സംഭവുമായി ബന്ധപ്പെട്ട് വെള്ളയാംകുടി പോസ്റ്റ് ഓഫീസ് ജീവനക്കാരി ലിമയ്ക്കെതിരെ മുഖ്യമന്ത്രി, കളക്ടർ, വികലാംഗ കോർപ്പറേഷൻ, തപാൽ വകുപ്പ് അധികൃതർ എന്നിവർക്ക് പരാതി നൽകിയിട്ടും പരിഹാരമില്ലാതെ വന്നതിനെ തുടർന്നാണ് ലിൻ്റോ ഇത്തരമൊരു പ്രതിഷേധത്തിലേയ്ക്ക് എത്തിയത്.
കട്ടപ്പന: ഇൻ്റർവ്യൂ അറിയിച്ചുള്ള കത്ത് നൽകാൻ തപാൽ ജീവനക്കാരി പത്തു ദിവസം വൈകിപ്പിച്ചതിനെ തുടർന്ന് സർക്കാർ ജോലി നഷ്ടമായെന്ന് കാട്ടി പോസ്റ്റ് ഓഫീസിന് മുന്നിൽ കുത്തിയിരുപ്പ് സമരവുമായി ഭിന്നശേഷിക്കാരൻ. കട്ടപ്പന വെള്ളയാംകുടി സ്വദേശി വട്ടക്കാട്ടിൽ ലിന്റോ തോമസാണ് വെള്ളയാംകുടി പോസ്റ്റ് ഓഫീസിലെ ജീവനക്കാരിക്കെതിരെ പരാതിയുമായി രംഗത്ത് വന്നത്. സംഭവുമായി ബന്ധപ്പെട്ട് വെള്ളയാംകുടി പോസ്റ്റ് ഓഫീസ് ജീവനക്കാരി ലിമയ്ക്കെതിരെ മുഖ്യമന്ത്രി, കളക്ടർ, വികലാംഗ കോർപ്പറേഷൻ, തപാൽ വകുപ്പ് അധികൃതർ എന്നിവർക്ക് പരാതി നൽകിയിട്ടും പരിഹാരമില്ലാതെ വന്നതിനെ തുടർന്നാണ് ലിൻ്റോ ഇത്തരമൊരു പ്രതിഷേധത്തിലേയ്ക്ക് എത്തിയത്.
കഴിഞ്ഞ മാർച്ച് 18നാണ് പുളിന്താനത്തുള്ള സെന്റ് ജോൺസ് ഹയർ സെക്കണ്ടറി സ്കൂളിലെ മിനിയൽ തസ്തികയിലേക്കുള്ള അഭിമുഖ ക്ഷണകത്ത് വെള്ളയാംകുടി വട്ടക്കാട്ടിൽ ലിന്റോയുടെ പേരിൽ രജിസ്റ്ററ്റേർഡായി വെള്ളയാംകുടി പോസ്റ്റ് ഓഫീസിൽ എത്തിയത്. ഭിന്ന ശേഷിക്കാർക്കായി എപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് മുഖേന നടത്തുന്ന നിയമനത്തിൻ്റെ ഭാഗമായിട്ടായിരുന്നു അഭിമുഖത്തിന് ക്ഷണിച്ചത്. എന്നാൽ പത്ത് ദിവസങ്ങൾ വൈകി മാർച്ച് 28നാണ് ഈ കത്ത് പോസ്റ്റ് ഓഫീസിലെ ജീവനക്കാരിയായ ലിമ അപേക്ഷകനായ ലിന്റോയ്ക്ക് കൈമാറിയത്. തുടർന്ന് കത്ത് പരിശോധിച്ചപ്പോഴാണ് മാർച്ച് 23 നാണ് അഭിമുഖം നിശ്ചയിച്ചിരുന്നത് എന്ന് വ്യക്തമായത്. പോസ്റ്റ് ഓഫീസ് ജീവനക്കാരിയുടെ അനാസ്ഥയാൽ ജോലിക്കുള്ള അവസരം നഷ്ടമായതായി പിന്നീട് പരാതി നൽകിയിരുന്നു. പോസ്റ്റ് വുമണിനെതിരെ നടപടിയെടുക്കുകയും തനിക്ക് നഷ്ടപരിഹാരം നൽകണമെന്നുമാണ് ലിന്റോ ആവശ്യപ്പെടുന്നത്.
അതേസമയം, ലിന്റോയുടെ മൊബൈൽ നമ്പർ ലഭിക്കാത്തതിനാലാണ് കത്ത് കൈമാറാൻ വൈകിയത് എന്നാണ് പോസ്റ്റ് ഓഫീസിൽ നിന്നുള്ള മറുപടി. പ്രതിഷേധമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയിരുന്നു. പ്രശ്നം പരിഹരിക്കാമെന്ന് എസ്ഐ ഉറപ്പ് നൽകിയതിനാൽ ലിന്റോ താത്കാലികമായി സമരം അവസാനിപ്പിച്ചു. പ്രശ്നപരിഹാരം ഉണ്ടായില്ലങ്കിൽ ഇനിയും സമരം തുടങ്ങുമെന്നും ലിൻ്റോ പറഞ്ഞു.
സ്കൂളിൽ നിന്ന് വീട്ടിലേക്ക് നടക്കുമ്പോൾ നായ കടിച്ചു, ആരോടും പറഞ്ഞില്ല, രണ്ട് മാസത്തിനുശേഷം 13കാരി മരിച്ചു
https://www.youtube.com/watch?v=uyZ_dB7mvm0&t=1s