റദ്ദാക്കാനാകില്ലെന്നായിരുന്നു സി പി ഐ നിലപാട്.റവന്യൂ മന്ത്രിയെ കൂടി അപ്പീല്‍ അധികാരിായായി നിയമിച്ച് പുതിയ സമിതി ഉണ്ടാക്കണമെന്ന നിര്‍ദ്ദേശം സി പി ഐ മുന്നോട്ട് വച്ചെങ്കിലും നിയമപരമായ തടസമുണ്ടെന്ന് മുഖ്യമന്ത്രി തന്നെ ഉഭയകക്ഷി ചര്‍ച്ചയില്‍ സി പി ഐ നേതാക്കളെ അറിയിച്ചു.

Latest Videos

undefined

എം എല്‍ എമാര്‍ക്കെതിരെ ലോകായുക്ത വിധി വന്നാല്‍ സ്പീക്കറും, മന്ത്രിമാര്‍ക്കതിരെ വന്നാല്‍ മുഖ്യമന്ത്രിയും ,മുഖ്യമന്ത്രിക്കെതിരെ വന്നാല്‍ നിയമസഭയും വിഷയം പരിശോധിക്കുമെന്നാണ് പുതിയ നിയമം.ലോകായുക്തയുടെ ചിറകരിയുന്ന പുതിയ നിയമം വരുമ്പോള്‍ സി പി മ്മിന്‍റെയും സി പി ഐയുടെയും ഇത് വരെയുള്ള അഴിതി വിരുദ്ധ നിലപാടുകള്‍ ചോദ്യം ചെയ്യപ്പെടും.

തങ്ങള്‍ക്കിതില്‍ പങ്കില്ലെന്ന് ഇത് വരെ പറഞ്ഞ് നിന്നിരുന്ന സി പി ഐ നേതൃത്വവും ഇനിമുതല്‍ പഴികേള്‍ക്കേണ്ടി വരും.സി പി എമ്മിന് മുന്നില്‍ ഒരിക്കല്‍ കൂടി കീഴടങ്ങിയെന്ന പരാതി സി പി ഐ നേതൃത്വത്തിനെതിരെ പാര്‍ട്ടിയില്‍ നിന്ന് തന്നെയുണ്ടാകും.അപ്പീല്‍ അധികാരമില്ലാതെ ലോകായുക്ത വിധി നടപ്പാക്കേണ്ടി വരുന്ന സാഹചര്യം മറ്റൊരു സംസ്ഥാനത്തുമില്ലെന്നും ഇടത് സര്‍ക്കാരിന് തന്നെയുണ്ടായ ഒരു കൈത്തെറ്റ് മാറ്റുകയാണെന്നുമാണ് സര്‍ക്കാര്‍ വാദം.മുഖ്യമന്ത്രിയും നിയമ മന്ത്രിയുമടക്കമുള്ളവര്‍ പുതിയ നിയമത്തെ കുറിച്ച് എന്ത് പറയുന്നു, സി പി ഐ നേതൃത്വത്തിന്റെ നിലപാടെന്തായിരിക്കും, ഗവര്‍ണര്‍ സ്വീകരിക്കാന്‍ പോകുന്ന നിലപാടെന്ത് ഇതെല്ലാമാണ് ഇനിയറിയേണ്ടത്.

click me!