തളിക മോദിക്ക് സമ്മാനിക്കുന്നതിന് മുമ്പ് എസ് പി ജി ഉദ്യോഗസ്ഥർ പരിശോധിച്ചു. സുരേഷ് ഗോപിയുടെ മകളുടെ കല്യാണത്തിന് പങ്കെടുക്കാനാണ് പ്രധാനമന്ത്രി നാളെ ഗുരുവായൂരിൽ എത്തുന്നത്.
തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുരുവായൂരിൽ എത്തുമ്പോൾ സുരേഷ് ഗോപി സമ്മാനിക്കുക സ്വർണ തളിക. സ്വർണ കരവിരുതിൽ വിദഗ്ധനായ അനു അനന്തൻ ആണ് സ്വർണ തളിക നിർമ്മിച്ചത്. തളിക മോദിക്ക് സമ്മാനിക്കുന്നതിന് മുമ്പ് എസ് പി ജി ഉദ്യോഗസ്ഥർ പരിശോധിച്ചു. സുരേഷ് ഗോപിയുടെ മകളുടെ കല്യാണത്തിന് പങ്കെടുക്കാനാണ് പ്രധാനമന്ത്രി നാളെ ഗുരുവായൂരിൽ എത്തുന്നത്.
രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വൈകിട്ടോടെയാണ് കേരളത്തിലെത്തുക. വൈകിട്ട് ആറരയ്ക്ക് നെടുമ്പാശേരിയിൽ എത്തുന്ന പ്രധാനമന്ത്രി ഹെലികോപ്ടർ മാർഗം കൊച്ചിയിൽ ദക്ഷിണ നാവികാസ്ഥാനത്തെത്തും. തുടർന്ന് കെ പി സി സി ജംങ്ഷനിലെത്തി റോഡ് ഷോയിൽ പങ്കെടുക്കും. രാത്രി 7 നും എട്ടിനും ഇടയ്ക്കാണ് റോഡ് ഷോ ക്രമീകരിച്ചിരിക്കുന്നത്. കെ പി സി സി ജംഷ്ഷനിൽ നിന്ന് തുടങ്ങി ഹോസ്പിറ്റൽ ജംങ്ഷനിലെത്തി ഗസ്റ്റ് ഹൗസിൽ എത്തും വിധമാണ് ഒരു കിലോമീറ്റർ റോഡ് ഷോ ക്രമീകരിച്ചിരിക്കുന്നത്.
എറണാകുളം ഗസ്റ്റ് ഹൗസിൽ രാത്രി തങ്ങുന്ന പ്രധാനമന്ത്രി ബുധനാഴ്ച രാവിലെ ഗുരൂവായൂർക്ക് പോകും. സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുത്തശേഷം തൃപ്രയാർ ക്ഷേത്രം സന്ദർശിച്ച് പന്ത്രണ്ട് മണിയോടെ കൊച്ചിയിൽ തിരിച്ചെത്തി മറ്റു രണ്ട് പരിപാടികളിൽ കൂടി പങ്കെടുക്കും. ഇതിന് ശേഷമാകും ദില്ലിയിലേക്ക് മടങ്ങുക. പ്രധാനമന്ത്രി എത്തുന്നതോടെ കൊച്ചിയിലും തൃശൂരിലും ഗതാഗത ക്രമീകരണങ്ങളുണ്ടാകും. ഒപ്പം തന്നെകനത്ത സുരക്ഷയാണ് ഇവിടങ്ങളിൽ ഒരുക്കിയിരിക്കുന്നത്.