കണ്ണൂർ ജില്ലാ പഞ്ചായത്ത് കഴിഞ്ഞ ദിവസം അഫ്രയ്ക്ക് എല്ലാ സൗകര്യങ്ങളുമുള്ള ഇലക്ട്രോണിക് വീൽചെയർ നൽകിയിരുന്നു. മന്ത്രി ആർ.ബിന്ദു നേരിട്ട് വീട്ടിലെത്തിയാണ് വീൽചെയർ നൽകിയത്.
"എൻ്റെ കാലും നട്ടെല്ലുമൊക്കെ വളഞ്ഞു. കെടക്കാനൊന്നും കഴിയൂല. ഒറങ്ങാനെല്ലം ഭയങ്കര ബുദ്ധിമുട്ടാണ്. അനിയന് അത്രയില്ല. ഓന് മെഡിസിൻ കിട്ടിയാ രക്ഷപ്പെടും. ഞാനിപ്പോ ആഗ്രഹിക്കുന്നത്, ഓനെ എല്ലാരും കൂടി എങ്ങനെയെങ്കിലും സഹായിക്കണമെന്നാണ്.
എന്നെപ്പോലാവരുത്."
കഴിഞ്ഞ വർഷം ജൂലായ് 3 ന് എസ് എം എ ബാധിതയായ അഫ്രയുടെ ഈ വാക്കുകൾ ഏഷ്യാനെറ്റ് ന്യൂസിലൂടെ കേട്ട ലോകമെമ്പാടുമുള്ള മലയാളികളുടെ നെഞ്ച് നീറി. സമാന അസുഖമായിരുന്നു സഹോദരൻ മുഹമ്മദിനും. ഒരു ഡോസിന് 18 കോടി രൂപ വില വരുന്ന സോൾജെൻസ്മ എന്ന മരുന്നിനേ മുഹമ്മദിനെ രക്ഷിക്കാനാകൂ എന്ന് കേട്ടപ്പോൾ ആദ്യം നാടൊന്ന് പകച്ചു.
undefined
എന്നാൽ അഫ്രയുടെ വാക്കു കേട്ട് സഹോദരനെ രക്ഷിക്കാൻ നാടൊന്നിച്ചപ്പോൾ സഹായമായി ഒഴുകിയെത്തിയത് 46 കോടി രൂപ. മുഹമ്മദിൻ്റെ ചികിൽസയ്ക്ക് 18 കോടിയേ വേണ്ടിയിരുന്നുള്ളൂ. കണ്ണൂർ ചപ്പാരക്കടവിലും ലക്ഷദ്വീപിലും സമാന അസുഖം ബാധിച്ച കുട്ടികൾക്ക് യഥാക്രമം 7 കോടിയും 8.5 കോടി രൂപയും നൽകി. പിന്നീട് കോടതി ഇടപെട്ട് 12 കോടി രൂപ സർക്കാരിലേക്ക് സമാന രോഗം ബാധിച്ച കുട്ടികൾക്ക് നൽകുന്നതിനായി തിരിച്ചടച്ചു. കുറച്ച് തുക അഫ്രയുടെ തുടർ ചികിൽസക്കും വേണ്ടി വന്നു.
2021 ഓഗസ്റ്റ് 24 നാണ് അഫ്രയുടെ സഹോദരൻ മുഹമ്മദിന് 18 കോടി രൂപയുടെ മരുന്നു കുത്തിവച്ചത്. ഇപ്പോൾ സ്ഥിരമായി ഫിസിയോ തെറപ്പിയും ചെയ്യുന്നുണ്ട്. മുഹമ്മദ് സുഖം പ്രാപിച്ചു വരുന്നതായാണ് ബന്ധുക്കളും ചികിൽസിക്കുന്ന ഡോക്ടർമാരും പറയുന്നത്. അഫ്രയ്ക്കും എസ് എം എ രോഗത്തിന് ചികിൽസ ഉണ്ടായിരുന്നു. കുറച്ച് ദിവസമായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് ഇന്നലെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഇന്ന് പുലർച്ചയോടെ മരിച്ചു. കണ്ണൂർ മാട്ടൂൽ സെൻട്രൽ സ്വദേശിയായ അഫ്രയ്ക്ക് 16 വയസായിരുന്നു.
കണ്ണൂർ ജില്ലാ പഞ്ചായത്ത് കഴിഞ്ഞ ദിവസം അഫ്രയ്ക്ക് എല്ലാ സൗകര്യങ്ങളുമുള്ള ഇലക്ട്രോണിക് വീൽചെയർ നൽകിയിരുന്നു. മന്ത്രി ആർ.ബിന്ദു നേരിട്ട് വീട്ടിലെത്തിയാണ് വീൽചെയർ നൽകിയത്. മകൾ ആശുപത്രിയിൽ ആയതോടെ വിദേശത്ത് ജോലിക്കു പോയ അഫ്രയുടെ പിതാവ് റഫീഖ് നാട്ടിൽ എത്തിയിരുന്നു. മറിയുമ്മയാണ് അഫ്രയുടെ മാതാവ്.