'മഹത് പ്രവർത്തികൾക്ക് ഉത്തമമാതൃക': സച്ചിദാനന്ദനെ പരിഹസിച്ച് ശ്രീകുമാരൻ തമ്പി; പോരൊഴിയാതെ കേരള ഗാന വിവാദം

By Web Team  |  First Published Feb 11, 2024, 3:42 PM IST

തൽക്കാലം അദ്ദേഹം കേരളസാഹിത്യ അക്കാദമിയിൽ അധ്യക്ഷസ്ഥാനത്തിരുന്ന് തന്റെ ത്യാഗം തുടരുന്നുവെന്നും ശ്രീകുമാരൻ തമ്പി പരിഹസിച്ചു. 


തിരുവനന്തപുരം: കേരള ​ഗാന വിവാദത്തിൽ പോര് തുടരുന്നു. കുറ്റമേറ്റ കവി കെ. സച്ചിദാനന്ദനെ പരിഹസിച്ച് കവിയും ​ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പി. ത്യാഗത്തിന്റെയും സഹനത്തിന്റെയും പ്രതീകമാകാൻ യേശുക്രിസ്തുവിനു ശേഷം ആര് എന്ന ചോദ്യത്തിന് ഉത്തരം കിട്ടിയിരിക്കുന്നു,  'മഹത് പ്രവൃത്തി'കൾക്ക് ഉത്തമമാതൃക എന്നിങ്ങനെയാണ് ശ്രീകുമാരൻ തമ്പിയുടെ പരിഹാസ വാക്കുകൾ. തൽക്കാലം അദ്ദേഹം കേരളസാഹിത്യ അക്കാദമിയിൽ അധ്യക്ഷസ്ഥാനത്തിരുന്ന് തന്റെ ത്യാഗം തുടരുന്നുവെന്നും ശ്രീകുമാരൻ തമ്പി പരിഹസിച്ചു. ഫേസ്ബുക്ക് കുറിപ്പിലാണ് ശ്രീകുമാരൻ തമ്പിയുടെ പരിഹാസം. താന്‍ വെറും പാമരനാം പാട്ടുകാരനാണ്, ഒറ്റവാക്കില്‍ പറഞ്ഞാല്‍ ക്ലീഷേ എന്നും ശ്രീകുമാരൻ തമ്പി കുറിക്കുന്നു.  കിളിപ്പാട്ട് എഴുതിയ എഴുത്തച്ഛനും പാട്ടുകാരനായിരുന്നു എന്നും ശ്രീകുമാരൻ തമ്പി കുറിപ്പിൽ  ഓർമ്മപ്പെടുത്തുന്നുണ്ട്. 

ഫേസ്ബുക്ക് കുറിപ്പിങ്ങനെ
ത്യാഗത്തിന്റെയും സഹനത്തിന്റെയും പ്രതീകമാകാൻ യേശുക്രിസ്തുവിനു ശേഷം ആര് ? എന്ന ചോദ്യത്തിന് ഉത്തരം കിട്ടിയിരിക്കുന്നു. 'മഹത് പ്രവൃത്തി'കൾക്ക് ഉത്തമമാതൃക! തൽക്കാലം അദ്ദേഹം കേരളസാഹിത്യ അക്കാദമിയിൽ അധ്യക്ഷസ്ഥാനത്തിരുന്ന് തന്റെ ത്യാഗം തുടരുന്നു. ഞാനോ വെറുമൊരു പാമരനാം പാട്ടെഴുത്തുകാരൻ! ഒറ്റവാക്കിൽ പറഞ്ഞാൽ 'ക്ളീഷേ'!!
പക്ഷേ, ഒരാശ്വാസമുണ്ട്. മഹാനായ തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛനും പാട്ടെഴുത്തുകാരനായിരുന്നു. അദ്ദേഹത്തിന്റെ പ്രധാനകൃതിയുടെ പേര് ''അദ്ധ്യാത്മരാമായണം  കിളിപ്പാട്ട്'' --എന്നാണല്ലോ..

Latest Videos

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

click me!