സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി; പേര് വത്തിക്കാന്റെ അനുമതിക്ക് വിട്ടു

By Web Team  |  First Published Jan 9, 2024, 10:02 PM IST

ആദ്യ മൂന്ന് റൗണ്ടിൽ തന്നെ മൂന്നിൽ രണ്ട് ഭൂരിപക്ഷം പാലാ രൂപത ബിഷപ്പിന് ലഭിച്ചെന്നാണ് സൂചന


കൊച്ചി: സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പിനെ രഹസ്യ ബാലറ്റിലൂടെ തിരഞ്ഞെടുത്തു. പേര് വത്തിക്കാന്റെ അനുമതിക്കായി വിട്ടു. നാളെ വൈകിട്ടോടെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നാണ് കരുതുന്നത്. മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാൾ മാര്‍ ജോര്‍ജ് ആലഞ്ചേരി സ്ഥാനമൊഴിഞ്ഞ സാഹചര്യത്തിലാണ് പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പിനെ തിരഞ്ഞെടുത്തത്.

പാലാ രൂപത ബിഷപ് ജോസഫ് കല്ലറങ്ങാടാണ് പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പെന്നാണ് സൂചന. സഭ നേതൃത്വം ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. 53 ബിഷപ്പുമാരാണ് ഇന്ന് നടന്ന തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയത്. 80 വയസിന് താഴെ പ്രായമുള്ളവര്‍ക്ക് മാത്രമായിരുന്നു വോട്ട് ചെയ്യാൻ അനുമതി. ആദ്യ മൂന്ന് റൗണ്ടിൽ തന്നെ മൂന്നിൽ രണ്ട് ഭൂരിപക്ഷം പാലാ രൂപത ബിഷപ്പിന് ലഭിച്ചെന്നാണ് സൂചന.

Latest Videos

എറണാകുളം അങ്കമാലി അതിരൂപതയിൽ ഒരു വിഭാഗവുമായി വർഷങ്ങളോളം നീണ്ട് നിന്ന ഏറ്റുമുട്ടലിനുമൊടുവിൽ പടിയിറങ്ങിയ കർദ്ദിനാൾ മാർ ജോജ്ജ് ആല‌ഞ്ചേരിയുടെ പിൻഗാമിയെ കണ്ടെത്താനാണ് സിനഡ് സമ്മേളിച്ചത്. സിറോ മലബാർ സഭയ്ക്ക് കീഴിലുള്ള 55 ബിഷപ്പുമാരാണ് ജനുവരി 13 വരെ നീണ്ട് നിൽക്കുന്ന സമ്മേളനത്തിൽ പങ്കെടുക്കുന്നത്.

പുതിയ മേജർ ആർച്ച് ബിഷപ്പിനെ കണ്ടെത്താൻ ആറ് റൗണ്ട് വോട്ടെടുപ്പാണ് നടന്നത്. സിറോ മലബാർ സഭ  നേതൃത്വത്തിനൊപ്പം നിൽക്കുന്നുവെന്നതാണ് പാലാ രൂപതാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന് അനുകൂലമായത്, തലശ്ശേരി ആർച്ച് ബിഷപ് ജോസഫ് പാംപ്ലാനി, താത്കാലിക അഡ്മിനിസ്ട്രേറ്റർ  ബിഷപ് സെബാസ്റ്റ്യൻ വാണിയപ്പുരക്കൽ അടക്കമുള്ളവർ പട്ടികയിലുണ്ടായിരുന്നു. കുർബാന പ്രശ്നത്തിൽ ഇടഞ്ഞ് നിൽക്കുന്ന എറണാകുളം അങ്കമാലി അതിരൂപതിയലെ വൈദികരെ സഭാ നേതൃത്വത്തിന്‍റെ പാതയിലേക്ക് കൊണ്ടുവരുന്നതടക്കം നിരവധി വെല്ലുവിളികൾ പുതിയ മേജർ ആർച്ച് ബിഷപ്പിനെ കാത്തിരിക്കുന്നുണ്ട്.  

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്
 

click me!