മുരളീധരന്റെ മുഖത്തടിച്ചത് ഡ്യൂട്ടിയുടെ ഭാഗം, മിതമായ ബലപ്രയോഗം; കമ്പംമെട്ട് സിഐയെ വെള്ളപൂശി എഎസ്പി റിപ്പോർട്ട്

ഏഷ്യാനെറ്റ് ന്യൂസ് സിസിടിവി ദൃശ്യങ്ങളടക്കം പുറത്തു വിട്ടതോടെ ഇടുക്കി ജില്ല പോലീസ് മേധാവി ഇടപെട്ട് കട്ടപ്പന എ എസ് പിയോട് വേഗത്തിൽ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശം നൽകി. 


ഇടുക്കി: കൂട്ടാറിൽ ഓട്ടോറിക്ഷ ഡ്രൈവറെ പോലീസ് മർദ്ദിച്ച സംഭവത്തിൽ കമ്പംമെട്ട് സി ഐയെ വെള്ള പൂശി എഎസ്പിയുടെ റിപ്പോർട്ട്‌. സ്ഥലത്ത് നിന്നവരെ പിരിച്ചു വിടാൻ മിതമായ ബലപ്രയോഗം മാത്രമാണ് നടത്തിയതെന്ന് കട്ടപ്പന എ എസ് രമേഷ് കുമാർ തയ്യാറാക്കിയ റിപ്പോർട്ടിലുണ്ട്. 

പുതുവത്സര ദിനത്തിൽ രാത്രി പതിനൊന്ന് മണിയോടെയാണ് ഇടുക്കി കൂട്ടാറിൽ വച്ച് ഓട്ടോ ഡ്രൈവറായ കുമരകം മെട്ട് സ്വദേശിയായ മുരളീധരന് മർദ്ദനമേറ്റത്. കമ്പംമെട്ട് സി ഐ ഷമീർ ഖാൻറെ അടിയേറ്റ് മുരളീധരൻ നിലത്തു വീണു. വീഴ്ചയിലുണ്ടായ പരിക്കിനെ തുടർന്ന് ഇദ്ദേഹത്തിൻറെ പല്ല് നഷ്ടപ്പെട്ടു. സംഭവത്തിൽ മുരളീധരൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകിയെങ്കിലും കാര്യമായ അന്വേഷണമുണ്ടായില്ല.

Latest Videos

ഏഷ്യാനെറ്റ് ന്യൂസ് സിസിടിവി ദൃശ്യങ്ങളടക്കം പുറത്തു വിട്ടതോടെ ഇടുക്കി ജില്ല പോലീസ് മേധാവി ഇടപെട്ട് കട്ടപ്പന എ എസ് പിയോട് വേഗത്തിൽ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശം നൽകി. ഇതിൻറെ ഭാഗമായി മുരളീധരനെ ഓഫീസിൽ വിളിച്ചു വരുത്തി കാര്യങ്ങൾ അന്വേഷിച്ചു. സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു. ഇതിനു ശേഷം തയ്യാറാക്കിയ റിപ്പോർട്ടിലാണ് കമ്പംമെട്ട് സിഐ കൂട്ടം കൂടി നിന്ന ആളുകളെ പിരിച്ചു വിടാൻ മിതമായ ബലപ്രയോഗം മാത്രമാണ് നടത്തിയതെന്നുള്ളത്. മുരളീധരൻറെ മുഖത്ത് അടിച്ചത് ഡ്യൂട്ടിയുടെ ഭാഗമാണെന്നും റിപ്പോർട്ടിലുണ്ട്. ഉപദ്രവിക്കണം എന്ന ഉദ്ദേശത്തോടെ ചെയ്തതല്ലെന്നുമാണ് എ എസ് പിയുടെ കണ്ടെത്തൽ. 

ഇത് പുറത്തു വന്നതോടെ റിപ്പോർട്ട് എസ് പിക്ക് കൈമാറിയില്ല. വിശദമായി അന്വേഷണം നടത്തി നാളെത്തന്നെ റിപ്പോ‍ർട്ട് സമർപ്പിക്കാൻ ഇടുക്കി ജില്ല പൊലീസ് മേധാവി നിർദ്ദേശം നൽകിയതായാണ് വിവരം. എഎസ് പിയുടെ നാളെ സമർപ്പിക്കുന്ന റിപ്പോർട്ടിൻറെ അടിസ്ഥാനത്തിലായിരിക്കും സിഐ ഷമീർ ഖാനെതിരെയുള്ള നടപടി തീരുമാനിക്കുക.

click me!