'കേസ് 4 പേരിൽ ഒതുക്കരുത്'; താനൂര്‍ കസ്റ്റഡി കൊലപാതകത്തില്‍ ഗൂഢാലോചന അന്വേഷിക്കണമെന്ന് താമിറിന്‍റെ കുടുംബം

By Web Team  |  First Published Sep 14, 2024, 2:42 PM IST

സിബിഐ ഗൂഢാലോചന അന്വേഷിച്ചില്ലങ്കിൽ ഹൈക്കോടതിയെ സമീപിക്കുമെന്നും താമിർ ജിഫ്രിയുടെ കുടുംബം വ്യക്തമാക്കി. 


മലപ്പുറം: താനൂർ കസ്റ്റഡി കൊലപാതകത്തിലെ ​ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലപ്പെട്ട താമിർ ജിഫ്രിയുടെ കുടുംബം. ആവശ്യമുന്നയിച്ച് കുടുംബം സിബിഐക്ക് വീണ്ടും പരാതി നൽകിയിരിക്കുകയാണ്. അന്വേഷണത്തിൽ ആശങ്ക പ്രകടിപ്പിച്ച കുടുംബം കേസ് നാലു പേരിൽ ഒതുക്കരുതെന്നും ഉന്നത ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷിക്കണമെന്നും കുടുംബം ആവശ്യപ്പെടുന്നു. സിബിഐ വിവരങ്ങൾ അറിയിക്കുന്നില്ലെന്നും താമിറിന്റെ കുടുംബം ആരോപിച്ചു. സിബിഐ ഗൂഢാലോചന അന്വേഷിച്ചില്ലങ്കിൽ ഹൈക്കോടതിയെ സമീപിക്കുമെന്നും താമിർ ജിഫ്രിയുടെ കുടുംബം വ്യക്തമാക്കി. 

താനൂർ കസ്റ്റഡി കൊലപാതകത്തിൽ മലപ്പുറം എസ് പിയുടെ ഡാന്‍സാഫ് ടീം അംഗങ്ങളായിരുന്ന നാല് പൊലീസുകാരെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. താനൂര്‍ പൊലീസ് സ്റ്റേഷനിലെ  സീനിയര്‍ സിപിഒ ജിനേഷ് കേസിലെ ഒന്നാം പ്രതി.  രണ്ടാം പ്രതി പരപ്പനങ്ങാടി സ്റ്റേഷനിലെ സിപിഒ ആല്‍ബിന്‍ അഗസ്റ്റ്യന്‍, മൂന്നാം പ്രതി കല്‍പ്പകഞ്ചേരി സ്റ്റേഷനിലെ സിപിഒ അഭിമന്യു, നാലാം പ്രതി തിരൂരങ്ങാടി സ്റ്റേഷനിലെ സി പി ഒ വിപിന്‍ എന്നിവരാണ്. 

Latest Videos

undefined

കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് ഒന്നിനാണ് താനൂരില്‍  പൊലീസ് കസ്റ്റഡിയിലിരിക്കെ താമിര്‍ ജിഫ്രി കുഴഞ്ഞു വീണു മരിച്ചത്. ലഹരി മരുന്ന് കൈവശം വെച്ചതിന് താമിര്‍ ജിഫ്രിയേയും അഞ്ച് സുഹൃത്തുക്കളേയും മലപ്പുറം എസ് പിക്ക് കീഴിലുള്ള ലഹരി വിരുദ്ധ സ്ക്വാഡായ  ഡാന്‍സാഫ് ടീം കസ്റ്റഡിയിലെടുക്കുകയായിരുന്നു എന്നാണ് എഫ് ഐ ആറില്‍ പറഞ്ഞിരുന്നത്. മര്‍ദനമേറ്റതിനെത്തുടര്‍ന്നാണ് താമിര്‍  ജിഫ്രി മരിച്ചതെന്ന കാര്യം പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായതോടെ പ്രതിഷേധമുയര്‍ന്നു.ഡാന്‍സാഫ് ടീം താമിര്‍  ജിഫ്രിയെ മര്‍ദിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് ആരോപണം. പിന്നാലെ അന്വേഷണം ക്രൈംബ്രാഞ്ചിനു വിട്ടു. 

താമിര്‍ ജിഫ്രിയുടെ കസ്റ്റഡി മരണത്തിൽ മനുഷ്യവകാശ കമ്മീഷൻ റിപ്പോർട്ട്‌ തേടിയിരുന്നു. താനൂർ കസ്റ്റഡി മരണക്കേസ് അട്ടിമറിക്കാൻ ശ്രമമെന്ന് മരിച്ച താമിർ ജിഫ്രിയുടെ കുടുംബത്തിന്‍റെ ആരോപണം ഉയർന്നതോടെയാണ് കമ്മീഷൻ ഇടപെട്ടത്. കസ്റ്റഡി മരണം അന്വേഷിച്ച ക്രൈം ബ്രാഞ്ച് പരപ്പനങ്ങാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ആദ്യഘട്ട പ്രതിപട്ടിക സമർപ്പിച്ചിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍  നാലുപേര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി. എന്നാല്‍ അന്വേഷണം കാര്യക്ഷമമല്ലെന്നാരോപിച്ച് കുടുംബം രംഗത്തെത്തിയതോടെ കേസ് സിബിഐക്ക് കൈമാറുകയായിരുന്നു. തുടര്‍ന്നാണ് പ്രതി പട്ടികയിലുണ്ടായിരുന്ന നാലുപേരെയും അറസ്റ്റ് ചെയ്തത്. 

click me!