'അതിന്‍റെ കണ്ണീന്ന് വെള്ളം വന്നു, വെളുക്കും വരെ കൊമ്പൻ കാവലായി നിന്നു'; അത്ഭുത രക്ഷപ്പെടലിനെ കുറിച്ച് സുജാത

By Web Team  |  First Published Aug 1, 2024, 1:51 PM IST

'കടല് പോലെ ചുറ്റും വെള്ളം, രക്ഷപ്പെട്ട് ചെന്നെത്തിയത് കാട്ടാനകൾക്ക് മുന്നിൽ'- സുജാതയും പേരക്കുട്ടിയും ദുരന്തമുണ്ടായ രാത്രി വെളുപ്പിച്ചത് കാട്ടാനക്കൂട്ടത്തിന് നടുവിൽ
 


വയനാട്: മുണ്ടക്കൈയിലെ തകർന്നടിഞ്ഞ വീട്ടിൽ നിന്നും ഓടിരക്ഷപ്പെട്ട സുജാതയും പേരക്കുട്ടിയും ചെന്നുപെട്ടത് കാട്ടാനക്കൂട്ടത്തിന് മുന്നിൽ. ആ ദുരന്ത രാത്രി ഇരുവരും വെളുപ്പിച്ചത് കാട്ടാനകൾക്ക് നടുവിലാണ്. വെള്ളം ഇരച്ചെത്തുന്നുണ്ടോ എന്ന പേടിയിലാണ് ദുരന്തത്തിന്‍റെ ഞെട്ടൽ വിട്ടുമാറാതെ മേപ്പാടി സ്വദേശിയായ സുജാത. 

ഉരുൾപൊട്ടലിൽ കൂറ്റൻ മരങ്ങളും പാറക്കഷ്ണങ്ങളും വീടിന്‍റെ ചുമരുകൾ തകർത്തപ്പോൾ സുജാത നല്ല ഉറക്കത്തിലായിരുന്നു. കാതടിപ്പിക്കുന്ന ശബ്ദം കേട്ടാണ് ഉണർന്നത്. കടല് പോലെ ചുറ്റും വെള്ളം. എന്താണ് സംഭവിക്കുന്നതെന്നൊന്നും മനസ്സിലായില്ല. അടുപ്പിന്‍റെ സ്ലാബിനിടയിലൂടെ എങ്ങനെയോ വീടിന് പുറത്തെത്തി. അപ്പോഴാണ് പേരക്കുട്ടിയുടെ നിലവിളി കേട്ടത്. പേരക്കുട്ടിയുടെ ചെറുവിരലിൽ പിടിച്ച് വലിച്ചാണ് പുറത്തെത്തിച്ചത്. അപ്പോഴേക്കും രണ്ടുനില വീട് നിലംപൊത്തുകയായിരുന്നു. 

Latest Videos

"ഓടുന്നതിനിടെ ചെന്നുപെട്ടത് കാട്ടാനകളുടെ മുൻപിലാ. മൂന്ന് ആനകളുണ്ടായിരുന്നു. വലിയ ദുരിതത്തിൽ നിന്നാണ് വരുന്നത്, ഒന്നും കാട്ടല്ലേയെന്ന് അതിനോട് പറഞ്ഞു. അതിന്‍റെ കണ്ണിൽ നിന്ന് വെള്ളം വന്നു.അതിന്‍റെ കാലിൻ ചുവട്ടിലായിരുന്നു നേരം വെളുക്കുന്നതു വരെ ഞങ്ങള്. എഴുന്നേറ്റ് നിൽക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. രാവിലെ ആയപ്പോഴേക്കും ആരൊക്കെയോ വന്നു രക്ഷപ്പെടുത്തി"- സുജാത പറഞ്ഞു.

തന്‍റെ തൊട്ടടുത്ത് താമസിക്കുന്ന ഏഴ് മക്കളുള്ള കുടുംബത്തിലെ ആരും അവശേഷിക്കുന്നില്ലെന്ന് സുജാത പറയുന്നു. നീന്താനറിയുന്നതു കൊണ്ടാണ് പേരക്കുട്ടിയെ ചേർത്തു പിടിച്ച് താൻ എങ്ങനെയോ രക്ഷപ്പെട്ടതെന്ന് സുജാത പറഞ്ഞു. 'നാടില്ല, വീടില്ല, ആരുമില്ല എല്ലാരും പോയി മണ്ണിനുള്ളിൽ' എന്ന് പറഞ്ഞു നെഞ്ചുപൊട്ടിയുള്ള സുജാതയുടെ കരച്ചിൽ കണ്ടുനിൽക്കാനാവില്ല.

click me!