മൃദുഹിന്ദുത്വ നിലപാടുകള്‍ തുടരാനാണ് കോണ്‍ഗ്രസ് തീരുമാനമെങ്കില്‍ രാഷ്ട്രീയ ഭൂപടത്തില്‍ നിന്ന് കോണ്‍ഗ്രസിന്‍റെ അടയാളം മാഞ്ഞുപോകുന്ന കാലം വിദൂരമല്ല. തീവ്രഹിന്ദുത്വതും മൃദുഹിന്ദുത്വവും വച്ച് നീട്ടുമ്പോള്‍ സ്വീകാര്യത തീവ്രഹിന്ദുത്വത്തിനാണ് എന്നറിയാന്‍ പാഴൂര്‍പടിവരെ പോകേണ്ട കാര്യമില്ല.
തിരുവനന്തപുരം: രാമക്ഷേത്ര നിർമ്മാണത്തിൽ കോൺഗ്രസ് നേതാക്കളുടെ നിലപാടിന് വിമർശനവുമായി സുന്നി മുഖപത്രമായ സുപ്രഭാതം. കോൺഗ്രസില്‍ നിന്ന് പ്രതീക്ഷിക്കാത്തതാണ് മതനിരപേക്ഷ സമൂഹത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ബാബറി മസ്ജിദ് നിലനിന്നിരുന്ന സ്ഥലത്ത് രാമക്ഷേത്രം നിര്‍മ്മിക്കുന്നതിനെ പുകഴ്ത്തിയും പ്രശംസിച്ചും കോണ്‍ഗ്രസ് നേതാക്കള്‍ എത്തുന്നത് വേദനിപ്പിക്കുന്നതാണ്. കോണ്‍ഗ്രസിന്‍റെ നെറ്റിത്തടത്തില്‍ ജവഹര്‍ലാല്‍ നെഹ്റു പതിപ്പിച്ച സുവര്‍ണ മുദ്രയായിരുന്നു മതേതരത്വം.
രാജീവ് ഗാന്ധി രാഷ്ട്രീയ ലാഭത്തിന് വേണ്ടിയായിരുന്നു ബാബറി മസ്ജിദ് തുറന്നുകൊടുത്തത്. കോണ്‍ഗ്രസ് സ്വീകരിച്ച മൃദു ഹിന്ദുത്വത്തിന്‍റെ നേട്ടമുണ്ടാക്കിയത് തീവ്ര ഹിന്ദുത്വ രാഷ്ട്രീയമായിരുന്നു. മൃദുഹിന്ദുത്വ നിലപാടുകള്‍ തുടരാനാണ് കോണ്‍ഗ്രസ് തീരുമാനമെങ്കില്‍ രാഷ്ട്രീയ ഭൂപടത്തില്‍ നിന്ന് കോണ്‍ഗ്രസിന്‍റെ അടയാളം മാഞ്ഞുപോകുന്ന കാലം വിദൂരമല്ല. തീവ്രഹിന്ദുത്വതും മൃദുഹിന്ദുത്വവും വച്ച് നീട്ടുമ്പോള്‍ സ്വീകാര്യത തീവ്രഹിന്ദുത്വത്തിനാണ് എന്നറിയാന്‍ പാഴൂര്‍പടിവരെ പോകേണ്ട കാര്യമില്ല. അടുത്ത് നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്ത്ഥികള്‍ ജയിച്ചാലും ബിജെപി വച്ച് നീട്ടുന്ന് കോടികള്‍ക്ക് പിന്നാലെ അവര്‍ പോകില്ലെന്ന് എന്തുറപ്പാണ് ഉളളത്. അത്തരം സംഭവങ്ങളാണല്ലോ ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്.
undefined
ബിജെപിയുടെ രാഷ്ട്രീയ അജന്‍ഡ തുറന്ന് കാണിക്കുന്നതിന് പകരം അവരുമായി ചേര്‍ന്ന് പോകുന്ന സമീപനം സ്വീകരിക്കുന്നത് ആത്മഹത്യാപരമാണ് എന്ന് കോണ്‍ഗ്രസ് എന്തുകൊണ്ട് ചിന്തിക്കുന്നില്ല. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പരാജയ കാരണമായി കണ്ടെത്തിയത് ന്യൂനപക്ഷവുമായി അടുത്ത് നില്‍ക്കുന്ന പാര്‍ട്ടിയെന്നായിരുന്നു. എന്നാല്‍ എ കെ ആന്‍റണിയടക്കമുള്ള പടക്കുതിരകള്‍ പ്രചാരണത്തിനിറങ്ങാതെ എല്ലാം രാഹുല്‍ ഗാന്ധിയുടെ ചുമലില്‍ക്കെട്ടുകയായിരുന്നു.
ആൻറണിയുടെ ന്യൂനപക്ഷ വിരുദ്ധ നിലപാടുകൾ കോൺഗ്രസിനെ തെരഞ്ഞെടുപ്പിൽ ബാധിച്ചു.ചെന്നിത്തലയുടെ മേല്‍ സംഘപരിവാര്‍ പ്രതിച്ഛായ ആരോപിക്കപ്പെട്ടിട്ടും അത് മുഖവില്ക്കെടുക്കാതിരിക്കുന്നത് വിദ്യാര്‍ഥി ജീവിതം തൊട്ടുള്ള പൊതുജീവിതം തുറന്ന പുസ്തകമായി നിലകൊള്ളുന്നത് കൊണ്ടാണ്. ഇന്ത്യന്‍ ജനാധിപത്യത്തിന്‍റെ കാതല്‍ മതനിരപേക്ഷതയാണെന്ന് പറഞ്ഞ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിനെ കോണ്‍ഗ്രസ് ദേശീയ നേതൃത്വം വിസ്മരിക്കുന്നുവെങ്കില്‍ എന്തുപറയാന്‍ എന്ന് തുടങ്ങി രൂക്ഷമായ വിമര്‍ശനമാണ് സുപ്രഭാതം പത്രത്തിലെ മുഖപ്രസംഗത്തിലൂടെ നടത്തിയിട്ടുള്ളത്.