കൊല്ലം: ചെറിയൊരു ശതമാനം ആളുകളിൽ കൊറോണ വൈറസ് ബാധ ഉണ്ടായി 14 ദിവസമെന്ന ഇൻകുബേഷൻ സമയ പരിധിക്ക് ശേഷവും രോഗ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നതായി പഠനങ്ങൾ. രോഗബാധിതരുടെ സ്രവങ്ങളില്‍ വൈറസിന്‍റെ സാന്നിധ്യം 39 ദിവസം വരെ നീണ്ടുനില്‍ക്കുന്ന വൈറസ് ഷെഡിംഗും ഉണ്ടാകാം. എന്നാൽ വൈറസ് ഷെഡിംഗ് കാലയളവിൽ രോഗപ്പകര്‍ച്ച സാധ്യത കുറവാണെന്നും ആശങ്ക വേണ്ടെന്നും വിദഗ്ധർ പറയുന്നു.
കൊറോണ വൈറസ് ശരീരത്തില്‍ പ്രവേശിച്ച് കഴിഞ്ഞാൽ രോഗബാധ ഉണ്ടായി രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാനെടുക്കുന്ന സമയപരിധിയാണ് ഇൻകുബേഷൻ പിരീഡ്. സാധാരണ ഗതിയില്‍ ഈ സമയ പരിധി 14 ദിവസമാണ്. എന്നാല്‍, എല്ലാവരിലും ഇങ്ങനെ തന്നെ ആകണമെന്നില്ല. ചിലരില്‍ രണ്ടാഴ്ചക്ക് അപ്പുറത്തേക്ക് ഇത് നീളാം. രോഗലക്ഷണങ്ങൾ കാണിക്കാത്തവര്‍ക്കും സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ ചിലര്‍ക്ക് ചികിത്സ തുടങ്ങിയാലും 39 ദിവസം വരെ വൈറസ് സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.
എന്നാല്‍, ഈ കാലയളവില്‍ ഈ രോഗിയില്‍ നിന്ന് മറ്റൊരാളിലേക്ക് രോഗം പകരണമെന്നില്ല. തൃശൂര്‍, കാസര്‍കോട് ജില്ലകളില്‍ ആദ്യം രോഗം സ്ഥിരീകരിച്ച രോഗികള്‍ക്ക് ഇത്തരം അവസ്ഥ ഉണ്ടായിരുന്നു. കേരളത്തില്‍ രോഗബാധ സ്ഥിരീകരിച്ച 80 ശതമാനം പേര്‍ക്കും ചെറിയ രോഗ ലക്ഷണങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നത്. 20 മുതല്‍ 30 ശതമാനം പേര്‍ക്ക് ഒരു രോഗലക്ഷണവും ഉണ്ടായിരുന്നില്ല. അതേസമയം, യാത്രകൾ ചെയ്യാത്ത, രോഗികളുമായി സമ്പർക്കം വരാത്ത എന്നാൽ കൊവിഡിന്റെ അതേ ലക്ഷണങ്ങൾ ഉള്ളവരെ കൂടി കേരളത്തിൽ പരിശോധിക്കും.