കൊല്ലത്തു നടന്ന സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് ഓട്ടന്‍തുള്ളലില്‍ എ ഗ്രേഡ് നേടി മടങ്ങിയെങ്കിലും കൃഷ്ണപ്രിയക്കും കുടുംബത്തിനും ഉപജീവന മാര്‍ഗ്ഗമായിരുന്ന പശു നഷ്ടപ്പെട്ടത് നൊമ്പരമായി മാറി
തൃശൂർ: പശുവിനെ വിറ്റ് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് പോയ വരന്തരപ്പിള്ളിയിലെ കൃഷ്ണപ്രിയക്ക് മൃഗസംരക്ഷണ വകുപ്പ് പകരം പശുവിനെ സമ്മാനിച്ചു. മന്ത്രി ചിഞ്ചുറാണി നേരിട്ടെത്തിയാണ് മണ്ണൂത്തി വെറ്ററിനറി സര്‍വ്വകലാശാല ക്യാമ്പസില്‍ നിന്ന് പശുവിനെ സമ്മാനിച്ചത്.
കൊല്ലത്തു നടന്ന സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് ഓട്ടന്‍തുള്ളലില്‍ എ ഗ്രേഡ് നേടി മടങ്ങിയെങ്കിലും കൃഷ്ണപ്രിയക്കും കുടുംബത്തിനും ഉപജീവന മാര്‍ഗ്ഗമായിരുന്ന പശു നഷ്ടപ്പെട്ടത് ഒരു നൊമ്പരമായി കിടന്നിരുന്നു. മകളെ മത്സരത്തിനയക്കാനുള്ള ചെലവിനാണ് കുടുംബം പശുവിനെ വിറ്റത്. കലോത്സവ വേദിയില്‍ അത് വാര്‍ത്തയായതോടെ മൃഗസംരക്ഷണ മന്ത്രി പകരം പശുവിനെ നല്‍കാമെന്ന് വാഗ്ദാനവും ചെയ്തിരുന്നു.
വെറ്ററിനറി സർവകലാശാലയിൽ നിന്നും പശുവിനെ നൽകാൻ വൈസ് ചാൻസലറോട് മന്ത്രി നിർദ്ദേശിച്ചിരുന്നു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനാല്‍ ചടങ്ങ് നീണ്ടു. വെറ്ററിനറി സർവ്വകലാശാലയുടെ ഉപജീവന സഹായ പദ്ധതി പ്രകാരമാണ് കൃഷ്ണപ്രിയയ്ക്ക് ഗർഭിണിയായ കിടാരിയെ നല്കിയത്.
കിടാരിക്കൊപ്പം 100 കിലോ തീറ്റയും ധാതുലവണ മിശ്രിത പായ്ക്കും അനിമൽ പാസ്പോർട്ടും കൃഷ്ണപ്രിയയ്ക്ക് നല്കി. കിടാരിയുടെ ഉയരം, ഭാരം, ജനനത്തീയതി, പ്രതിരോധ കുത്തിവെപ്പുകൾ, പിതൃത്വം, മാതൃത്വം, പ്രസവിക്കുന്ന തീയതി ഇതൊക്കെയും പാസ്പോർട്ടിലുണ്ട്. നല്ലതുപോലെ പഠിക്കുന്ന കുട്ടിയാണ് കൃഷ്ണപ്രിയയെന്നും പത്താം ക്ലാസ് പരീക്ഷയിൽ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മന്ത്രി കെ രാജൻ, സര്‍വ്വകലാശാല വിസി, രജിസ്ട്രാര്‍ ഉള്‍പ്പടെയുള്ളവരും ചടങ്ങില്‍ പങ്കെടുത്തു.
പച്ചപ്പുല്ല് നൽകി, ഒന്നിനു പുറകെ ഒന്നായി ആറ് പശുക്കൾ ചത്തു; നെഞ്ചുനീറി വിജേഷും അമ്മ നന്ദിനിയും