ആറ് വർഷമായി കുവൈത്തിൽ ജോലി ചെയ്യുകയായിരുന്നു എഞ്ചിനീയറായ സ്റ്റെഫിൻ. കുടുംബം കോട്ടയത്തെ പാമ്പാടിയിൽ വാടക വീട്ടിലാണ് താമസം. സ്വന്തം വീടിന്‍റെ നിർമാണം അവസാന ഘട്ടത്തിലായിരുന്നു.
കോട്ടയം: സ്വപ്നഭവനത്തിൽ ഒന്ന് അന്തിയുറങ്ങാനാകാതെയാണ് കോട്ടയം സ്വദേശിയായ സ്റ്റെഫിൻ എബ്രഹാം സാബു എന്ന 29കാരൻ യാത്രയായത്. കുവൈത്തിലെ തീപിടിത്തത്തിൽ മരിച്ച മലയാളികളില്‍ ഒരാള്‍. ആറ് വർഷമായി കുവൈത്തിൽ ജോലി ചെയ്യുകയായിരുന്നു എഞ്ചിനീയറായ സ്റ്റെഫിൻ. ആറ് മാസം മുൻപാണ് നാട്ടിൽ വന്നുപോയത്. ഒരു മാസം കഴിഞ്ഞ് വീണ്ടും വരാനിരിക്കെയാണ് ഈ ദുരന്തം സംഭവിച്ചത്.
സാബു ഫിലിപ്പ്, ഷേര്‍ളി സാബു ദമ്പതികളുടെ മൂത്ത മകനാണ് സ്റ്റെഫിന്‍. സ്റ്റെഫിന്‍റെ കുടുംബം കോട്ടയത്തെ പാമ്പാടിയിൽ വാടക വീട്ടിലാണ് താമസം. സ്വന്തം വീടിന്‍റെ നിർമാണം അവസാന ഘട്ടത്തിലായിരുന്നു. പുതിയ വീട്ടിലേക്ക് താമസം മാറാനിരിക്കുകയായിരുന്നു. അതിനിടെ സ്റ്റെഫിൻ സഹോദരനെയും കുവൈത്തിലേക്ക് കൊണ്ടുപോയിരുന്നു. ഇരുവരും രണ്ട് സ്ഥലങ്ങളിലാണ് ജോലി ചെയ്തിരുന്നത്. മൂന്ന് മക്കളിൽ മൂത്തയാളായ സ്റ്റെഫിൻ വീടിന്‍റെ ഉത്തരവാദിത്വങ്ങളെല്ലാം ഏറ്റെടുത്ത് മുന്നോട്ടുപോവുമ്പോഴാണ് ഈ ദുരന്തം സംഭവിച്ചത്. .
കുവൈത്തിലെ തീപിടിത്തത്തിൽ മരിച്ച മലയാളികളുടെ എണ്ണം 13 ആയി. കൊല്ലം, പത്തനംതിട്ട, കോട്ടയം, മലപ്പുറം, കാസർകോട് സ്വദേശികളാണ് മരിച്ചത്. ഷമീർ, ലൂക്കോസ് സാബു, സാജൻ ജോർജ് എന്നിവരാണ് മരിച്ച കൊല്ലം സ്വദേശികൾ. മുരളീധരൻ, ആകാശ് ശശിധരൻ, സജു വർഗീസ്, തോമസ് സി ഉമ്മൻ എന്നിവർ പത്തനംതിട്ട സ്വദേശികളാണ്. മലപ്പുറം തിരൂർ സ്വദേശി നൂഹ്, ബാഹുലേയൻ, കാസർകോട് ചെർക്കള കുണ്ടടക്കം സ്വദേശി രഞ്ജിത്ത്, കേളു എന്നിവരുടെയും മരണം സ്ഥിരീകരിച്ചു.കോട്ടയത്ത് സ്റ്റെഫിന് പുറമേ ശ്രീഹരി പ്രദീപും മരിച്ചു.
അഞ്ച് ആശുപത്രികളിലായിട്ടാണ് പരിക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്നത്. ആശുപത്രിയിലുള്ള 9 പേരുടെ നില ഗുരുതരമായി തുടരുകയാണെന്ന റിപ്പോർട്ട് പുറത്തുവന്നിട്ടുണ്ട്. കുവൈത്ത് ദുരന്തം ചർച്ച ചെയ്യാൻ സംസ്ഥാനത്ത് ഇന്ന് പ്രത്യേക മന്ത്രിസഭാ യോഗം ചേരും. മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ യോഗത്തിൽ ചർച്ചയാകും.