ഒളിവില്‍ കഴിഞ്ഞത് 13 വര്‍ഷം, അധ്യാപകന്‍റെ കൈവെട്ടിയ കേസിൽ മുഖ്യപ്രതി പിടിയില്‍

By Web Team  |  First Published Jan 10, 2024, 10:09 AM IST

പ്രൊഫസര്‍ ടിജെ ജോസഫിന്‍റെ കൈവെട്ടി മാറ്റിയത് സവാദായിരുന്നു. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായിരുന്നു. ഇന്ന് വൈകിട്ടോടെ കൊച്ചിയിലെ എന്‍ഐഎ കോടതിയില്‍ സവാദിനെ ഹാജരാക്കിയേക്കും.


കൊച്ചി/കണ്ണൂര്‍: മതനിന്ദ ആരോപിച്ച് അധ്യാപകന്‍റെ കൈവെട്ടിമാറ്റിയ കേസിലെ ഒന്നാം പ്രതിയും എറണാകുളം അശമന്നൂർ സ്വദേശിയുമായ സവാദ്  എൻഐഎ പിടിയിൽ. കണ്ണൂർ മട്ടന്നൂരിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് പിടിയിലയത്. കൈപ്പത്തി വെട്ടിമാറ്റാൻ  ഉപയോഗിച്ച ആയുധവുമായി കടന്നുകളഞ്ഞ സവാദ് കഴിഞ്ഞ 13 വർഷമായി ഒളിവിലായിരുന്നു. പ്രൊഫസര്‍ ടിജെ ജോസഫിന്‍റെ കൈവെട്ടി മാറ്റിയത് സവാദായിരുന്നു. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായിരുന്നു. കണ്ണൂർ മട്ടന്നൂരിൽ ഷാജഹാൻ എന്നപേരിൽ  ഒളിവിൽ താമസിച്ച് മരപ്പണി ചെയ്ത് വരുന്നതിനിടയിലാണ് കൈവെട്ട് കേസിലെ മുഖ്യ ആസൂത്രകനും ഒന്നാം പ്രതിയുമായ സവാദ് പിടിയിലായത്. എൻഐഎയ്ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ഇന്നലെ അര്‍ധരാത്രി വീട് വളഞ്ഞ് പിടികൂടുകയായിരുന്നു. ഇന്ന് രാവിലെ കൊച്ചി എൻഐഎ ആസ്ഥാനത്തെത്തിച്ച പ്രതിയെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.

2010 ജൂലൈ നാലിനായിരുന്നു കേരള മനസാക്ഷിയെ ഞെട്ടിച്ച സംഭവം നടന്നത്. തൊടുപുഴ ന്യൂമാൻ കോളേജിലെ അധ്യാപകനായിരുന്ന പ്രൊഫസർ ടി. ജെ ജോസഫിനുനേരെയാണ് ആക്രമണം ഉണ്ടായത്. ആക്രമിച്ച് അദ്ദേഹത്തിന്‍റെ കൈപ്പത്തി മാറ്റുകയായിരുന്നു. സംഭവത്തിന് പിറകെ കൈവെട്ടാൻ ഉപയോഗിച്ച മഴു അടക്കമുള്ള ആയുധവുമായി സവാദ് ഒളിവിൽപോകുകയിരുന്നു. പ്രതിയെ ഒളിവിൽ കഴിയാൻ സഹായിച്ചതിന് പിറകിൽ ഉന്നതരുണ്ടെന്ന് പ്രൊഫ. ടിജെ ജോസഫ് പ്രതികരിച്ചു. 2011 ലാണ് കേസ് എൻഐഎ ഏറ്റെടുത്തത്. എന്നാൽ, ഒന്നാം പ്രതിയെ കണ്ടെത്താൻ കഴിയാത്തത്ത് ദേശീയ അന്വേഷണ ഏജൻസിയ്ക്ക് തിരിച്ചടിയായിരുന്നു. വിവധ ഘട്ടങ്ങളിലായി സവാദിനായി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു. കഴിഞ്ഞ മാർച്ചിൽ ഇനാം 10 ലക്ഷമാക്കി ഉയർത്തി തെരച്ചിൽ ഊർജ്ജിതമാക്കുന്നതിനിടെയാണ് പ്രതി പിടിയിലായത്.

Latest Videos

കൈവെട്ട് കേസിൽ  31 പ്രതികളെ ഉൾപ്പെടുത്തി 2015ലാണ് എൻഐഎ ആദ്യ കുറ്റപത്രം സമർപ്പിച്ചത്. തുടര്‍ന്ന് 2015 മെയ് എട്ടിന് ഇതിൽ 18 പേരെ കോടതി വെറുതെവിടുകയും 13 പേരെ ശിക്ഷിക്കുകയുമായിരുന്നു. കഴിഞ്ഞ ജൂലൈയിൽ രണ്ടാംഘട്ടവിചാരണ പൂർത്തിയാക്കി ആറു പേരെ ശിക്ഷിക്കുകയും അഞ്ചു പേരെ വെറുതെ വിടുകയും ചെയ്തിരുന്നു. സവാദിനെ കസ്റ്റഡിയിൽ വാങ്ങി വിശദമായ ചോദ്യം ചെയ്യലിനാണ് എൻഐഎ തീരുമാനിച്ചിട്ടുള്ളത്. 13 വർഷം ഒളിവിൽ കഴിയാൻ സഹായം ചെയതവർ ആരൊക്കെ എന്നതടക്കമുള്ള വിവരങ്ങളാണ് ഇനി എൻഐഎ അന്വേഷിക്കുന്നത്.നേരത്തെ സവാദ് രക്ഷപ്പെട്ടത് സംബന്ധിച്ച് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. സംഭവത്തിനുപിന്നാലെ കൃത്യമായ ആസൂത്രണം പ്രതികള്‍ നടത്തിയിരുന്നെങ്കിലും ചില പ്രതികള്‍ പിടിയിലായത് വഴിത്തിരിവാകുകയായിരുന്നു.

സവാദ് കേസില്‍ മറ്റൊരു പ്രതിയായ നാസറിനൊപ്പമാണ് ഒളിവില്‍ പോയത്. നാസര്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് കീഴടങ്ങുകയായിരുന്നു. കേരളത്തില്‍നിന്ന് ബെംഗളൂരുവിലേക്കും അവിടെനിന്നും നേപ്പാളിലേക്കും പിന്നീട് ഖത്തറിലേക്കും പോയെന്ന വിവരം ലഭിച്ചിരുന്നെങ്കിലും സവാദിനെ കണ്ടെത്താനായിരുന്നില്ല. പിന്നീട് കേരളത്തിലെത്തി ഒളിവില്‍ കഴിഞ്ഞിരിക്കാമെന്നാണ് സൂചന. സവാദ് എങ്ങനെയാണ് കണ്ണൂരില്‍ എത്തിയതെന്ന കാര്യത്തില്‍ ഉള്‍പ്പെടെ ഇനി വ്യക്തത വരേണ്ടതുണ്ട്. നേപ്പാളിലും പാകിസ്താനിലും ദുബായിലും ഉള്‍പ്പെടെ അന്വേഷണം നടത്തിയിരുന്നെങ്കിലും സവാദിനെ പിടികൂടാനായിരുന്നില്ല. വൈകിട്ടോടെ സവാദിനെ കൊച്ചിയിലെ എന്‍ഐഎ കോടതിയില്‍ ഹാജരാക്കുമെന്നാണ് വിവരം. 
 

പ്രതികൾക്ക് ഏത് ശിക്ഷ ലഭിച്ചാലും അതെന്നെ ബാധിക്കുന്നില്ല, നഷ്ടപരിഹാരം സർക്കാരാണ് തരേണ്ടത്; പിജെ ജോസഫ്

click me!