നിപ സംശയം; പനി ബാധിച്ച 2 പേരെ ആശുപത്രിയിലേക്ക് മാറ്റി; സമ്പര്‍ക്ക പട്ടികയിലുള്ളവരുടെ എണ്ണം 151 ആയി ഉയര്‍ന്നു

By Web Team  |  First Published Sep 15, 2024, 2:51 PM IST

തിരുവാലി പഞ്ചായത്തിൽ മാസ്ക് ധരിക്കുന്നതും നിര്‍ബന്ധമാക്കി


മലപ്പുറം: മലപ്പുറം നടുവത്ത് നിപ സംശയിക്കുന്ന യുവാവിന്‍റെ സമ്പര്‍ക്ക പട്ടികയിലുള്ളവരുടെ എണ്ണം 151 ആയി ഉയര്‍ന്നു. നേരത്തെ 26 പേരായിരുന്നു സമ്പര്‍ക്ക പട്ടികയിലുണ്ടായിരുന്നത്. ഇതാണിപ്പോള്‍ 151 ആയി ഉയര്‍ന്നത്. ഇവരുടെ പട്ടിക ആരോഗ്യ വകുപ്പ് തയ്യാറാക്കി. ഇതിനിടെ തിരുവാലി പഞ്ചായത്തിൽ പനി ബാധിച്ച രണ്ടു പേരെ ആശുപത്രിയിലേക്ക് മാറ്റി. ഇവരെ പ്രത്യേകം നിരീക്ഷിക്കും. നിപ സംശയത്തെ തുടര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങളും തിരുവാലി പഞ്ചായത്തിൽ ഊര്‍ജിതമാക്കി. തിരുവാലി പഞ്ചായത്തിൽ മാസ്ക് ധരിക്കുന്നത് നിര്‍ബന്ധമാക്കികൊണ്ട് ജില്ലാ ആരോഗ്യ  വകുപ്പ് നിര്‍ദേശമിറക്കി. 

രാവിലെ തിരുവാലി പഞ്ചായത്തിൽ ജനപ്രതിനിധികളും ആരോഗ്യ വകപ്പ് ഉദ്യോഗസ്ഥരും യോഗം ചേര്‍ന്നിരുന്നു. പ്രതിരോധ പ്രവർത്തനങ്ങളും നിയന്ത്രണങ്ങളുമാണ് യോ​ഗത്തിൽ ചർച്ച ചെയ്തത്. അതേസമയം, നിപ ഔദ്യോഗികമായി സ്ഥിരീകരിച്ചാൽ തുടർനടപടികളിലേക്ക് ജില്ലാ ഭരണകൂടം കടക്കും. കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് ബെംഗളൂരുവിൽ നിന്ന് എത്തിയ വിദ്യാർത്ഥിയായ 23 കാരൻ മരിച്ചത്. യുവാവിന് നിപയെന്നാണ് പ്രാഥമിക പരിശോധന ഫലം. 

Latest Videos

വണ്ടൂർ പഞ്ചായത്തിലെ നടുവത്ത് സ്വദേശിയും ബെംഗളൂരുവിൽ വിദ്യാർഥിയുമായ 23കാരൻ കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ വച്ച് മരിച്ചത്. നിപ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് സ്രവസാമ്പിൾ പരിശോധനയ്ക്ക് അയക്കുകയായിരുന്നു. കോഴിക്കോട്ട് നടത്തിയ പരിശോധനയിലാണ് നിപ പോസിറ്റീവ് എന്ന ഫലം വന്നത്. സ്ഥിരീകരണത്തിനായി പുനെ എൻഐവി യിലേക്ക് സാമ്പിൾ അയച്ചിട്ടുണ്ട്. സ്രവ സാമ്പിൾ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് അയക്കാൻ അഞ്ചു ദിവസം വൈകിയത് എന്തുകൊണ്ടെന്ന് വ്യക്തമല്ല. ഓഗസ്റ്റ് 23നായിരുന്നു ബംഗളൂരുവിൽ നിന്ന് യുവാവ് നാട്ടിലെത്തിയത്. ബംഗളൂരുവിൽ വച്ച് കാലിനുണ്ടായ പരിക്കിന് ആയുർവേദ ചികിത്സയ്ക്കായിരുന്നു നാട്ടിലെത്തിയത്. ഇതിനിടെയാണ് ഇയാൾക്ക് പനി ബാധിച്ചത്.

ആദ്യം വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പനി കുറയാഞ്ഞതിനെ തുടർന്നായിരുന്നു ഈ മാസം അഞ്ചിന് പെരിന്തൽമണ്ണയിലെ ആശുപത്രിയിലേക്ക് മാറ്റിയത്. ഇവിടെ ചികിത്സയിലിരിക്കയാണ് മരണം. നേരത്തെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി നിപ ബാധിച്ച മരിച്ച ചെമ്പ്രശ്ശേരിയിൽ നിന്ന് 10 കിലോമീറ്റർ മാത്രം മാറിയാണ് ഇപ്പോൾ നിപ ലക്ഷണങ്ങളേടെ മരിച്ച യുവാവിന്‍റെ വീട്. യുവാവുമായി സമ്പർക്കത്തില്‍ വന്നവരുടെ പട്ടിക തയ്യാറാക്കുന്നുണ്ട്. പഞ്ചായത്ത് തലത്തിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടുണ്ട്.

മുല്ലപ്പെരിയാർ ഡാം ഡീകമ്മീഷൻ ചെയ്ത് പുതിയ ഡാം നിര്‍മിക്കണം; തിരുവോണ ദിനത്തിൽ ഉപവാസ സമരം

 

click me!