'ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തു', പഴയത് കുത്തിപ്പെക്കാമെന്ന് ടി സിദ്ദിഖ്; മറുപടിയുമായി കെ കെ ശൈലജ

By Web Team  |  First Published Jul 11, 2022, 8:19 PM IST

'ഗുജറാത്തിലെ അഹമ്മദാബാദില്‍ വെച്ച് നടന്ന ആര്‍.എസ്.എസ് പരിവാര്‍ സംഘടനയുടെ ദേശീയ തല പരിപാടിയുടെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്ത് കേരള ആരോഗ്യ മന്ത്രി കെ.കെ. ശൈലജ'- എന്നായിരുന്നു ടി സിദ്ദിഖിന്‍റെ ആരോപണം.


വയനാട്: ആരോഗ്യമന്ത്രിയായിരിക്കെ കെകെ ശൈലജ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തെന്ന ആരോപണവുമായി കോണ്‍ഗ്രസ് എംഎല്‍എ  ടി. സിദ്ദിഖ്. ഗുജറാത്തിലെ അഹമ്മദാബാദില്‍ വെച്ച് നടന്ന ആര്‍.എസ്.എസ് പരിവാര്‍ സംഘടനയുടെ ദേശീയ തല പരിപാടിയില്‍ കെകെ ശൈലജ ടീച്ചര്‍ പങ്കെടുത്തെന്നാണ് സിദ്ദിഖ് ആരോപിച്ചത്. മന്ത്രി ചടങ്ങില്‍ പങ്കെടുക്കുന്ന ഫോട്ടോ ഫേസ്ബുക്കില്‍ പങ്കുവച്ചാണ് സിദ്ദിഖ് ആരോപണവുമായി രംഗത്തെത്തിയത്. എന്നാല് സിദ്ദിഖിന് കമന്‍റ് ബോക്സില്‍ മറുപടിയുമായി ശൈലജ ടീച്ചറെത്തി.

'ഗുജറാത്തിലെ അഹമ്മദാബാദില്‍ വെച്ച് നടന്ന ആര്‍.എസ്.എസ് പരിവാര്‍ സംഘടനയുടെ ദേശീയ തല പരിപാടിയുടെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്ത് കേരള ആരോഗ്യ മന്ത്രി കെ.കെ. ശൈലജ (2018). ആര്‍.എസ്.എസിന്റെ ദേശീയ തലത്തിലുള്ള ശാസ്ത്രവിഭാഗമായ വിജ്ഞാന്‍ ഭാരതി നടത്തിയ ലോക ആയുര്‍വേദ കോണ്‍ഗ്രസിന്റെ ഉദ്ഘാടന ചടങ്ങിലാണ് മന്ത്രി കെ.കെ. ശൈലജ മുഖ്യാതിഥിയായി പങ്കെടുത്തത്. പഴയത്‌ കുത്തിപ്പൊക്കി നമുക്ക്‌ ചർച്ച ചെയ്യാം'- സിദ്ദിഖ് ഫേസ്ബുക്കില്‍ കുറിച്ചു. എന്നാല്‍ മറുപടി മുന്നെ പറഞ്ഞതാണ് എന്നായിരുന്നു ശൈലജ ടീച്ചറുടെ പ്രതികരണം. അന്ന് സമാന ആരോപണം ഉയര്‍ന്നപ്പോള്‍ മാധ്യമങ്ങളോട് പ്രതികരിച്ചതിന്‍റെ വീഡിയോ ലിങ്ക് പങ്കുവച്ചാണ് ശൈലജ ടീച്ചര്‍ സിദ്ദിഖിന് മറുപടി നല്‍കിയത്.

Latest Videos

ഡിസംബര്‍ 14 മുതല്‍ 17 വരെ അഹമ്മദാബാദില്‍ വച്ച് നടക്കുന്ന എട്ടാമത് വേള്‍ഡ് ആയുര്‍വേദ കോണ്‍ഗ്രസിന്റെ ഉദ്ഘാടന പരിപാടിയില്‍ പങ്കെടുത്തതിനെയാണ് ചിലര്‍ ആര്‍എസ്എസ് സംഘടിപ്പിച്ച പരിപാടിയെന്ന് തെറ്റിദ്ധരിപ്പിച്ച് പ്രചാരണം നടത്തുന്നതെന്ന് ശൈലജ ടീച്ചര്‍ വ്യക്തമാക്കുന്നു.   കേന്ദ്ര സര്‍ക്കാറിന്റെ ആഭിമുഖ്യത്തിലുള്ള പരിപാടിയിൽ ആണ് പങ്കെടുത്തത്.. കേന്ദ്ര ആയുഷ് വകുപ്പിന്റേയും സി.സി.ആര്‍.എ.എസിന്റേയും നേതൃത്വത്തില്‍ നടന്നുവരുന്ന പരിപാടിയാണ് വേള്‍ഡ് ആയുര്‍വേദ കോണ്‍ഗ്രസ്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ആയുഷ് വകുപ്പ് പ്രതിനിധികളേയും സ്ഥാപനങ്ങളേയും ഇന്ത്യയ്ക്ക് പുറത്ത് നിന്നുള്ള വിദഗ്ധരേയും പങ്കെടുപ്പിച്ചുകൊണ്ടാണ് ആയുര്‍വേദ കോണ്‍ഗ്രസ് സംഘടിപ്പിച്ചു വരുന്നത്. 2002ലാണ് ഇത്തരത്തിലൊരു ആയുര്‍വേദ കോണ്‍ഗ്രസ് ആദ്യമായി സംഘടിപ്പിക്കുന്നതിന് സര്‍ക്കാര്‍ തീരുമാനിച്ചത്- ശൈലജ ടീച്ചര്‍ വ്യക്തമാക്കുന്നു. 

Read More : 'മാപ്പ് പറയുമെന്ന് സ്വപ്നം കാണണ്ട'; വിഡി സതീശൻ സവർക്കറുടെ പിൻഗാമിയല്ലെന്ന് ടി സിദ്ദിഖ്

കേരളത്തില്‍ വച്ചാണ് ആദ്യത്തെ വേള്‍ഡ് ആയുര്‍വേദ കോണ്‍ഗ്രസ് നടന്നത്. അന്നത്തെ കേന്ദ്രമന്ത്രി ശത്രുഹ്നന്‍ സിന്‍ഹ കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്യുകയും അന്നത്തെ മുഖ്യമന്ത്രി എ.കെ. ആന്റണി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പങ്കെടുക്കുകയും ചെയ്തു. പിന്നീട് തുടര്‍ച്ചയായി വിവിധ സംസ്ഥാനങ്ങളില്‍ ആയുഷ് കോണ്‍ഗ്രസ് നടന്നിട്ടുണ്ട്. പിന്നീടുള്ള എല്ലാ ആയുര്‍വേദ കോണ്‍ഗ്രസിലും കേന്ദ്ര ആയുഷ് വകുപ്പ് മന്ത്രിമാരും സംസ്ഥാന ആയുഷ് വകുപ്പ് മന്ത്രിമാരും ആയുഷ് വിഭാഗത്തിലെ വിവിധ ഉദ്യോഗസ്ഥരും സ്ഥാപനങ്ങളുമെല്ലാം പങ്കെടുക്കാറുമുണ്ട്. കേന്ദ്ര ആയുഷ് ഡിപ്പാര്‍ട്ടുമെന്റും ഏത് സംസ്ഥാനത്താണോ വേള്‍ഡ് ആയുര്‍വേദ കോണ്‍ഗ്രസ് നടക്കുന്നത് ആ സംസ്ഥാനത്തിലെ ആയുഷ് ഡിപ്പാര്‍ട്ടുമെന്റും ചേര്‍ന്നാണ് പരിപാടി നടത്തുന്നത്. മാത്രമല്ല സി.സി.ആര്‍.എ.എസിന്റെ നേതൃത്വത്തിലാണ് പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതും.   വസ്തുതകൾ മനസിലാക്കാതെ ഉള്ള കുപ്രചാരണങ്ങളിൽ നിന്നും എല്ലാവരും പിന്മാറണമെന്ന് ശൈലജ ടീച്ചര്‍ 2018 ഡിസംബര്‍ 15ന് ഫേസ്ബുക്കിലിട്ട കുറിപ്പില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Read More : 'വിഎസ് പങ്കെടുത്തത് ആർഎസ്എസിനെ വിമർശിക്കാൻ', വിഡിക്കെതിരെ വിഎസിന്റെ പ്രസംഗവുമായി ശശിധരൻ

ആര്‍എസ്എസ് അനുകൂല സംഘടനയായ ഭാരതീയ വിചാരകേന്ദ്രം സംഘടിപ്പിച്ച പരിപാടയില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പങ്കെടുത്തതിനെ ചൊല്ലിയുള്ള വിവാദം കൊഴുക്കുകയാണ്. സതീശനെതിരെ വിമര്‍ശനം ഉയരുമ്പോള്‍ പ്രതിരോധം തീര്‍ത്ത് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു. വിചാരകേന്ദ്രം സംഘടിപ്പിച്ച പരിപാടയില്‍ വിഎസ് പങ്കെടുത്ത ചിത്രം പ്രചരിപ്പിച്ച് മറുപടിയുമായി കോണ്‍ഗ് നേതാക്കളെത്തി. ഇതിന് പിന്നാലെയാണ്  കെകെ ശൈലജയ്ക്കെതിരെ ടി സിദ്ദിഖിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്.  

click me!