താനൂർ ബോട്ടപകടം: ബോട്ടുടമക്കെതിരെ കൊലക്കുറ്റം ചുമത്തി, 2 പ്രതികൾ ഒളിവിലെന്ന് എസ്‌പി

By Web Team  |  First Published May 9, 2023, 12:37 PM IST

കേസിൽ പ്രതികളായ ബോട്ടിന്റെ സ്രാങ്കും ജീവനക്കാരനും ഒളിവിലാണെന്നും ഇവർക്കായി അന്വേഷണം പുരോഗമിക്കുകയാണെന്നും എസ്‌പി അറിയിച്ചു


മലപ്പുറം: താനൂരിൽ 15 കുട്ടികളടക്കം 22 പേരുടെ മരണത്തിനിടയാക്കിയ ബോട്ടപകടത്തിൽ ബോട്ടുടമ നാസറിനെതിരെ കൊലക്കുറ്റം ചുമത്തിയെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു. ഐപിസി 302 വകുപ്പാണ് ചുമത്തിയിരിക്കുന്നത്. കേസിൽ പ്രതികളായ ബോട്ടിന്റെ സ്രാങ്കും ജീവനക്കാരനും ഒളിവിലാണെന്നും ഇവർക്കായി അന്വേഷണം പുരോഗമിക്കുകയാണെന്നും എസ്‌പി അറിയിച്ചു. അപകടത്തിൽ കൂടുതൽ പേരെ കാണാതായെന്ന് ഇതുവരെ പരാതികളില്ലെന്ന് പറഞ്ഞ അദ്ദേഹം ബോട്ടിനു പെർമിറ്റ്, അനുമതി എന്നിവ എങ്ങനെ കിട്ടിയെന്ന് അന്വേഷിക്കുമെന്നും ബോട്ട് സാങ്കേതിക വിദഗ്ദരെ കൊണ്ട് പരിശോധിപ്പിക്കുമെന്നും പറഞ്ഞു.

മരിച്ച പോലീസുകാരൻ സബറുദ്ദീൻ ഡാൻസാഫ് താനൂർ ടീം അംഗമായിരുന്നെന്ന് എസ്പി പറഞ്ഞു. ഡ്യൂട്ടിക്കിടെ ആണ് സബറുദ്ദീന് അപകടം സംഭവിച്ചതെന്നാണ് പ്രാഥമിക വിവരം. ഇക്കാര്യത്തിൽ കൂടുതൽ കാര്യങ്ങൾ പരിശോധിക്കണം. ബോട്ടപകടവുമായി ബന്ധപ്പെട്ട് നാസറിനെ കസ്റ്റഡിയിൽ വാങ്ങാൻ  അപേക്ഷ നൽകും. ബോട്ട് സർവീസിന്  അനുമതി ലഭിച്ചതിലുണ്ടായ വീഴ്ചകൾ അന്വേഷണ പരിധിയിൽ വരും. തെരച്ചിൽ നിർത്തുന്നത് മന്ത്രി ഉൾപ്പെട്ട അവലോകനം യോഗം ചേർന്ന് തീരുമാനിക്കുമെന്ന് പറഞ്ഞ അദ്ദേഹം ആരെയെങ്കിലും കാണാതായെന്ന വിവരം ഇതുവരെ ലഭിച്ചിട്ടില്ലെന്നും വ്യക്തമാക്കി.

Latest Videos

അതേസമയം സംഭവത്തിൽ കേരള ഹൈക്കോടതി സ്വമേധയാ കേസെടുത്തിട്ടുണ്ട്. അത്യധികമായ ദുഖഭാരത്താൽ ഹൃദയത്തിൽ നിന്ന് രക്തം പൊടിയുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് ഹൈക്കോടതി തുടങ്ങിയത്. മരിച്ച 22 കുടുംബങ്ങളുടെ വിലാപം തങ്ങളെ പൊളളിക്കുന്നുണ്ട്.  തട്ടേക്കാടടക്കം ജീവൻ പൊലിഞ്ഞ കുരുന്നുകളെയോർത്ത് ഉറക്കം നഷ്ടപ്പെടുന്നു. 99 വർഷം മുൻപ് പല്ലനയാറ്റിൽ മഹാകവി കുമാരനാശാൻ മരിച്ചതുൾപ്പെടെ എത്രയോ ദുരന്തങ്ങൾ കൺമുന്നിലൂടെ കടന്നുപോയി. എത്രയോ അന്വേഷണങ്ങളും പരിഹാര നിർദേശങ്ങളും വന്നു. പക്ഷേ ദുരന്തങ്ങൾ ആവർത്തിക്കപ്പെടുന്നുവെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.

ഇനിയതുണ്ടാകരുതെന്ന് കരുതിയാണ് ഇടപെടുന്നതെന്ന് ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി. താനൂർ അപകടത്തിൽ ബോട്ടുടമയെ മാത്രമല്ല ഉത്തരാവാദികളായ ഉദ്യോഗസ്ഥരെക്കൂടിയാണ് നിയമത്തിന് മുന്നിൽ കൊണ്ടുവരേണ്ടത്. അവർ രക്ഷപെട്ടുപോകാൻ കോടതി അനുവദിക്കില്ല. നിയമത്തെപ്പറ്റിയുളള ഭയം ഉദ്യോഗസ്ഥർക്കുണ്ടാകണം. നൂറുകണക്കിന് സ്വകാര്യ ടൂറിസം ബോട്ടുകൾ സർവീസ് നടത്തുന്ന കേരളത്തിൽ എവിടെയും ഇത്തരം ദുരന്തം ഇനിയും എപ്പോൾ വേണമെങ്കിലും ഉണ്ടാകാം. അതുകൊണ്ട് ജുഡീഷ്യറിക്ക് ഇനി കണ്ണടച്ച് ഇരിക്കാനാകില്ലെന്ന് ജസ്റ്റീസ് ദേവൻ രാമചന്ദ്രനും ജസ്റ്റീസ് ശോഭ അന്നമ്മ ഈപ്പനും അടങ്ങിയ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. സ്വമേഥയാ കേസെടുക്കാൻ നിർദേശിച്ച കോടതി ചീഫ് സെക്രട്ടറിക്ക് പുറമേ, മലപ്പുറം ജില്ലാ കലക്ടർ, എസ് പി, താനൂർ നഗരസഭാ സെക്രട്ടറി, പോർട് ഓഫീസർ തുടങ്ങിയവരേയും എതിർകക്ഷികളാക്കി, ജില്ലാ കല്കടറുടെ പ്രാഥമിക റിപ്പോർട്ട് അടുത്ത വെളളിയാഴ്ച പരിഗണിച്ച ശേഷമാകും തുടർ നടപടികളിലേക്ക് കടക്കുക.

click me!