ശബരിമലയിൽ കാനനപാത വഴി വരുന്ന ഭക്തർക്ക് പ്രത്യേക പാസ് നൽകുന്നത് നിർത്തലാക്കി, നെയ്യഭിഷേകത്തിന് തുടക്കമായി

By Web Desk  |  First Published Dec 31, 2024, 9:32 PM IST
പ്രത്യേക പാസ് നൽകുന്നത് താൽക്കാലികമായി നിർത്തിവച്ചതായി ദേവസ്വം ബോർഡ് അറിയിച്ചു.

പത്തനംതിട്ട: കാനനപാത വഴി കാൽനടയായി വരുന്ന അയ്യപ്പഭക്തർക്ക് മുക്കുഴിയിൽ വച്ച് പ്രത്യേക പാസ് നൽകുന്നത് താൽക്കാലികമായി നിർത്തിവച്ചതായി ദേവസ്വം ബോർഡ് അറിയിച്ചു.  പമ്പ വഴി വെർച്വൽ ക്യൂ ആയും  സ്പോട്ട് ബുക്കിംഗ് ആയും വരുന്ന അയ്യപ്പഭക്തർ ദർശനം കിട്ടാതെ മണിക്കൂറുകൾ കാത്തുനിൽക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കുന്നതിനാണ് ഈ നടപടിയെന്ന് ദേവസ്വം ബോർഡ് അംഗം അഡ്വ. എ അജികുമാർ അറിയിച്ചു.

5000 പേർക്ക് പ്രത്യേക പാസ് നൽകാനായിരുന്നു നേരത്തെ ഉണ്ടായിരുന്ന ധാരണ. എന്നാൽ കാനനപാത വഴി വരുന്ന അയ്യപ്പഭക്തരുടെ എണ്ണം അഞ്ചിരട്ടിയായി വർദ്ധിച്ചു. ഈ സാഹചര്യത്തിലാണ് സ്പെഷ്യൽ പാസിന് നിയന്ത്രണം ഏർപ്പെടുത്തിയത്. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പ്രത്യേക പാസ് നൽകേണ്ടെന്നാണ് ബോർഡിന്റെ തീരുമാനം.

Latest Videos

മകരവിളക്ക് തീർത്ഥാടനം: നെയ്യഭിഷേകത്തിന് തുടക്കമായി

ശബരിമല: മകരവിളക്ക് തീർത്ഥാടനത്തിനായി ഇന്നലെ നട തുറന്ന ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ നെയ്യഭിഷേകത്തിന്   ഇന്ന് (ഡിസംബർ 31) തുടക്കമായി. രാവിലെ  3.30ന് തുടങ്ങി 7 വരെയും തുടർന്ന് രാവിലെ 8 മുതൽ 11 വരെയും നെയ്യഭിഷേകം നടന്നു.അയ്യപ്പനുള്ള മുഖ്യമായ വഴിപാടാണ് നെയ്യഭിഷേകം. നെയ്യഭിഷേകം നടത്തിയ ശേഷം ശ്രീകോവിലിൽ നിന്ന് ലഭിക്കുന്ന നെയ്യ് ദിവ്യപ്രസാദമായി അയ്യപ്പഭക്തർ സ്വീകരിക്കുന്നു. ജനുവരി 19 വരെയാണ് തീർത്ഥാടകർക്ക് നെയ്യഭിഷേകത്തിന് അവസരം ലഭിക്കുന്നത്. ജനുവരി 20ന് രാവിലെ നടയടയ്ക്കും.

ശബരിമലയിൽ പുതിയ മാറ്റം; കാനന പാത വഴി വരുന്നവർക്ക് പ്രത്യേക പാസ് നിർത്തലാക്കി, തിരക്ക് മൂലമെന്ന് ദേവസ്വം ബോർഡ്

click me!