ചക്രവാതച്ചുഴി, ന്യൂനമർദപാത്തി; ചുട്ടുപൊള്ളിയ ഭൂമിയെ തണുപ്പിച്ച് വേനൽമഴ കനക്കുന്നു, കാലവർഷം സമയംതെറ്റാതെ എത്തും

By Web Team  |  First Published May 12, 2024, 9:10 AM IST

കേരളത്തിന് കുറുകെയായുള്ള‍ ന്യൂനമർദ്ദപാത്തിയും തെക്ക് കിഴക്കൻ അറബിക്കടലിൽ നിലനിൽക്കുന്ന ചക്രവാതച്ചുഴിയുമാണ് വലിയൊരു ഇടവേളയ്ക്ക് ശേഷം മഴ മെച്ചപ്പെടാൻ കാരണം


തിരുവനന്തപുരം: കൊടും വേനലിന് അറുതി വരുത്തി സംസ്ഥാനത്ത് വേനൽമഴ ശക്തിപ്പെട്ടു. ഇന്നലെ സംസ്ഥാനത്ത് വ്യാപകമായി മഴ കിട്ടി. ഇന്ന് തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, വയനാട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ടാണ്. ഇന്ന് മറ്റെല്ലാ ജില്ലകളിലും നേരിയതോ മിതമായതോ ആയ മഴ പെയ്യുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ അറിയിപ്പ്. കാലവർഷം പതിവ് സമയത്ത് തന്നെ ഇത്തവണ കേരളത്തിൽ എത്തിച്ചേരുമെന്നാണ് വിലയിരുത്തലുകൾ.

ചുട്ടുപൊള്ളിയ ഭൂമിക്കും മനസ്സിനും ആശ്വാസമായി വേനൽമഴ മെച്ചപ്പെട്ടു. ബുധനാഴ്ച മുതൽ സംസ്ഥാനത്ത് പലയിടങ്ങളിലും വേനൽമഴ കിട്ടുന്നുണ്ട്. ഇന്നലെ കൂടുതലിടങ്ങളിൽ മഴ കിട്ടി. പത്തനംതിട്ടയിലെ തിരുവല്ല, തിരുവനന്തപുരത്തെ പെരിങ്ങമല, എറണാകുളത്തെ കീരാംപാറ, കണ്ണൂരിലെ പന്നീയൂർ, ഇടുക്കിയിലെ പാമ്പാടുംപാറ തുടങ്ങി പല പ്രദേശങ്ങളിലും ഇന്നലെ മഴ ശക്തിപ്പെട്ടു. വെള്ളിയാഴ്ച വരെ മഴ തുടർന്നേക്കും. ഇടിമിന്നലിനും സാധ്യതയുണ്ട്. മഴ മെച്ചപ്പെട്ടതോടെ മിക്കയിടത്തും ഉയർന്ന താപനിലയിൽ കുറവുണ്ട്. നാളെ തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. 

Latest Videos

കേരളത്തിന് കുറുകെയായുള്ള‍ ന്യൂനമർദ്ദപാത്തിയും തെക്ക് കിഴക്കൻ അറബിക്കടലിൽ നിലനിൽക്കുന്ന ചക്രവാതച്ചുഴിയുമാണ് വലിയൊരു ഇടവേളയ്ക്ക് ശേഷം മഴ മെച്ചപ്പെടാൻ കാരണം. ഇനി മൺസൂണിന് തയ്യാറെടുക്കാമെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ വിലയിരുത്തൽ. 18ആം തിയ്യതിയോടെ കാലവർഷം ആൻഡമാൻ തീരത്തെത്തും. ലക്ഷദ്വീപും കടന്ന് കാലവർഷം കേരളത്തിലേക്ക് എത്താൻ ഇത്തവണ വൈകിയേക്കില്ല.

സാധാരണ ജൂൺ ഒന്നിന് തുടങ്ങുന്ന കാലവർഷം എട്ട് ദിവസം വൈകിയാണ് കഴിഞ്ഞ വർഷം കേരളത്തിൽ തുടങ്ങിയത്. 34 ശതമാനം കുറവ് മഴയാണ് 2023ൽ കിട്ടിയത്. എൽ നിനോ കഴിഞ്ഞ് വരുന്ന വർഷങ്ങളിൽ മൺസൂൺ സമയത്ത് കേരളത്തിൽ കൂടുതൽ മഴ കിട്ടാറുണ്ട്. ഇത്തവണയും അതിവർഷ സാധ്യതകൾക്ക് കരുതിയിരിക്കണമെന്നാണ് മുന്നറിയിപ്പുകൾ.

സഞ്ചാരികളേ വരൂ, കക്കയം വിളിക്കുന്നു; തുറക്കുന്നത് 100 ദിവസത്തിന് ശേഷം

tags
click me!