നശിപ്പിച്ചത് അമോണിയ കലർന്ന മീൻ, മീനെത്തിച്ചത് കേരളത്തിന് പുറത്ത് നിന്ന്; കർശന നടപടിയെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ്
തിരുവനന്തപുരം: തിരുവനന്തപുരം അഞ്ചുതെങ്ങിൽ ഭക്ഷ്യസുരക്ഷാ വിഭാഗം പഴകിയ മീൻ പിടിച്ചെടുത്തു നശിപ്പിച്ചു. സ്വകാര്യ വ്യക്തിയുടെ മത്സ്യലേല ചന്തയിൽ നിന്നാണ് അഴുകിയ നിലയിലുള്ള പഴകിയ മീൻ പിടിച്ചെടുത്ത് നശിപ്പിച്ചത്. അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് ഓഫീസിന് എതിർവശത്തായിരുന്നു സ്വകാര്യ മത്സ്യലേല ചന്ത പ്രവർത്തിച്ചിരുന്നത്.
അഞ്ചുതെങ്ങിൽ ലോറി ഉടമകൾ ചേർന്ന് നടത്തുന്ന എം.ജെ. ലാൻഡ് മത്സ്യ മാർക്കറ്റിൽ നിന്ന് 9,600 കിലോ മീനാണ് പിടികൂടിയത്. പൊന്നാനിയിൽ നിന്നും സംസ്ഥാനത്തിന് പുറത്ത് നിന്നും എത്തിച്ച മീൻ ഭക്ഷ്യയോഗ്യമല്ലാത്ത നിലയിലായിരുന്നു എന്ന് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മൊബൈൽ ലാബിൽ നടത്തിയ പരിശോധനയിൽ ബോധ്യപ്പെട്ടു. ദിവസങ്ങൾക്ക് മുമ്പ് എത്തിച്ചതായിരുന്നു മീൻ. ഇവിടെ പഴകിയ മീൻ വിൽപ്പന നടത്തുന്നുവെന്ന് വ്യാപകമായി പരാതി ഉയർന്നിരുന്നു. ഇതേതുടർന്ന് നടത്തിയ മിന്നൽ പരിശോധനയിലാണ് പഴകിയ മീൻ പിടികൂടിയത്. പിടിച്ചെടുത്ത മീൻ പ്രദേശത്ത് തന്നെ വലിയ കുഴിയെടുത്ത് അതിനകത്തിട്ട് മൂടി. പിടിച്ചെടുത്ത മീൻ ജെസിബി കൊണ്ട് ഒരു വലിയ കുഴിയെടുത്ത് അതിനകത്തിട്ട് മൂടി.
undefined
മീനിൽ അമോണിയയുടെ സാന്നിധ്യവും കണ്ടെത്തി. വിശദമായ പരിശോധനകൾക്കായി ഭക്ഷ്യ സുരക്ഷാ വകുപ്പുദ്യോഗസ്ഥർ ഇവിടെ നിന്ന് സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. പൊന്നാനി, ഗോവ, കർണാടക, കൊച്ചി, തൂത്തുക്കുടി എന്നീ സ്ഥലങ്ങളിൽ നിന്നെത്തിച്ച മീനാണ് നശിപ്പിച്ചത്. 30 സാമ്പിളുകൾ പരിശോധിച്ചതിൽ ചൂര, നത്തോലി, വാള, കൊഴിയാള, ചാള എന്നീ മീനുകൾ ചീഞ്ഞ നിലയിലായിരുന്നു.