ഇന്ന് കൂടുതൽ അറസ്റ്റുണ്ടാവുമെന്ന് ചിറ്റൂർ പൊലീസ് അറിയിച്ചു. തത്തമംഗലം വേട്ടക്കറുപ്പസ്വാമി ക്ഷേത്രത്തിലെ തുടർന്നുള്ള ഉത്സവ ചടങ്ങുകൾ നിർത്തിവച്ചു.
പാലക്കാട്: കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് തത്തമംഗലത്ത് കുതിരയോട്ടം നടത്തിയ സംഭവത്തിൽ കൂടുതൽ പേർ അറസ്റ്റിൽ. 18 കമ്മിറ്റിക്കാരെയും 16 കുതിരക്കാരെയും അറസ്റ്റ് ചെയ്തു. ഇവരെ ജാമ്യത്തിൽ വിട്ടയച്ചു. ഇന്ന് കൂടുതൽ അറസ്റ്റുണ്ടാവുമെന്ന് ചിറ്റൂർ പൊലീസ് അറിയിച്ചു. തത്തമംഗലം വേട്ടക്കറുപ്പസ്വാമി ക്ഷേത്രത്തിലെ തുടർന്നുള്ള ഉത്സവ ചടങ്ങുകൾ നിർത്തിവച്ചു.
സംസ്ഥാനം ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ ശനിയാഴ്ചയാണ് തത്തമംഗലത്ത് കുതിരയോട്ടം സംഘടിപ്പിച്ചത്. രണ്ടുകൊല്ലത്തിലൊരിക്കല്‍ നടത്തുന്ന അങ്ങാടിവേലയുടെ ഭാഗമായി രാവിലെ ഏഴരമുതല്‍ എട്ടരവരെയായിരുന്നു കുതിരയോട്ടം. നിയന്ത്രണങ്ങള്‍ ലംഘിച്ചത് ശ്രദ്ധയില്‍പെട്ടതോടെ കൂടുതല്‍ പൊലീസ് സംഘമെത്തി കുതിരയോട്ടം നിര്‍ത്തിവയ്പ്പിക്കുകയായിരുന്നു.
ഒരു കുതിരയെ മാത്രം പങ്കെടുപ്പിച്ച് ആചാരം നടത്താനായിരുന്നു പൊലീസ് നല്‍കിയ നിര്‍ദ്ദേശം. ഇത് ലംഘിച്ച സംഘാടകര്‍ നാല്പത്തിയഞ്ച് കുതിരകളെയും നിരത്തിലിറക്കുകയായിരുന്നു. സംഘാടകരുള്‍പ്പടെയുള്ളവർക്കെതിരെ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമലംഘനത്തിനാണ് കേസെടുത്തത്. 25 ഉത്സവ കമ്മിറ്റി ഭാരവാഹികൾ,47 കുതിരക്കാർ, 200 ലേറെ നാട്ടുകാർ എന്നിവർക്കെതിരെയാണ് കേസ്.