തിരുവനന്തപുരം കരകുളത്തെ എഞ്ചിനീയറിംഗ് കോളേജിൽ കണ്ടെത്തിയ കത്തിക്കരിഞ്ഞ മൃതദേഹം കോളേജ് അബ്ദുൾ അസീസ് താഹയുടേത് തന്നെയെന്നതിന് കൂടുതൽ തെളിവുകൾ പുറത്ത്.
തിരുവനന്തപുരം: പി.എ.അസീസ് എഞ്ചിനീയറിംഗ് കോളെജ് ഉടമ ഇ.എം.താഹയുടെ മൊബൈൽ ഫോണിൽ നിന്ന് ആത്മഹത്യ കുറിപ്പ് കിട്ടിയതായി പൊലീസ്. മരണമല്ലാതെ മറ്റ് വഴിയില്ലെന്നാണ്കുറെ നാൾ മുന്പ് തയ്യാറാക്കിയ കുറിപ്പിലുള്ളത്. കോളെജിലെ കെട്ടിടത്തിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം താഹയുടേത് തന്നെ എന്ന് അന്തിമമായി ഉറപ്പിക്കാൻ ഡിഎൻഎ പരിശോധന ഫലത്തിനായി കാത്തിരിക്കുകയാണ് കുടുംബവും പൊലീസും.
പി എ അസീസ് എഞ്ചിനീയറിംഗ് കോളെജിലെ പണിതീരാത്ത ഹാളിനുള്ളിൽ ഇന്നലെ രാവിലെയാണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. തൊട്ടടുത്തായുണ്ടായിരുന്ന കണ്ണടയിൽ നിന്നും മൊബൈൽ ഫോണിൽ നിന്നുമാണ് കോളജ് ഉടമ ഇ.എം.താഹയുടേതാണ് മൃതദേഹം എന്ന സംശയത്തിലേക്ക് എത്തിയത്. ലൈവ് റെക്കോർഡ് ചെയ്യാനെന്ന തരത്തിൽ, കസേരയിൽ സ്ഥാപിച്ച നിലയിലായിരുന്നു മൊബൈൽ ഫോൺ.
പരിശോധനയിൽ ദൃശ്യങ്ങളൊന്നും കണ്ടെത്താനായില്ല. എന്നാൽ ഗ്യാലറയിൽ സൂക്ഷിച്ച നിലയിലായിരുന്നു ആത്മഹത്യ കുറിപ്പ്. മരണമല്ലാതെ രക്ഷപ്പെടാൻ മറ്റ് മാർഗം ഒന്നുമില്ലെന്നാണ് ഏറെ നാൾ മുമ്പ് തയ്യാറാക്കിയ കുറിപ്പിലുള്ളത്. 28ആം തീയതിൽ വഴയിലയിലെ ഒരു പമ്പിൽ നിന്ന് താഹ പെട്രോൾ വാങ്ങിയതിന്റെ ബില്ലും പൊലീസിന് കിട്ടിയിട്ടുണ്ട്.
താഹയുടെ മകനിൽ നിന്നും അനുജനിൽനിന്നും ഡിഎൻഎ സാമ്പിൾ ശേഖരിച്ചിട്ടുണ്ട്. പതിനഞ്ച് കോടി രൂപയുടെ എങ്കിലും ബാധ്യത താഹയ്ക്കുണ്ടായിരുന്നെന്നാണ് വിവരം. എന്നാൽ സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള ശേഷി ഇപ്പോഴും താഹയ്ക്കുണ്ടായരുന്നു. മാനസികമായി തളർന്ന നിലയിലായിരുന്നു അദ്ദേഹം. മനോവിഷമം മൂലം ആത്മഹത്യ ചെയ്തതാകാം എന്ന സംശയം ബലപ്പെടുന്നുവെന്നാണ് പൊലീസ് നൽകുന്ന വിവരം.