കൊല്ലം കുന്നത്തൂരിലെ 10ാം ക്ലാസുകാരന്റെ ആത്മഹത്യ; പ്രതികളായ ദമ്പതിമാർ അറസ്റ്റിൽ; രക്ഷിതാക്കളുടെ പരാതിയിൽ നടപടി

By Web Desk  |  First Published Jan 5, 2025, 3:36 PM IST

കൊല്ലം കുന്നത്തൂരിൽ പത്താം ക്ലാസ് വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവത്തിൽ പ്രതികളായ ദമ്പതിമാർ അറസ്റ്റിൽ. ആത്മഹത്യ ചെയ്ത ആദികൃഷ്ണന്റെ ബന്ധുക്കളായ സുരേഷ്, ഭാര്യ ​ഗീതു എന്നിവരാണ് അറസ്റ്റിലായത്. 


കൊല്ലം: കൊല്ലം കുന്നത്തൂരിൽ പത്താം ക്ലാസ് വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവത്തിൽ പ്രതികളായ ദമ്പതിമാർ അറസ്റ്റിൽ. ആത്മഹത്യ ചെയ്ത ആദികൃഷ്ണന്റെ ബന്ധുക്കളായ സുരേഷ്, ഭാര്യ ​ഗീതു എന്നിവരാണ് അറസ്റ്റിലായത്. പ്രതികളുടെ ശാരീരികവും മാനസികവുമായ പീഡനമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് കുട്ടിയുടെ രക്ഷിതാക്കൾ പരാതി നൽകിയിരുന്നു. സമൂഹമാധ്യമ അക്കൗണ്ടിൽ സന്ദേശം അയച്ചതിനെ ചൊല്ലി മകനെ ഇരുവരും വീടുകയറി  മർദ്ദിച്ചെന്നായിരുന്നു രക്ഷിതാക്കളുടെ പരാതി. 2024 ഡിസംബർ ഒന്നിനാണ് 15 കാരനായ ആദികൃഷ്ണനെ വീട്ടിനുള്ളിലെ ജനൽക്കമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 

ബന്ധുക്കളായ സുരേഷ്, ഭാര്യ ​ഗീതു എന്നിവര്‍ ആദികൃഷ്ണനെ മർദിച്ചെന്നും മാനസികമായി പീഡിപ്പിച്ചെന്നും  രക്ഷിതാക്കൾ പരാതി ഉന്നയിച്ചിരുന്നു. ഇവർ പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു‌. തുടർന്നാണ് ശാസ്താംകോട്ട പൊലീസ് അന്വേഷണം ആരംഭിച്ചത്. പ്രതികൾ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയും കോടതി തള്ളിയിരുന്നു. പിന്നീട് ഇവർ ഒളിവിൽ പോയി. ഇന്ന് രാവിലെയാണ് ശാസ്താംകോട്ട പോലീസ് ഇവരെ അറസ്റ്റ് ചെയ്യുന്നത്. ഇന്ന് തന്നെ റിമാൻഡ് ചെയ്തേക്കും. പ്രതികൾക്കെതിരെ ആത്മഹത്യ പ്രേരണക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. 

Latest Videos

click me!