കണ്ണൂര്‍ നഗരസഭയുടെ ചുമതല - കെ സുധാകരന്‍, എറണാകുളം - വി ഡി സതീശന്‍, കോഴിക്കോട് - ചെന്നിത്തല, തൃശ്ശൂര്‍ - റോജി എം ജോൺ, കൊല്ലം -വി എസ് ശിവകുമാർ, തിരുവനന്തപുരം - പി സി വിഷ്ണുനാഥ്
സുല്‍ത്താന്‍ബത്തേരി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഭരണം പിടിച്ചെടുക്കാന്‍ കർമ്മപദ്ധതിയൊരുക്കി കെ പി സി സി ക്യാമ്പ് എക്‌സിക്യൂട്ടീവ്. ആറ് കോര്‍പ്പറേഷനുകളിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന ചുമതല കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ എം പിയും പ്രതിപക്ഷ നേതാവ് വി ഡി സതീശനും കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം രമേശ് ചെന്നിത്തലയും ഉള്‍പ്പെടെയുള്ളവര്‍ പ്രധാന നേതാക്കള്‍ ഏറ്റെടുക്കുന്നതടക്കമുള്ള തീരുമാനമാണ് ക്യാമ്പിലുണ്ടായതെന്ന് കെ പി സി സി വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. തദ്ദേശസ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ജില്ലകളിലെ പ്രവര്‍ത്തനങ്ങളുടെ ചുമതല ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നല്‍കിയാണ് രണ്ട് ദിവസമായി വയനാട് സുല്‍ത്താന്‍ബത്തേരി സപ്ത റിസോര്‍ട്ടില്‍ ചേര്‍ന്ന കെ പി സി സി എക്‌സിക്യൂട്ടീവ് ക്യാമ്പ് സമാപിച്ചത്.
ക്യാമ്പ് സംബന്ധിച്ച കെ പി സി സി അറിയിപ്പ്
ചിട്ടയായ സംഘടനാ പ്രവര്‍ത്തനത്തിലൂടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഭരണം പിടിച്ചെടുക്കുക എന്നതാണ് യോഗത്തിന്റെ പൊതു തീരുമാനം. അതിനാവശ്യമായ കര്‍മ്മപദ്ധതികളും പ്രവര്‍ത്തന രേഖയും രണ്ടുദിവസമായി നടന്ന ക്യാമ്പ് എക്‌സിക്യൂട്ടിവില്‍ നേതാക്കള്‍ ചര്‍ച്ച ചെയ്തു രൂപം നല്‍കി. കണ്ണൂര്‍ നഗരസഭയുടെ ചുമതല കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ എം പിക്കും എറണാകുളം പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍,കോഴിക്കോട് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തലയ്ക്കും തൃശ്ശൂര്‍ എഐസിസി സെക്രട്ടറി റോജി എം ജോണിനും കൊല്ലം മുന്‍ മന്ത്രി വി എസ് ശിവകുമാറിനും തിരുവനന്തപുരം പി സി വിഷ്ണുനാഥിനും നല്‍കി.
ഇതിന് പുറമെ ജില്ലകളെ മൂന്ന് മേഖലകളായി വിഭജിച്ച് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമാര്‍ക്കും ചുമതല നല്‍കി. തിരുവനന്തപുരം മേഖലയുടെ ചുമതല കൊടിക്കുന്നില്‍ സുരേഷ് എം പിക്കും, എറണാകുളം മേഖലയുടേത് ടി എന്‍ പ്രതാപനും കോഴിക്കോട് മേഖലയുടേത് ടി സിദ്ധിഖ് എം എല്‍ എയ്ക്കും നല്‍കി.
ജില്ലകളുടെ സംഘടനാ ചുമതലവഹിക്കുന്ന ജനറല്‍ സെക്രട്ടറിമാറിക്ക് പുറമെ ജില്ലാതല മേല്‍നോട്ട ചുമതല ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ക്ക് കൂടി നല്‍കി. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം എല്‍ എ തിരുവനന്തപുരം, അടൂര്‍ പ്രകാശ് എംപി കൊല്ലം,പത്തനംതിട്ട ഷാനിമോള്‍ ഉസ്മാന്‍,ആലപ്പുഴ മുന്‍മന്ത്രി കെ.സി.ജോസഫ്, കോട്ടയം ബെന്നി ബെഹനാന്‍ എംപി, ഇടുക്കി ജോസഫ് വാഴയ്ക്കന്‍, എറണാകുളം ആന്റോ ആന്റണി, തൃശ്ശൂര്‍ എ.പി.അനില്‍കുമാര്‍, പാലക്കാട് ടി.എന്‍ പ്രതാപന്‍,മലപ്പുറം എം.കെ.രാഘവന്‍ എംപി, കോഴിക്കോട് രാജ്‌മോഹന്‍ ഉണ്ണിത്താന്‍, വയനാട് സണ്ണിജോസഫ് എംഎല്‍എ, കണ്ണൂര്‍ ടി.സിദ്ധിഖ് എംഎല്‍എ, കാസര്‍ഗോഡ് ഷാഫിപറമ്പില്‍ എംപി എന്നിവര്‍ക്കും നല്‍കി. ജില്ലകളുടെ ചുമതലവഹിക്കുന്ന കെപിസിസി ജനറല്‍ സെക്രട്ടറിമാരുമായി ചേര്‍ന്ന് ഇവര്‍ പ്രവര്‍ത്തിക്കും.
പ്രദേശികതലത്തിലെ ജനകീയ വിഷയങ്ങള്‍ ഏറ്റെടുത്തും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നടപടികളെ തുറന്നുകാട്ടിയും ശക്തമായ പ്രവര്‍ത്തനവുമായി മുന്നോട്ട് പോകാന്‍ യോഗം തീരുമാനിച്ചു.പാലക്കാട് റെയില്‍വെ ഡിവിഷന്‍ വിഭജനത്തിനെതിരേ വി.കെ.ശ്രീകണ്ഠന്‍ എംപി പ്രമേയം അവതരിപ്പിച്ചു.പാലക്കാട് ഡിവിഷനെ ഇല്ലാതാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം സംസ്ഥാനത്തിന്റെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്നും അത് ഉപേക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്നും പ്രമേയം ആവശ്യപ്പെട്ടു. കേരളത്തിന്റെ റെയില്‍വെ വികസനത്തിന് തുരങ്കം വെയ്ക്കുന്ന ഈ നടപടിയുമായി മുന്നോട്ട് പോകാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനമെങ്കില്‍ യുഡിഎഫ് എംപിമാരെ അണിനിരത്തി ശക്തമായ പ്രക്ഷോഭം നടത്താനും യോഗം തീരുമാനിച്ചു.
മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഒന്നാം ചരമവാര്‍ഷികത്തോട് അനുബന്ധിച്ച് കെപിസിസി ക്യാമ്പ് എക്‌സിക്യൂട്ടീവ് അദ്ദേഹത്തെ അനുസ്മരിച്ചു. അനുസ്മരണ പ്രസംഗം യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍ നടത്തി. മഴക്കെടുതിയിലും വന്യജീവി ആക്രമണത്തിലും മരിച്ചവര്‍ക്ക് യോഗം ആദരാജ്ഞലി അര്‍പ്പിച്ചു. ജനങ്ങള്‍ക്ക് മഴക്കെടുതി മൂലം ഉണ്ടാകുന്ന ദുരിതങ്ങള്‍ക്ക് പരിഹാരം കാണാനും പ്രതിരോധ നടപടികള്‍ സ്വീകരിക്കാനും സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. മഴക്കാലപൂര്‍വ്വ പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്നതില്‍ സര്‍ക്കാര്‍ സംവിധാനം പൂര്‍ണ്ണമായി പരാജയപ്പെട്ടതാണ് ജനങ്ങള്‍ക്ക് ഇത്രയും വലിയ ദുരിതം ഉണ്ടാകാന്‍ കാരണമെന്നും ക്യാമ്പ് വിലയിരുത്തി. പകര്‍ച്ചാവ്യാധികളുടെ വ്യാപനം തടയുന്നതിന് ആരോഗ്യവകുപ്പ് സത്വര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. മഴക്കെടുതിയില്‍ കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്കും മറ്റും നല്‍കേണ്ട നഷ്ടപരിഹാരം കാലതാമസമില്ലാതെ വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും കെപിസിസി ക്യാമ്പ് എക്‌സിക്യൂട്ടീവ് ആവശ്യപ്പെട്ടു. കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി കെപിസിസി ക്യാമ്പ് എക്‌സിക്യൂട്ടീവിന്റെ ഉപസംഹാര പ്രസംഗം നടത്തി.എഐസിസി ജനറല്‍ സെക്രട്ടറിമാരായ കെ.സി.വേണുഗോപാല്‍ എംപി,ദീപദാസ് മുന്‍ഷി,പ്രതിപക്ഷനേതാവ് വിഡി സതീശന്‍,എഐസിസി സെക്രട്ടറിമാരായ വിശ്വനാഥപെരുമാള്‍,പി.വി.മോഹന്‍ എന്നിവര്‍ സംസാരിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം