കെ കെ ശൈലജയ്ക്ക് മന്ത്രിസഭയിലിടമില്ലെന്ന ഞെട്ടിക്കുന്ന തീരുമാനത്തിന്‍റെ ബഹളത്തിന് പിറകിൽ നിറം മങ്ങിപ്പോയ നേട്ടമാണ് മൂന്ന് വനിതകളുടെ മന്ത്രിസ്ഥാനം. ഏറ്റവും വലിയ വെല്ലുവിളി വീണാ ജോർജിന് മുന്നിലാണ് എന്നതിൽ സംശയമില്ല.
തിരുവനന്തപുരം: സംസ്ഥാന ചരിത്രത്തിലാദ്യമായി ഒരു മന്ത്രിസഭയിൽ 3 വനിതകൾ എന്നുള്ളതും രണ്ടാം പിണറായി സർക്കാറിന്‍റെ പ്രത്യേകതയാണ്. സിപിഐക്കാകട്ടെ 57 വർഷങ്ങൾക്ക് ശേഷമാണ് ആദ്യ വനിതാമന്ത്രി വരുന്നത്.
കെ കെ ശൈലജയ്ക്ക് മന്ത്രിസഭയിലിടമില്ലെന്ന ഞെട്ടിക്കുന്ന തീരുമാനത്തിന്‍റെ ബഹളത്തിന് പിറകിൽ നിറം മങ്ങിപ്പോയ നേട്ടമാണ് മൂന്ന് വനിതകളുടെ മന്ത്രിസ്ഥാനം. ഏറ്റവും വലിയ വെല്ലുവിളി വീണാ ജോർജിന് മുന്നിലാണ് എന്നതിൽ സംശയമില്ല. കൈവെച്ച മേഖലകളിലെല്ലാം പ്രാഗത്ഭ്യം തെളിയിച്ച ട്രാക്ക് റെക്കോർഡാണ് വീണാജോർജിന്‍റെ കരുത്ത്. ഒരേ മുന്നണിയിൽ നിന്ന് ആരോഗ്യമന്ത്രിസ്ഥാനത്ത് വനിതാമന്ത്രിയുടെ തുടർച്ചയെന്ന അപൂർവതയും ഒപ്പം.
undefined
ആരോഗ്യം മാത്രമല്ല, ഉന്നതവിദ്യാഭ്യാസ മേഖലയെന്ന കൈപൊള്ളുന്ന വകുപ്പും വനിതയുടെ കൈകളിൽ. തൃശ്ശൂരിലെ ആദ്യ വനിതാ മേയറായിരുന്ന ആർ ബിന്ദു ഉന്നത വിദ്യാഭ്യാസ വകുപ്പിന്‍റെ തലപ്പത്തേക്ക് എത്തുന്നതും ചരിത്രം കുറിച്ച്. നിയമനങ്ങളിൽ അടിക്കടിയുണ്ടാകുന്ന വിവാദങ്ങളും ചരടുവലികളും വ്യവഹാരങ്ങളും കൊണ്ട് കുരുക്ക് നിറഞ്ഞ വകുപ്പിനെ നയിക്കൽ വെല്ലുവിളിയാണ് അവർക്ക്. ശക്തരായ യൂണിയനുകൾക്ക് മുന്നിൽ പരിഷ്കാരങ്ങൾ കൊണ്ടുവന്ന് എന്തു മാറ്റമുണ്ടാക്കാൻ കഴിയുമെന്നത് ചോദ്യമാണ്.
ഗ്രാമ പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, കോർപ്പറേഷൻ ഭരണ മേഖലകളിൽ കരുത്തു തെളിയിച്ചാണ് ചിഞ്ചുറാണിയെത്തുന്നത്. അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയായിരിക്കെ ഗൗരിയമ്മയെന്ന വന്മരത്തിന് ശേഷം സിപിഐയുടെ വനിതാ മന്ത്രി. 1964-ന് ശേഷം 57 വർഷങ്ങളും കടന്ന്. ഏറ്റെടുക്കുന്നത് ക്ഷീര വികസനവും മൃഗസംരക്ഷണവും.
3 പേരും രാഷ്ട്രീയ രംഗത്തും സ്ത്രീശാക്തീകരണ മേഖലകളിലും കഴിവു തെളിയിച്ചവർ. ചരിത്രമെന്ന് വിശേപ്പിക്കുമ്പോഴും വനിതാ പ്രാതിനിധ്യം ഇപ്പോഴും ഏഴിലൊന്ന് മാത്രമേ ആകുന്നുള്ളൂ. വനിതാപ്രാതിനിധ്യം കുറവെന്ന് ഇടതുപാർട്ടികൾ തന്നെ സ്വയം വിമർശനമായി അംഗീകരിച്ചതും മാത്രം പ്രതീക്ഷ.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona