ബിജെപി നേതാക്കൾ ലക്ഷങ്ങൾ നൽകിയത് കൊണ്ടാണ് താൻ തെരഞ്ഞെടുപ്പിൽ പത്രിക പിൻവലിച്ചതെന്നാണ് കെ സുന്ദരയുടെ വെളിപ്പെടുത്തൽ
കാസർകോട്: കൊടകര കുഴൽപ്പണ കേസിൽ പൊലീസ് ചോദ്യം ചെയ്ത സുനിൽ നായ്ക് മഞ്ചേശ്വരത്തെ ബിഎസ്പി സ്ഥാനാർത്ഥിയായിരുന്ന കെ സുന്ദരയുടെ വീട്ടിലെത്തിയിരുന്നെന്ന് വ്യക്തമായി. മാർച്ച് 21 ന് സുന്ദരയ്ക്ക് ഒപ്പമുള്ള ഫോട്ടോകൾ സുനിൽ നായ്ക് ഫെയ്സ്ബുക്കിൽ പങ്കുവെച്ചിരുന്നു. മാർച്ച് 21 ന് പണം നൽകിയെന്നാണ് കെ സുന്ദര ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തിയത്.
ബിജെപി നേതാക്കൾ ലക്ഷങ്ങൾ നൽകിയത് കൊണ്ടാണ് താൻ തെരഞ്ഞെടുപ്പിൽ പത്രിക പിൻവലിച്ചതെന്നാണ് കെ സുന്ദരയുടെ വെളിപ്പെടുത്തൽ. ബിജെപി നേതാക്കൾ രണ്ട് ലക്ഷം രൂപയും സ്മാർട്ട് ഫോണും നൽകി. 15 ലക്ഷം ചോദിച്ചെങ്കിലും രണ്ട് ലക്ഷം രൂപയാണ് കിട്ടിയതെന്നാണ് സുന്ദര പറഞ്ഞത്. പണം ബിജെപി നേതാക്കൾ വീട്ടിലെത്തി അമ്മയുടെ കയ്യിൽ കൊടുത്തു. കെ സുരേന്ദ്രൻ ജയിച്ചാൽ കർണാടകത്തിൽ വൈൻ പാർലറും പുതിയ വീടും വാഗ്ദാനം ചെയ്തെന്നും കെ സുന്ദര ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തിയിരുന്നു.
സ്ഥാനാർത്ഥിക്ക് കൈക്കൂലി നൽകി പത്രിക പിൻവലിപ്പിച്ചെന്ന ആരോപണത്തിൽ കെ സുരേന്ദ്രനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് മഞ്ചേശ്വരത്തെ എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന വിവി രമേശനാണ് കാസർകോട് എസ്പിക്ക് പരാതി നൽകിയത്. പരാതി ബദിയഡുക്ക പൊലീസിന് കൈമാറി. വിവി രമേശൻ ബദിയഡുക്ക പൊലീസ് സ്റ്റേഷനിലെത്തി. വിവി രമേശന്റെ മൊഴി പൊലീസ് രജിസ്റ്റർ ചെയ്തു.