ഹോട്ടലിന് മുന്നിൽ കാർ നിർത്തിയപ്പോൾ പൊലീസ് ഫോട്ടോയെടുത്തു, ചോദ്യം ചെയ്ത് റോഡിൽ കയ്യാങ്കളി; യുവാവ് അറസ്റ്റിൽ

By Web Team  |  First Published Feb 10, 2024, 1:10 AM IST

യുവാവും സഹോദരിയും ആശുപത്രിയിൽ പോയി വരുമ്പോൾ ഭക്ഷണം വാങ്ങാനായി ഹോട്ടലിന് മുന്നിൽ വാഹനം നിർത്തുകയായിരുന്നു. അപ്പോഴാണ് ഗതാഗതക്കുരുക്ക് കാരണം പൊലീസുകാരൻ വാഹനത്തിന്റെ ഫോട്ടോ എടുത്തത്.


മലപ്പുറം കൊണ്ടോട്ടിയില്‍ പൊലീസുകാരനും യുവാവും തമ്മില്‍ കയ്യാങ്കളി. വാഹന പാർക്കിങിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് കയ്യാങ്കളിയിലെത്തിയത്. സംഭവത്തില്‍ പുളിക്കല്‍ സ്വദേശി നൗഫലിനെ പോലീസ് അറസ്റ്റ് ചെയ്തു. നൗഫലിനെ പോലീസുകാരന്‍ വാഹനത്തില്‍ നിന്നും വലിച്ചിറക്കി ആക്രമിക്കുകയായിരുന്നുവെന്ന് കുടുംബം ആരോപിച്ചു.

കൊണ്ടോട്ടി ടൗണില്‍ ഇന്നലെ വൈകിട്ടായിരുന്നു സംഭവം. നൗഫലും സഹോദരിയും ആശുപത്രിയില്‍ പോയി മടങ്ങുന്നതിനിടെ ഭക്ഷണം വാങ്ങാനായി റോഡരികിലെ ഹോട്ടലിന് മുന്നില്‍ നിര്‍ത്തി. ഗതാഗത കുരുക്കുള്ള സമയമായതിനാല്‍ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന കൊണ്ടോട്ടി പോലീസ് സ്റ്റേഷനിലെ സിപിഒ സദഖത്തുള്ള വാഹനത്തിന്‍റെ ഫോട്ടോയെടുത്തു. ഇതിനെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൈയ്യാങ്കളിയിലേക്കെത്തിയത്. 

Latest Videos

undefined

ഇതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട നൗഫലിനെയും സഹോദരിയേയും പോലീസ് തന്നെ ആശുപത്രിയിലെത്തിച്ചു. പിന്നീട് ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്നതടക്കമുള്ള വകുപ്പുകള്‍ ചുമത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവത്തില്‍ പോലീസുകാരനായ സദഖത്തുള്ളക്കെതിരെ നൗഫലിന്‍റെ സഹോദരി മുഹ്സിന എസ്.പിക്ക് പരാതി നല്‍കി. പോലീസുകാരന്‍ ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി തന്നെയും മര്‍ദിച്ചെന്ന് മുഹ്സിന പറഞ്ഞു.

നൗഫല്‍ പ്രകോപനം സ‍ൃഷ്ടിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഗതാഗത കുരുക്കുണ്ടാക്കിയതിനെ തുടര്‍ന്ന് കാറിന്‍റെ ഫോട്ടോയെടുത്തപ്പോള്‍ നൗഫല്‍ പുറത്തിറങ്ങി വന്ന് പൊലീസുകാരനെ കൈയേറ്റം ചെയ്യുകയായിരുന്നുവെന്നും കൊണ്ടോട്ടി പോലീസ് പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം...

click me!