ചൊക്രമുടിയിലെ ഭൂമി കയ്യേറ്റം ശരിവെച്ച് പ്രത്യേക അന്വേഷണ സംഘത്തിന്‍റെ റിപ്പോർട്ട്; നടപടി വേണമെന്നാവശ്യം

By Web TeamFirst Published Sep 13, 2024, 9:22 PM IST
Highlights

അനധികൃത നിർമ്മാണം നടത്തിയവർ, കയ്യേറ്റത്തിന് കൂട്ടുനിന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർക്കെതിരെ നിയമപരമായ നടപടി സ്വീകരിക്കണമെന്നും റിപ്പോർട്ടിൽ ശുപാർശയുണ്ട്. 

ഇടുക്കി: ചൊക്രമുടിയിലെ ഭൂമി കയ്യേറ്റം ശരിവെച്ച് പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട്. കയ്യേറ്റം നടന്നത് റവന്യൂ ഭൂമിയിലെന്ന് കണ്ടെത്തിയതായി റിപ്പോർട്ടിൽ പറയുന്നു. കയ്യേറ്റം പൂർണമായി ഒഴിപ്പിച്ച് ഭൂമി സർക്കാർ ഏറ്റെടുക്കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു. അനധികൃത നിർമ്മാണം നടത്തിയവർ, കയ്യേറ്റത്തിന് കൂട്ടുനിന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർക്കെതിരെ നിയമപരമായ നടപടി സ്വീകരിക്കണമെന്നും റിപ്പോർട്ടിൽ ശുപാർശയുണ്ട്. 

പ്രത്യേക അന്വേഷണ സംഘം തയ്യാറാക്കിയ റിപ്പോർട്ടിന്റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. സർക്കാർ ഭൂമിയിൽ പട്ടയം കിട്ടിയെന്ന് കാണിച്ചായിരുന്നു ഭൂമി കയ്യേറിയതും നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയതും എന്നാണ് കണ്ടെത്തൽ. പുറമ്പോക്ക് ഭൂമിക്ക് ലൊക്കേഷൻ സർട്ടിഫിക്കറ്റ് നൽകിയ വില്ലേജ് ഓഫീസറുടെ നടപടിയും തെറ്റാണ്.  പരിശോധന നടത്താതെ സ്ഥലത്തിന്  ഉടുമ്പൻ ചോല തഹസിൽദാർ നിജസ്ഥിതി  സർട്ടിഫിക്കറ്റ് നൽകിയെന്നം റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. 

Latest Videos

ഉദ്യോഗസ്ഥർ കയ്യേറ്റത്തിന് കൂട്ടുനിന്നോ എന്നും വിശദമായി പരിശോധിക്കണം. എൻഒസി ഇല്ലാതെയുള്ള നിർമ്മാണ പ്രവർത്തനങ്ങൾ കണ്ടെത്തി തടയുന്ന കാര്യത്തിൽ വനം റവന്യൂ, പോലീസ് വകുപ്പുകൾക്ക് വീഴ്ച പറ്റിയെന്ന് നിഗമനം. സ്ഥലത്ത് അനധികൃതമായി പാറ പൊട്ടിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തി. പുൽമേടുകൾ ഉൾപ്പെടെ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് നശിപ്പിച്ചു. നീർച്ചാലുകളുടെ സ്വാഭാവിക ഒഴുക്കിനും തടസ്സമുണ്ടായി. വലിയ പാരിസ്ഥിതിക ആഘാതം പ്രദേശത്തുണ്ടായെന്നുമാണ് വിദഗ്ധ സംഘത്തിൻറെ വിലയിരുത്തൽ. ഉത്തര മേഖല ഐജി കെ. സേതുരാമന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തി സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചത്. ഹൈക്കോടതി നിർദേശപ്രകാരം സർക്കാർ നിയോഗിച്ച വിദഗ്ധ സംഘം ആണിത്. 

click me!