ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്, ബിഗ് ഡാറ്റ ആന്‍റ് അനലിറ്റിക്സ്, അഡ്വാൻസ്ഡ് മാനുഫാക്ചറിങ്ങ് ആന്‍റ് റോബോട്ടിക്സ് തുടങ്ങി നിരവധി മേഖലകളിൽ നിന്നുള്ള കമ്പനികൾ പങ്കെടുത്തെന്ന് മന്ത്രി പി രാജീവ്
തിരുവനന്തപുരം: അൻപതിലധികം സ്റ്റാർട്ടപ്പ് കമ്പനികൾ പങ്കെടുത്ത സ്റ്റാർട്ടപ്പ് സെക്ടറൽ കോൺക്ലേവ് തിരുവനന്തപുരത്ത് നടന്നു. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്, ബിഗ് ഡാറ്റ ആന്‍റ് അനലിറ്റിക്സ്, അഡ്വാൻസ്ഡ് മാനുഫാക്ചറിങ്ങ് ആന്‍റ് റോബോട്ടിക്സ് തുടങ്ങി നിരവധി മേഖലകളിൽ നിന്നുള്ള കമ്പനികൾ പങ്കെടുത്തെന്ന് മന്ത്രി പി രാജീവ് അറിയിച്ചു. നിരവധി സെഷനുകളിലായി സംഘടിപ്പിച്ച സെക്ടറൽ കോൺക്ലേവിൽ സ്റ്റാർട്ടപ്പുകൾക്ക് ലഭ്യമായിട്ടുള്ള ഗ്രാന്‍റുകളെക്കുറിച്ചും മറ്റ് സ്കീമുകളെക്കുറിച്ചും സ്കെയിൽ അപ്പ് പദ്ധതികളെക്കുറിച്ചുമുള്ള സംവാദങ്ങളുണ്ടായെന്നും മന്ത്രി പറഞ്ഞു.
ഗ്ലോബൽ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം റിപ്പോർട്ട് പ്രകാരം ആഗോള വളർച്ചാ ശരാശരിയേക്കാൾ 5 മടങ്ങ് വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട് കേരളത്തിന്‍റെ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം. നൂതന സാങ്കേതിക വിദ്യ അടിസ്ഥാനമാക്കിയുള്ള സ്റ്റാർട്ടപ്പുകൾക്ക് വലിയ പിന്തുണയാണ് സർക്കാർ നൽകുന്നതെന്ന് മന്ത്രി പറഞ്ഞു. ഐടി ഇതര സ്റ്റാർട്ടപ്പുകൾക്കും ഐടി മേഖലയിൽ ലഭിക്കുന്ന പിന്തുണ തന്നെ നൽകുന്നതിനും സർക്കാർ തയ്യാറായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
undefined
റോബോട്ടിക്സ്, മാരിടൈം, ലോജിസ്റ്റിക്സ്, ഹൈടെക് ഫാമിങ്ങ്, ആയുർവേദം, ഫുഡ് പ്രൊസസിങ്ങ്, ബയോ ടെക്നോളജി, റീസൈക്ലിങ്ങ് ആന്‍റ് വേസ്റ്റ് മാനേജ്മെന്‍റ്, ടൂറിസം, ലൈഫ് സയൻസ് തുടങ്ങിയ മേഖലകളിലെ സെക്ടറൽ മീറ്റിങ്ങുകൾ സംഘടിപ്പിച്ചുകഴിഞ്ഞെന്നും മന്ത്രി പറഞ്ഞു. ബംഗളൂരു, ചെന്നൈ, മുംബൈ, ഡൽഹി ഇന്‍റസ്ട്രിയൽ റോഡ്ഷോകളും സംഘടിപ്പിച്ചു. ഇനി വിദേശ രാജ്യങ്ങളിൽ റോഡ് ഷോകൾ സംഘടിപ്പിക്കും. ഇതിന് ശേഷം വിഴിഞ്ഞം തുറമുഖത്തിന്‍റെ സാധ്യതകൾ ഉപയോഗപ്പെടുത്തുന്നതിനായി വിഴിഞ്ഞം കോൺക്ലേവ് സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
41 പരിപാടികളാണ് ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിന് മുന്നോടിയായി നടക്കുന്നത്. ഇതെല്ലാം വിജയകരമായി സംഘടിപ്പിച്ചുകൊണ്ട് ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലേക്ക് കടക്കുമെന്ന് മന്ത്രി വ്യക്തമാക്കി. 2025 ഫെബ്രുവരി 21, 22 തീയതികളിൽ കൊച്ചിയിൽ നടക്കുന്ന ഈ അന്താരാഷ്ട്ര നിക്ഷേപക സംഗമം ഇന്നേവരെ കേരളം കാണാത്ത ചരിത്രസംഭവമായി മാറുമെന്നും മന്ത്രി പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം