സംസ്ഥാനത്തെ ആറ് ജില്ലകളിൽ വേനൽ മഴയുടെ അളവിൽ കനത്ത ഇടിവാണ് ഉണ്ടായതെന്ന് റിപ്പോർട്ട്
തിരുവനന്തപുരം: കേരളത്തിൽ ഇക്കുറി വേനൽ മഴയിൽ കുത്തനെ ഇടിവുണ്ടായതായി റിപ്പോർട്ട്. 55 ശതമാനത്തിന്റെ കുറവാണ് വേനൽ മഴയിൽ ഉണ്ടായിരിക്കുന്നത്. മാർച്ച് ഒന്ന് മുതൽ മെയ് 31 വരെ 379.7 മില്ലിമീറ്റർ മഴയായിരുന്നു കേരളത്തിൽ ലഭിക്കേണ്ടിയിരുന്നത്. എന്നാൽ ഇത്തവണ ആകെ പെയ്തത് 170.7 മില്ലിമീറ്റർ മാത്രം. കേന്ദ്ര കാലാവസ്ഥ വകുപ്പ് മാർച്ച് 1 മുതൽ മെയ് 31 വരെയുള്ള ദിവസങ്ങളാണ് വേനൽ മഴക്കാലമായി കണക്കാക്കുന്നത്.
വേനൽ മഴ ഏറ്റവും കുറവ് ലഭിച്ചത് കാസർഗോഡാണ്. 272.9 മില്ലിമീറ്റർ മഴ ലഭിക്കേണ്ടിടത്ത് ആകെ പെയ്തത് 64 മില്ലിമീറ്റർ മാത്രം. ആലപ്പുഴയിലും സമാനമായ സ്ഥിതിയായിരുന്നു. 108.2 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. ലഭിക്കേണ്ടത് 477.8 മില്ലിമീറ്ററും. ജില്ലകളിൽ ശരാശരി ലഭിക്കേണ്ട മഴയിൽ 77% കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
എല്ലാ ജില്ലകളിലും ശരാശരിക്ക് താഴെ ആണ് മഴ ലഭിച്ചത്. വയനാടാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ച ജില്ല. ഇവിടെ ശരാശരി ലഭിക്കേണ്ട മഴയുടെ 1% കുറവ് മാത്രമാണ് രേഖപ്പെടുത്തിയത്. കണ്ണൂർ ജില്ലയിൽ 76%, കോഴിക്കോട് 75% എന്നിങ്ങനെയാണ് മഴയുടെ അളവിൽ കുറവുണ്ടായത്. കഴിഞ്ഞ വർഷം 37 ശതമാനം അധികമായിരുന്നു സംസ്ഥാനത്ത് പെയ്ത മഴയുടെ അളവ്.
കാലാവസ്ഥ വകുപ്പിന്റെ പ്രവചനം പ്രകാരം ജൂൺ 6 നാണ് കാലവർഷം കേരളത്തിലെത്തുക. പക്ഷെ ജൂണിൽ ശരാശരിയിലും താഴെ മഴ ലഭിക്കാനേ സാധ്യത ഉള്ളൂ. അതേസമയം ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ നല്ല മഴ ലഭിക്കുമെന്നും പ്രവചിച്ചിട്ടുണ്ട്. ജൂലൈയിൽ ശരാശരി മഴ ലഭിക്കാനും സാധ്യത ഉള്ളതായി പറയുന്നു. കേരളം ഉൾപ്പെടുന്ന തെക്കേ ഇന്ത്യയിൽ ഇത്തവണ കാലവർഷം സാധാരണ നിലയിൽ ആയിരിക്കും. രാജ്യത്തും ഇത്തവണ സാദാരണ നിലയിലുള്ള കാലവർഷം ഉണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പ് പ്രവചനം.