മൂന്ന് പൊലീസ് വാഹനങ്ങളുടെ ചില്ല് അടിച്ചുതകര്‍ത്തു. കന്‍റോണ്‍മെന്‍റ് എസ്ഐ ഉള്‍പ്പടെ എട്ട് പൊലീസുകാര്‍ക്കും നിരവധി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു.
തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ യൂത്ത് കോൺഗ്രസ് നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ പ്രവർത്തകരും പൊലീസും തമ്മിലുണ്ടായ സംഘർഷത്തിന് അയവ്. സെക്രട്ടറിയേറ്റിന് മുന്നിൽ ആരംഭിച്ച സമരം പ്രവർത്തകരും പൊലീസും തമ്മിലുളള വൻ സംഘർഷത്തിലേക്ക് എത്തിയിരുന്നു. രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെയുള്ള നേതാക്കൾക്കും പ്രവർത്തകർക്കും പരിക്കേറ്റു. തുടർന്ന് ഉച്ചക്ക് ശേഷം ഡിസിസി ഓഫീസിന് മുന്നിലും സംഘർഷാവസ്ഥ നിലനിന്നിരുന്നു. വൻ പൊലീസ് സന്നാഹത്തെയാണ് ഇവിടെ വിന്യസിച്ചിരുന്നത്. പിരിഞ്ഞു പോകാൻ കൂട്ടാക്കാതെ നഗരത്തിന്റെ പലയിടങ്ങളിലും പ്രവർത്തകർ സംഘടിച്ച് നിന്നിരുന്ന സാഹചര്യമാണ് ഉണ്ടായിരുന്നത്.
യൂത്ത് കോണ്‍ഗ്രസിന്‍റെ സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ തലസ്ഥാനം യുദ്ധക്കളമായി. മൂന്ന് പൊലീസ് വാഹനങ്ങളുടെ ചില്ല് അടിച്ചുതകര്‍ത്തു. കന്‍റോണ്‍മെന്‍റ് എസ്ഐ ഉള്‍പ്പടെ എട്ട് പൊലീസുകാര്‍ക്കും നിരവധി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. അക്രമസംഭവങ്ങളുടെ പേരില്‍ ഇരുപത്തി രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. ഡിസിസി ഓഫിസില്‍ കയറി പ്രവര്‍ത്തകരെ അറസ്റ്റുചെയ്യാനുള്ള നീക്കം പ്രതിപക്ഷനേതാവിന്‍റെ നേതൃത്വത്തില്‍ തടഞ്ഞു. പ്രതിപക്ഷനേതാവായിരുന്നു മാർച്ച് നയിച്ചത്.
നാല് മണിക്കൂര്‍ നീണ്ട സംഘര്‍ഷത്തിൽ പൊലീസ് പരമാവധി സംയമനം പാലിച്ചിട്ടും യൂത്ത് കോണ്‍ഗ്രസുകാര്‍ അടങ്ങിയില്ല. കല്ലും വടികളും ചെരുപ്പുമെറിഞ്ഞ് പ്രകോപിപ്പിച്ചു. അഞ്ചുതവണ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയില്ല. നോര്‍ത്ത് ഗേറ്റില്‍ പൊലീസുമായി ഉന്തും തള്ളും നടക്കുകയും മതിലുകടന്ന് സെക്രട്ടറിയേറ്റിലേക്ക് പ്രവേശിക്കാന്‍ വനിതാപ്രവര്‍ത്തകര്‍ ഉള്‍പ്പടെ ശ്രമിക്കുകയും ചെയ്തു. പൊലീസ് പ്രതിരോധിച്ചപ്പോള്‍ വലിയ വടികളെടുത്ത് പൊലീസിന് നേരെ അടിച്ചു. രണ്ടു പൊലീസുകാരുടെ കയ്യിലുണ്ടായിരുന്ന ഷീല്‍ഡ് തല്ലിപ്പൊട്ടിച്ചു. പിന്നീട് ലാത്തിവീശിയതോടെ പ്രവര്‍ത്തകര്‍ ചിതറിയോടി.
കല്ലെറിഞ്ഞ പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തതോടെ, ബസില്‍നിന്ന് അവരെ നേതാക്കള്‍ ഇടപെട്ട് വലിച്ചിറക്കി. വനിതാ പ്രവര്‍ത്തകരുടെ വസ്ത്രം വലിച്ചുകീറിയെന്നാരോപിച്ച് മറുവശത്ത് വീണ്ടും സംഘര്‍ഷമുണ്ടായി. തൊട്ടടുത്ത ബില്‍ഡിങ്ങില്‍ നിന്ന് പൊലീസിനുനേരെ കല്ലേറുണ്ടായതോടെ കടകള്‍ കയറിയായി പൊലീസിന്‍റെ തിരച്ചില്‍. അക്രമത്തിനിടെ സംസ്ഥാന പ്രസിഡന്‍റ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ക്കും പരിക്കേറ്റു.
കന്‍റോണ്‍മെന്‍റ് എസ്ഐ ദില്‍ജിത്തിന് കല്ലേറുകൊണ്ടു. ഇരുപത് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പിന്നീട് ഡിസിസി ഓഫിസിലേക്ക് മടങ്ങിയ പ്രവര്‍ത്തകര്‍ക്ക് പിന്നാലെ പൊലീസും നീങ്ങി. കസ്റ്റഡിയിലെടുത്ത രണ്ടുപ്രവര്‍ത്തകരെ പൊലീസ് വാഹനത്തില്‍നിന്ന് ബലമായി യൂത്ത് കോണ്‍ഗ്രസുകാര്‍ പിടിച്ചിറക്കി. പ്രകോപിതരായ പൊലീസ് ഡിസിസി ഓഫിസിലേക്ക് കയറി. ഈ സമയത്ത് ഓഫിസിലെത്തിയ പ്രതിപക്ഷനേതാവ് ഉള്‍പ്പടെ പൊലീസിനെതിരെ കയര്‍ത്തു. എന്നിട്ടും പൊലീസ് പിന്‍മാറിയില്ല.
ആരെയും കസ്റ്റഡിയില്‍ എടുക്കാന്‍ അനുവദിക്കില്ലെന്ന നിലപാട് പിന്നീട് കോണ്‍ഗ്രസ് മാറ്റി. ഏറെനേരം കാത്തുനിന്ന പൊലീസിന് മറ്റു രണ്ടു പ്രവര്‍ത്തകരെ പകരം നല്‍കിയതോടെയാണ് സംഘം പിന്മാറിയത്. പന്ത്രണ്ടരയോടെ പ്രസ് ക്ലബ് പരിസരത്തുനിന്ന് ആരംഭിച്ച മാര്‍ച്ചില്‍ വിഡി സതീശനും ഷാഫി പറമ്പില്‍ എംഎല്‍എയും പങ്കുചേര്‍ന്നു. മാര്‍ച്ച് കടന്നുപോയ വഴികളിലെ നവകേരള സദസിന്‍റെ ബോര്‍ഡുകള്‍ പ്രവര്‍ത്തകര്‍ വ്യാപകമായി നശിപ്പിച്ചു.