വിവാദം തുടങ്ങിയ ദിവസം ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കുമ്പോഴായിരുന്നു .സുബ്രഹ്മണ്യൻ നിലപാട് വ്യക്തമാക്കിയത്
ദില്ലി: ദ ഹിന്ദുവിലെ അഭിമുഖത്തിന് ഇടനിലക്കാരനായ സിപിഎം മുന്‍ എംഎല്‍എ ടി കെ ദേവകുമാറിന്‍റെ മകന്‍ സുബ്രഹ്മണ്യന്‍ ഫ്രീലാന്‍സ് ജേര്‍ണ്ണലിസ്റ്റാണെന്ന സിപിഎം വാദവും തെറ്റ്. മാധ്യമങ്ങളുമായി ഒരു ബന്ധവുമില്ലെന്നും റിലയന്‍സ് ജീവനക്കാരനാണെന്നുമായിരുന്നു വിവാദം തുടങ്ങിയ വേളയില്‍ സുബ്രഹ്മണ്യന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തിയത്. മുഖ്യമന്ത്രിയുടെ പ്രതിച്ഛായ വര്‍ധനവിനായി ദില്ലിയില്‍ പ്രചരിച്ച വാര്‍ത്താകുറിപ്പ് ഉള്ളടക്കമാക്കിയ ഫെയ്സ് ബുക്ക് പോസ്റ്റ് മുന്‍ എംഎല്‍എ ദേവകുമാര്‍ ഫെയ്സ് ബുക്കില്‍ നിന്ന് മാറ്റിയതിന്‍റെ തെളിവുകളും പുറത്ത് വന്നു
പിആറില്‍ വിവാദം പുകയുമ്പോള്‍ പിടിച്ചുനില്‍ക്കാനായി മുഖ്യമന്ത്രിയും സിപിഎമ്മും ഉന്നയിക്കുന്ന വാദങ്ങള്‍ ഒന്നൊന്നായി ദുര്‍ബലമാകുന്നു.സുബ്രഹ്മണ്യന്‍ നിരന്തരം ആവശ്യപെട്ടതുകൊണ്ടാണ് അഭിമുഖം നല്‍കിയതെന്നും അദ്ദേഹം ഫ്രീലാന്‍സ് ജേര്‍ണ്ണലിസ്റ്റാണെന്നുമുള്ള വാദമാണ് സിപിഎം സംസ്ഥാന കമ്മിറ്റിയിലുയര്‍ന്നത്. എന്നാല്‍ മാധ്യമപ്രവര്‍ത്തനവുമായി ഒരു ബന്ധവുമില്ലെന്നാണ് സുബ്രഹ്മണ്യന്‍ വ്യക്തമാക്കിയത്.
മലപ്പുറത്തെ സ്വര്‍ണ്ണക്കടത്തിന്‍റെ വിവരങ്ങള്‍ മുഖ്യമന്ത്രിയുടെ അഭിമുഖത്തില്‍ ഉള്‍പ്പെടുത്താന്‍ സുബ്രഹ്മണ്യന്‍ നിര്‍ദ്ദേശിച്ചത് ആരുുടെ ആവശ്യപ്രകാരമാണെന്ന് ഇനിയും വ്യക്തമല്ല. വിവാദത്തില്‍ ഏജന്‍സിയുടെ പങ്കും വ്യക്തമായിട്ടില്ല. പരസ്യപ്രതികരണത്തിന് കൈസന്‍ ഗ്രൂപ്പിന്‍റെ മേധാവികളാരും തയ്യാറല്ല. സിഇഒ വിനീത് ഹന്‍ഡ ദില്ലിയില്‍ നിന്ന് മാറി നില്‍ക്കുകയാണ്. അതേ സമയം മലപ്പുറത്ത് സ്വര്‍ണ്ണക്കടത്ത് പിടികൂടിയതടക്കം വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ച് ദില്ലിയില്‍ പ്രചരിച്ച വാര്‍ത്താ കുറിപ്പിലെ ഉള്ളടക്കം വ്യക്തമാക്കി പുറത്ത് വന്ന മാധ്യമ വാര്‍ത്തകള്‍ സുബ്രഹ്മണ്യന്‍റെ അച്ഛനും മുന്‍ എംഎല്‍എയുമായ ടി കെ ദേവകുമാര്‍ ഫെയ്സ് ബുക്കില്‍ പങ്കു വച്ചിരുന്നു. കേരളം പിണറായിക്കൊപ്പം തെളിവ് ആവശ്യപ്പെടുന്നവര്‍ക്കായി സമര്‍പ്പിക്കുന്നുവെന്നെഴുതിയയാിരുന്നു വാര്‍ത്ത ഷെയര്‍ ചെയ്തത്. വാര്‍ത്താ കുറിപ്പിന് പിന്നിലും സുബ്രഹ്മണ്യന്‍ എന്ന സൂചനകള്‍ ശക്തമായതിന് പിന്നാലെ ഫെയ്സ് ബുക്ക് പോസ്റ്റുകള്‍ മുക്കുകയായിരുന്നു.