സിനിമാ സംഘടനകളുടെ വിലക്കിന് പിന്നാലെയാണ് അമ്മയില്‍ അംഗത്വത്തിന് അപേക്ഷ നല്‍കിയത്.അമ്മയുടെ എക്സിക്യൂട്ടീവ് യോഗം ചേർന്ന് അംഗത്വത്തിൽ തീരുമാനമെടുക്കും
എറണാകുളം: സിനിമാ സംഘടനകളുടെ വിലക്കിന് പിന്നാലെ താര സംഘടനയായ അമ്മയിൽ അംഗത്വം നേടാൻ അപേക്ഷ നൽകി നടൻ ശ്രീനാഥ് ഭാസി. കലൂരിൽ അമ്മയുടെ ആസ്ഥാനത്ത് എത്തിയാണ് ശ്രീനാഥ് ഭാസി അപേക്ഷ നൽകിയത്. ഇത്തവണത്തെ വിവാദത്തിൽ ശ്രീനാഥിനെ താരസംഘടന പൂർണ്ണമായും കൈയ്യൊഴിഞ്ഞിരുന്നു. ഒരു സിനിമയിൽ അഭിനയിക്കുന്നതിന് മുമ്പ് ഡേറ്റ് സംബന്ധിച്ചും സെറ്റിലെ വ്യവസ്ഥകൾ സംബന്ധിച്ചും അഭിനേതാക്കൾ കരാർ ഒപ്പിടാൻ നിർമ്മാതാക്കളുടെ സംഘടനയും അമ്മയും തമ്മിലുള്ള ധാരണയായിരുന്നു.
എന്നാൽ താൻ അമ്മയിൽ അംഗമല്ല എന്ന കാരണം പറഞ്ഞ് ശ്രീനാഥ് ഒഴിഞ്ഞ് മാറിയതായും പരാതികൾ ഉയർന്നിരുന്നു. വിലക്ക് നേരിടുന്ന മറ്റൊരു താരമായ ഷെയ്ൻ നിഗം നിലവിൽ അമ്മ അംഗമാണ്. അമ്മയുടെ എക്സിക്യൂട്ടീവ് യോഗം ചേർന്നാകും ശ്രീനാഥ് ഭാസിയുടെ അംഗത്വത്തിൽ തീരുമാനമെടുക്കുക. അതിനിടെ ഷെയ്ൻ നിഗം പ്രൊഡ്യൂസർ സോഫിയ പോളിന് അയച്ച ഇ മെയിൽ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.ചിത്രീകരണം പൂർത്തിയായ ചിത്രത്തിൽ താനാണ് പ്രധാന കഥാപാത്രം എന്ന കരാർ പാലിക്കണം. പോസ്റ്ററിൽ തൻ്റെ മുഖത്തിന് പ്രാധാന്യം നൽകണം. പ്രമോഷനും തനിക്ക് പ്രാധാന്യം നൽകണം.ഈ ഇ മെയിലാണ് പരാതിയിലേക്ക് എത്തിയതും വിലക്കിലേക്ക് നയിച്ചതും.
ലഹരി ഉപയോഗിക്കുന്ന താരങ്ങളുടെ പട്ടിക സർക്കാരിന് നൽകുമെന്ന തീരുമാനത്തിൽ സിനിമാസംഘടനകൾക്കിടയിൽ അതൃപ്തി. ഇത്തരമൊരു തീരുമാനം തങ്ങളോട് ആലോചിക്കാതെ പ്രഖ്യാപിച്ചതിൽ സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്ക നിർമാതാക്കളെ അതൃപ്തി അറിയിച്ചു. എന്നാൽ ലൊക്കോഷനുകളിലെ ലഹരി ഉപയോഗം സംബന്ധിച്ച സംഘടനകളുടെ പരാതി ഞെട്ടിക്കുന്നതാണെന്ന് സാംസ്കാരികമന്ത്രിയും പ്രതികരിച്ചു. കൊച്ചിയിൽ യോഗം ചേർന്ന ഫിലിം ചേമ്പറും ഇരുനടന്മാർക്കെതിരായ നിസ്സഹകരണത്തിന് നിർമ്മാതാക്കൾക്ക് പിന്തുണ അറിയിച്ചു.