കുന്നംകുളം, എരുമപ്പെട്ടി പൊലീസ് സ്റ്റേഷനുകളിലെ എഎസ്ഐ അടക്കമുള്ള ഏഴ് പൊലീസുദ്യോഗസ്ഥരെയാണ് സസ്പെൻഡ് ചെയ്തത്.
തൃശ്ശൂർ: പൊലീസിന് ലഭിച്ച രഹസ്യ വിവരങ്ങൾ മണ്ണ് മാഫിയയ്ക്ക് ചോർത്തി നൽകിയ ഏഴ് പൊലീസുകാർക്ക് (Police) സസ്പെൻഷൻ. കുന്നംകുളം, എരുമപ്പെട്ടി പൊലീസ് സ്റ്റേഷനുകളിലെ എഎസ്ഐ അടക്കമുള്ള ഏഴ് പൊലീസുദ്യോഗസ്ഥരെയാണ് കമ്മീഷണർ ആർ ആദിത്യ സസ്പെൻഡ് ചെയ്തത്.
മണ്ണ് മാഫിയകൾക്ക് പൊലീസ് അന്വേഷണം സംബന്ധിച്ച വിവരങ്ങൾ ചോർത്തിക്കൊടുത്തുവെന്നും പണം കൈപ്പറ്റിയെന്നും അടക്കമുളള പരാതികൾ പൊലീസുകാർക്കെതിരെ ലഭിച്ചിരുന്നു. പ്രാഥമിക അന്വേഷണത്തിൽ ഇത് ശരിയാണെന്ന് കണ്ടെത്തിയിരുന്നു. അസി. കമ്മീഷണർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു കമ്മീഷണറുടെ നടപടി. ജോയ് തോമസ്, ഗോകുലന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ അബ്ദുല്‍ റഷീദ്, സിവില്‍ പൊലീസ് ഓഫിസര്‍മാരായ ഷിബിന്‍, ഷെജീര്‍, ഹരികൃഷ്ണന്‍, എരുമപ്പെട്ടി സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസര്‍ നാരായണന്‍ എന്നിവരാണ് സസ്പെന്‍ഷനിലായവര്‍.
ആഴ്ചകൾക്ക് മുമ്പ് കുന്നംകുളം എസ് ഐ മണ്ണ് മാഫിയാ സംഘത്തിലുൾപ്പെട്ട ഒരാളെ കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളുടെ ഫോണിൽ നിന്നും ലഭിച്ച വിവരങ്ങളിലാണ് അസി. കമ്മീഷണർ അന്വേഷണം തുടങ്ങിയത്. ഇതിലാണ് പൊലീസുകാരുടെ മണ്ണ് മാഫിയാ സംഘമായിട്ടുള്ള ബന്ധം കണ്ടെത്തിയത്.