കോഴിക്കോട് മെഡി.കോളേജ് ആശുപത്രിയിൽ വൻപ്രതിസന്ധി; മരുന്നുകളുടെയും ശസ്ത്രക്രിയ ഉപകരണങ്ങളുടെയും വിതരണം നിലച്ചു

By Web Desk  |  First Published Jan 10, 2025, 6:35 PM IST

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കുള്ള മരുന്നുകളുടെയും ശസ്ത്രക്രിയ ഉപകരണങ്ങളുടേയും  വിതരണം നിലച്ചു. 90 കോടി രൂപയോളം കുടിശ്ശിക വന്നതോടെയാണ് കമ്പനികള്‍ വിതരണം നിര്‍ത്തിയത്. ആശുപത്രിയെ ആശ്രയിക്കുന്ന ആയിരക്കണക്കിന് രോഗികള്‍ പ്രതിസന്ധിയിലാകും


കോഴിക്കോട്:കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കുള്ള മരുന്നുകളുടെയും ശസ്ത്രക്രിയ ഉപകരണങ്ങളുടേയും  വിതരണം നിലച്ചു. 90 കോടി രൂപയോളം കുടിശ്ശിക വന്നതോടെയാണ് കമ്പനികള്‍ വിതരണം നിര്‍ത്തിയത്. സര്‍ക്കാര്‍ അടിയന്തിരമായി ഇടപെട്ടില്ലെങ്കില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയെ ആശ്രയിക്കുന്ന ആയിരക്കണക്കിന് രോഗികള്‍ പ്രതിസന്ധിയിലാകും. മരുന്നുകളുടെയും ശസ്ത്രക്രിയ ഉപകരണങ്ങളുടെയും വിതരണം നിലച്ചതോടെ ആശുപത്രിയിലെ ശസ്ത്രക്രിയയും രോഗികള്‍ക്കുള്ള മരുന്നുവിതരണവും ഉള്‍പ്പെടെ തടസപ്പെടുന്ന സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്.

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ന്യായ വില മരുന്നുവിതരണ കേന്ദ്രങ്ങളിലേക്ക് മരുന്ന് വിതരണം ചെയ്തതിന് വിതരണക്കാര്‍ക്ക് പണം ലഭിച്ചിട്ട് ഒമ്പത് മാസം പിന്നിട്ടു. കഴിഞ്ഞ മാര്‍ച്ചിനു ശേഷം പണം കിട്ടിയിട്ടില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി മരുന്നു വിതരണം നിര്‍ത്തി വെക്കുമെന്ന് കാണിച്ച് നേരത്തെ ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കുള്‍പ്പെടെ  കത്ത് നല്‍കിയിരുന്നു. അനുകൂല നടപടിയൊന്നുമുണ്ടാകാതെ വന്നതോടെയാണ് മരുന്നും ശസ്ത്രക്രിയാ ഉപകരണങ്ങളും വിതരണം ചെയ്യുന്നത് നിര്‍ത്തിവെച്ചത്.

നിലവില്‍ മരുന്ന് സ്റ്റോക്കുണ്ടെങ്കിലും രണ്ട് ദിവസം കഴിഞ്ഞാല്‍ പ്രതിസന്ധി രൂക്ഷമാകും. കൂടിയ വിലക്ക് മരുന്നും ശസ്ത്രക്രിയാ ഉപകരണങ്ങളും പുറത്തു നിന്നും വാങ്ങേണ്ട സ്ഥിതിയിലാകും രോഗികള്‍. പണം കുടിശ്ശികയായതിനെത്തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ചിലും മരുന്നു വിതരണം നിര്‍ത്തി വെച്ചിരുന്നു. മാര്‍ച്ച് 31നകം കുടിശ്ശിക നല്‍കുമെന്ന ഉറപ്പിനെത്തുടര്‍ന്നായിരുന്നു മരുന്ന് വിതരണം പുനരാംരഭിച്ചത്. എന്നാല്‍, ആ ഉറപ്പും ലംഘിക്കപ്പെട്ടെന്നാണ് വിതരണക്കാര്‍ പറയുന്നത്. ഉടന്‍ തന്നെ വിതരണക്കാര്‍ക്ക് ഫണ്ട് ലഭ്യമാക്കുമെന്ന വിശദീകരണമാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് അധികൃതര്‍ നല്‍കുന്നത്.

Latest Videos

ലോറികളിൽ ഉണ്ടായിരുന്നത് തിരുവനന്തപുരത്തെ വൻകിട ഹോട്ടലുകളിലെ മാലിന്യങ്ങൾ; കൊണ്ടുപോയത് പന്നിഫാമുകളിലേക്ക്

പെണ്‍കുട്ടിക്കുനേരെ ലൈംഗികാതിക്രമം; ഒളിവിൽ പോയ പ്രതി രാത്രി രഹസ്യമായി വീട്ടിലെത്തി, കയ്യോടെ പിടികൂടി പൊലീസ്

click me!