കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച്, സാമൂഹിക അകലം പാലിച്ച് പുന്നപ്ര വയലാർ സമരഭൂമിയിൽ പുഷ്പചക്രം അർപ്പിക്കാനായിരുന്നു ഒരുക്കങ്ങളെങ്കിലും, നിരവധിപ്പേർ ഈ പരിപാടിക്ക് സാക്ഷ്യം വഹിക്കാൻ അവിടെ എത്തിയിരുന്നു.
ആലപ്പുഴ: പുന്നപ്ര, വയലാർ സമരഭൂമിയിൽ പുഷ്പചക്രം അർപ്പിച്ച്, സമരഭടൻമാർ ഉറങ്ങുന്ന വലിയ ചുടുകാടിൽ പുഷ്പാഞ്ജലിയർപ്പിച്ച്, സത്യപ്രതിജ്ഞയ്ക്കുള്ള യാത്ര തുടങ്ങി മുഖ്യമന്ത്രി പിണറായി വിജയനും സംഘവും. മുഖ്യമന്ത്രിയുൾപ്പടെ മന്ത്രിസഭയിലെ 21 അംഗങ്ങളും കൊവിഡ് മഹാമാരിക്കിടെയുള്ള പരിമിതികൾക്കിടയിലും പതിവ് തെറ്റിക്കാതെ സമരഭൂമിയിൽ ആദരമർപ്പിക്കാനെത്തി. എല്ലാ ഇടതുപക്ഷ സർക്കാരുകളും അധികാരമേൽക്കാനായി പുന്നപ്ര വയലാർ സമരഭൂമിയിലെത്തി ആദരമർപ്പിച്ചാണ് പുറപ്പെടുന്നത്. തിരക്ക് മൂലം, കൊവിഡ് പ്രോട്ടോക്കോൾ ചിലയിടത്തെങ്കിലും ലംഘിക്കപ്പെട്ടെന്ന് ആരോപണമുയർന്നെങ്കിലും, ആവേശോജ്വലമായിരുന്നു ഓരോ ഇടതുപക്ഷ വിശ്വാസിക്കും, ഈ ചരിത്രമുഹൂർത്തത്തിന്‍റെ കാഴ്ച.
കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച്, സാമൂഹിക അകലം പാലിച്ച് പുന്നപ്ര വയലാർ സമരഭൂമിയിൽ പുഷ്പചക്രം അർപ്പിക്കാനായിരുന്നു ഒരുക്കങ്ങളെങ്കിലും, നിരവധിപ്പേർ ഈ പരിപാടിക്ക് സാക്ഷ്യം വഹിക്കാൻ അവിടെ എത്തിയിരുന്നു. ഇവർക്കെല്ലാം ഇടയിലാണ് രണ്ടിടത്തും ചടങ്ങുകൾ നടന്നത്. മന്ത്രിമാർക്കൊപ്പം ആലപ്പുഴ എംപി എ എം ആരിഫും ആലപ്പുഴയിലെ പ്രമുഖരായ പാർട്ടി നേതാക്കളും ചടങ്ങിനെത്തിയിരുന്നു. ആലപ്പുഴയിലെ വിപ്ലവമണ്ണിന്‍റെ മുഖമായ വി എസ് അച്യുതാനന്ദൻ അനാരോഗ്യം മൂലം ചടങ്ങിനെത്തിയില്ല എന്നത് ഇവിടെ ഒത്തുകൂടി പാർട്ടി പ്രവർത്തകർക്കും വേദനയായി.
കഴിഞ്ഞ വർഷങ്ങളിൽ സത്യപ്രതിജ്ഞാചടങ്ങിന്‍റെ ദിവസം ജനപ്രവാഹം ഇവിടേക്ക് ഇരച്ചെത്തിയിരുന്നു. എന്നാലിത്തവണ പാർട്ടി പ്രവർത്തകരോട് രക്തസാക്ഷിമണ്ഡപത്തിലേക്കും വലിയ ചുടുകാടിലേക്കും എത്തേണ്ടതില്ലെന്ന് പാർട്ടി നേതൃത്വം തന്നെ നിർദേശം നൽകിയിരുന്നു.
വലിയ ചുടുകാടിലും പുഷ്പചക്രം അർപ്പിച്ച ശേഷം, ആലപ്പുഴ ഗസ്റ്റ് ഹൗസിലെത്തിയ മുഖ്യമന്ത്രിയും മന്ത്രിമാരും ഒന്നിച്ച് പ്രഭാതഭക്ഷണം കഴിച്ച ശേഷമാണ് തിരുവനന്തപുരത്തേക്ക് തിരിച്ചത്.
സത്യപ്രതിജ്ഞാചടങ്ങിന് നേരിട്ട് സാക്ഷ്യം വഹിക്കാൻ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ദില്ലിയിൽ നിന്ന് എത്തും. സിപിഐ ജനറൽ സെക്രട്ടറി ഡി രാജ എത്തില്ല എന്നറിയിച്ചിട്ടുണ്ട്. പുതിയ സർക്കാരിന് എല്ലാ ആശംസകളും ഡി രാജ നേർന്നു.
കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് രണ്ടരമീറ്റർ അകലത്തിലാണ് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ കസേരകളടക്കം നിരത്തിയിരിക്കുന്നത്. വേദി അലങ്കരിക്കുന്നതുൾപ്പടെയുള്ള സജ്ജീകരണങ്ങൾ അവസാനഘട്ടത്തിലാണിവിടെ.
പ്രതിപക്ഷം ചടങ്ങ് ബഹിഷ്കരിക്കുമെന്ന് വ്യക്തമാക്കിയിട്ടുള്ളതിനാൽ, 400-ൽത്താഴെ ആളുകൾ മാത്രമേ ചടങ്ങിനുണ്ടാകൂ എന്നാണ് സർക്കാർ ഇന്നലെ ഹൈക്കോടതിയെ അറിയിച്ചത്. പിആർഡിയുടെ ക്യാമറകളാണ് സെൻട്രൽ സ്റ്റേഡിയത്തിലും അതിന് ശേഷം നടക്കുന്ന ആദ്യമന്ത്രിസഭാ യോഗത്തിലുമുണ്ടാകുക. മറ്റ് ചാനലുകളുടെ ക്യാമറകൾക്ക് പ്രവേശനമില്ല. മാധ്യമപ്രവർത്തകർക്ക് മൊബൈൽ മാത്രമേ കൊണ്ടുപോകാൻ അനുവാദമുള്ളൂ.
മുഖ്യമന്ത്രി പിണറായി വിജയന് മാത്രം രണ്ടാമൂഴം. പി രാജീവും കെഎന്‍ ബാലഗോപാലും, മുഹമ്മദ് റിയാസും, വി എൻ വാസവനും, സജി ചെറിയാനുമടക്കം ഒരു പിടി പുതുമുഖങ്ങള്‍ മന്ത്രിമാരാകുന്നു. പുതുതീരുമാനങ്ങളുമായി സിപിഐയും കൂടെ നില്‍ക്കുമ്പോള്‍ രണ്ടാം പിണറായി സര്‍ക്കാരിന് ചരിത്രമാകാനാകുമോ?
പുന്നപ്ര വയലാര്‍ രക്തസാക്ഷികള്‍ തൊട്ട് പാര്‍ട്ടിയുടെ കണ്ണുംകാതുമായ ധീരേതിഹാസങ്ങളുടെ ഓര്‍മകള്‍ക്ക് മുന്നില്‍ പുഷ്പചക്രമര്‍പ്പിച്ച് പിണറായി വിജയനും കൂട്ടരും നടന്നുകയറുന്നത് പുതിയൊരു വിപ്ലവചരിത്രത്തിലേക്കാണ്. വെല്ലുവിളികള്‍ മാത്രം നിറഞ്ഞൊരു കാലത്ത് എന്തത്ഭുതമാണ് ഇവര്‍ കാണിക്കാന്‍ പോകുന്നതെന്ന വലിയ കൗതുകത്തോടെ, പ്രതീക്ഷയോടെ ഉറ്റുനോക്കുന്നു ജനവും.
ഏഷ്യാനെറ്റ് ന്യൂസിൽ സത്യപ്രതിജ്ഞാ ചടങ്ങുകൾ സംബന്ധിച്ച് പ്രത്യേകപരിപാടി ഉച്ചയ്ക്ക് 2 മണി മുതൽ തുടങ്ങും. സത്യപ്രതിജ്ഞാ ചടങ്ങുകളുടെ ഓരോ വിശദാംശങ്ങളും, മന്ത്രിസഭാംഗങ്ങളെക്കുറിച്ചുള്ള പ്രത്യേക റിപ്പോർട്ടുകളുമടങ്ങുന്ന സമഗ്രമായ പരിപാടിയാണ് ഞങ്ങളവതരിപ്പിക്കുന്നത്. തത്സമയസംപ്രേഷണത്തിനായി ഏഷ്യാനെറ്റ് ന്യൂസിൽ തുടരുക:
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona