താനൂരിൽ അപകടം; മാനദണ്ഡങ്ങൾ ലംഘിച്ച് ആളുകളെ കുത്തി നിറച്ചു, ബോട്ടില്‍ 37 പേരെ കയറ്റിയെന്ന് റിമാൻഡ് റിപ്പോർട്ട്

By Web Team  |  First Published May 10, 2023, 7:58 AM IST

മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി ബോട്ടിന്‍റെ ഡെക്കിൽ പോലും ആളുകളെ കയറ്റി. ഡ്രൈവർക്ക് ലൈസൻസ് ഉണ്ടായിരുന്നില്ലെന്നും പൊലീസിന്‍റെ റിമാൻഡ് റിപ്പോർട്ടില്‍ പറയുന്നു.


മലപ്പുറം: താനൂരിൽ അപകടം വരുത്തിയ ബോട്ടിൽ 37 പേരാണ് ഉണ്ടായിരുന്നതെന്ന് റിമാൻഡ് റിപ്പോർട്ട്. മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി ബോട്ടിന്‍റെ ഡെക്കിൽ പോലും ആളുകളെ കയറ്റി. ഡ്രൈവർക്ക് ലൈസൻസ് ഉണ്ടായിരുന്നില്ലെന്നും പൊലീസിന്‍റെ റിമാൻഡ് റിപ്പോർട്ടില്‍ പറയുന്നു. അതേസമയം, കേസിലെ പ്രതിയായ ബോട്ടുടമ നാസറിനെ കസ്റ്റഡിയിൽ ലഭിക്കാൻ പൊലീസ് നാളെ അപേക്ഷ നൽകും. 

22 പേർക്ക് സഞ്ചരിക്കാൻ ശേഷിയുള്ള ബോട്ടിൽ 37 പേരെ കയറ്റിയത്. ആളുകളെ ആശാസ്ത്രീയമായി കുത്തിനിറച്ചതാണ് ബോട്ട് അപകട കാരണം എന്നാണ് റിമാൻഡ് റിപ്പോർട്ടില്‍ പറയുന്നത്. ബോട്ടിന്‍റെ ഡക്കിൽ ഇരിക്കാൻ സൗകര്യം ഒരുക്കി. ഇവിടേക്ക് കയറാൻ സ്റ്റെപ്പുകൾ വെച്ചു. വലിയ അപകടം ഉണ്ടാകുമെന്ന് ബോധ്യം നടത്തിപ്പുകാരനുണ്ടായിരുന്നു. ബോട്ടിന്‍റെ ഡ്രൈവർക്ക് ലൈസൻസും ഉണ്ടായിരുന്നില്ല. മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തിയതാണ് വൻ ദുരന്തത്തിന് കാരണമെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. കുറ്റങ്ങൾ പ്രതിയായ ബോട്ടുടമ സമ്മതിച്ചെന്നും പൊലീസ് പറഞ്ഞു. അതിനിടെ, ഒളിവിൽ പോയ ബോട്ട് ഡ്രൈവറെ പൊലീസ് പിടികൂടി. ഇയാളെയും ബോട്ട് ജീവനക്കാരനെയും പൊലീസ് ഇന്ന് കേസിൽ പ്രതി ചേർക്കും. അപകടം നടന്ന ദിവസത്തിന് മുമ്പ് ബോട്ടിൽ ജോലി ചെയ്ത മുഴുവൻ പേരെയും ചോദ്യം ചെയ്യും. 

Latest Videos

Also Read: താനൂർ ബോട്ട് ദുരന്തം; ബോട്ട് ഡ്രൈവർ ദിനേശൻ പിടിയിൽ, ലൈസൻസ് ഉണ്ടായിരുന്നില്ലെന്ന് റിമാൻഡ് റിപ്പോർട്ട്

ഉദ്യോഗസ്ഥ തലത്തിൽ എന്തൊക്കെ തരത്തിലുള്ള സഹായങ്ങൾ ലഭിച്ചു എന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരണം. ഇതിനായി പ്രതിയെ കസ്റ്റഡിയിൽ ലഭിക്കാൻ അടുത്ത ദിവസം അപേക്ഷ നൽകും. നാസറിന് ഒളിവിൽ പോകാൻ കൂടുതൽ പേർ സഹായിച്ചു എന്നാണ് ലഭിച്ച സൂചന. ഒളിവിൽ പോകാൻ സഹായം നൽകിയ മൂന്ന് പേരെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. അതേസമയം, താനൂരിൽ ബോട്ട് ദുരന്തം നടന്ന സ്ഥലം മനുഷ്യാവകാശ കമ്മീഷൻ ഇന്ന് സന്ദർശിക്കും. കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് രാവിലെ 10.30ന് താനൂരിലെത്തും. സംഭവത്തിൽ കമ്മീഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. മലപ്പുറം ജില്ലാ കളക്ടർ, ജില്ലാ പൊലീസ് മേധാവി, ആലപ്പുഴ ചീഫ് പോർട്ട് സർവേയർ എന്നിവർ 10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു. 

click me!