
കൊച്ചി: ഒച്ചിഴയും വേഗത്തിലാണ് കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തിന്‍റെ പണിയെന്ന് പരാതി ഉയരുന്നതിനിടെ നിർമാണ പ്രവൃത്തികൾ വേഗത്തിലാക്കാൻ കെഎംആർഎൽ. കേന്ദ്ര, സംസ്ഥാന ഫണ്ടുകൾ അനുവദിച്ച് കിട്ടിയതാണ് പണിയുടെ വേഗത കൂട്ടിയത്. പൂര്‍ത്തിയായ ഗര്‍ഡറുകളുടെ എണ്ണം ആറായി. പൈലിംഗ് കഴിഞ്ഞ എയര്‍പോര്‍ട്ട് - സീപോര്‍ട്ട്, സെസ് സ്റ്റേഷൻ ഭാഗത്ത് എസ്‌കവേഷന്‍ ജോലികള്‍ തുടങ്ങിയിട്ടുണ്ട്.
പാലാരിവട്ടം മുതൽ കാക്കനാട് വരെയുള്ള ഭാഗങ്ങളിൽ നിർമാണ പ്രവൃത്തികൾ അതിവേഗം പുരോഗമിക്കുകയാണെന്ന് കെഎംആർഎൽ അറിയിച്ചു. 307 പൈലുകൾ സ്ഥാപിച്ചു. അടുത്ത വർഷം ജൂണിൽ പണി പൂർത്തിയാക്കാൻ കഴിയും വിധത്തിലാണ് നിർമാണം പുരോഗമിക്കുന്നതെന്ന് കെഎംആർഎൽ എംഡി ലോക്നാഥ് ബെഹ്റ പറഞ്ഞു.
കളമശേരിയിലെ 8.85 ഹെക്ടര്‍ സ്ഥലത്തെ കാസ്റ്റിങ് യാര്‍ഡിലാണ് പിയര്‍കാപ് മുതലുള്ള സൂപ്പര്‍ സ്ട്രക്ചര്‍ ഘടക ഭാഗങ്ങളുടെ നിര്‍മാണം പുരോഗമിക്കുന്നത്. രണ്ട് വിഭാഗങ്ങളായി തിരിച്ചാണ് കളമശ്ശേരിയിൽ നിർമാണം നടക്കുന്നത്. ആദ്യത്തേതിൽ യു ഗർഡറുകളുടെ നിർമാണം നടക്കുന്നു. രണ്ടാമത്തെ വിഭാഗത്തിൽ ഐ ഗർഡറുകള്‍, പിയര്‍ കാപുകള്‍, പാരപ്പെറ്റുകള്‍, റ്റി ഗർഡറുകള്‍, എല്‍ ഗർഡറുകള്‍ എന്നിവയാണ് നിർമിക്കുന്നത്. കളമശേരി കാസ്റ്റിങ് യാർഡിൽ നാല് പിയര്‍ കാപുകളുടെയും 4 യു ഗർഡറുകളുടെയും കാസ്റ്റിങ് ഇതിനോടകം പൂര്‍ത്തിയായിട്ടുണ്ട്.
അതിനിടെ മെട്രോ അങ്കമാലിയിലേക്ക് നീട്ടാനുളള മെട്രോയുടെ മൂന്നാം ഘട്ട നടപടികള്‍ക്ക് കെഎംആര്‍എല്‍ നേരത്തെ തുടക്കമിട്ടിരുന്നു. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ യാത്രക്കാര്‍ക്കും കൂടി പ്രയോജനം ചെയ്യും വിധമുളള മെട്രോ വികസനമെന്ന ലക്ഷ്യത്തിലേക്കുളള ആദ്യ ചുവടു വച്ചിരിക്കുകയാണ് കെഎംആര്‍എല്‍. നിലവില്‍ ആലുവ വരെയാണ് കൊച്ചി മെട്രോയുടെ ദൈര്‍ഘ്യം. 18 കിലോ മീറ്റര്‍ ദൈര്‍ഘ്യമുളള പാത എന്നതാണ് അങ്കമാലിയിലേക്ക് മെട്രോ വികസിപ്പിക്കുമ്പോഴുളള കെഎംആര്‍എലിന്‍റെ പ്രാഥമിക പദ്ധതി. നെടുമ്പാശേരി വിമാനത്താവളത്തിലേക്കുളള മെട്രോ ഭൂഗര്‍ഭ പാത എന്ന നിലയില്‍ വിഭാവനം ചെയ്യാനാണ് ലക്ഷ്യമിടുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam