കനത്ത മഴ: അപകടം ഒഴിവാക്കാൻ കരിപ്പൂരിൽ ഇറങ്ങേണ്ട ആറ് വിമാനങ്ങൾ കൊച്ചിയിൽ ഇറക്കി

By Web Team  |  First Published Aug 4, 2022, 12:50 PM IST

കരിപ്പൂർ വിമാനത്താവളത്തിലേത് ടേബിൾ ടോപ് റൺവേയാണ്. ഇവിടെ കനത്ത മഴയിലാണ് 2020 ൽ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അപകടത്തിൽ പെട്ടത്


കൊച്ചി: കാലാവസ്ഥ മോശമായതിനെ തുടർന്ന് കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനങ്ങൾ ഇറക്കാനായില്ല. ഇതേ തുടർന്ന് ആറ് വിമാനങ്ങൾ കൊച്ചിയിലെ നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറക്കി. ഗൾഫ് എയറിന്റെ ഷാർജയിൽ നിന്നുള്ള വിമാനവും ബഹറൈനിൽ നിന്നുള്ള വിമാനവും ഖത്തർ എയർവേയ്സിന്റെ ദോഹയിൽ നിന്നുള്ള വിമാനവും എയർ ഇന്ത്യാ എക്സ്പ്രസിന്റെ അബുദാബിയിൽ നിന്നുള്ള വിമാനവും എയർ അറേബ്യയുടെ ഷാർജയിൽ നിന്നുള്ള വിമാനവുമാണ് നെടുമ്പാശേരിയിലിറങ്ങിയത്. 

കരിപ്പൂർ വിമാനത്താവളത്തിലേത് ടേബിൾ ടോപ് റൺവേയാണ്. ഇവിടെ കനത്ത മഴയിലാണ് 2020 ൽ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അപകടത്തിൽ പെട്ടത്. 21 പേർ കൊല്ലപ്പെട്ട അപകടത്തിൽ 150 ഓളം പേർക്ക് പരിക്കേറ്റിരുന്നു. കനത്ത മഴയെ തുടർന്ന് റൺവേ കാണാനാവാതെ രണ്ട് വട്ടം ലാന്റിങിൽ നിന്ന് പിന്തിരിഞ്ഞ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം മൂന്നാമത്തെ ശ്രമത്തിൽ അപകടത്തിൽപെടുകയായിരുന്നു. ഈ അനുഭവത്തിന്റെ പശ്ചാത്തലത്തിലാണ് വിമാനങ്ങൾ കൊച്ചിയിലേക്ക് വഴിതിരിച്ചുവിട്ടത്.

Latest Videos

യാത്രക്കാരൻ കടത്തിയ സ്വർണം കൈക്കലാക്കി? കരിപ്പൂരിൽ കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

കോഴിക്കോട്: കരിപ്പൂരിൽ രണ്ട് കസ്റ്റംസ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു. യാത്രക്കാരന്‍ കടത്തിയ സ്വര്‍ണ്ണം കൈക്കലാക്കിയെന്ന പരാതിയിലാണ് കരിപ്പൂരില്‍ രണ്ട് കസ്റ്റംസ് ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. കസ്റ്റംസ് സൂപ്രണ്ട് പ്രമോദ് കുമാര്‍ സബിത, ഹവീല്‍ദാര്‍ സനിത് കുമാര്‍ എന്നിവര്‍ക്കെതിരെയാണ് നടപടി.  

കഴിഞ്ഞ മാസം 27 ന് വിമാനത്താവളത്തിൽ നിന്ന് പുറത്തെത്തിയ ഷിഹാബ് എന്ന യാത്രക്കാരനെ സ്വര്‍ണ്ണ കടത്തുമായി ബന്ധപ്പെട്ട രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കേരള പൊലീസ് സംഘം പരിശോധിച്ചിരുന്നു. എന്നാല്‍ ഷിഹാബിന്റെ പക്കൽ നിന്ന് സ്വര്‍ണ്ണം കണ്ടെത്താനായില്ല. താൻ കടത്തി കൊണ്ടുവന്ന കാപ്സ്യൂള്‍ രൂപത്തിലുള്ള സ്വര്‍ണ്ണം വിമാനത്താവളത്തിലെ പരിശോധനയ്ക്കിടെ കസ്റ്റംസ് ഉദ്യോഗസഥര്‍ കൈക്കലാക്കിയെന്നായിരുന്നു ഷിഹാബ് പൊലീസിന് നൽകിയ മൊഴി.

ഷിഹാബിന്റെ മൊഴി പൊലീസ് സംഘം കസ്റ്റംസിനെ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഷിഹാബിനെ പരിശോധിച്ച കസ്റ്റംസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തത്.  കസ്റ്റംസ് പ്രിവന്റീവ് വിഭാഗം സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഷിഹാബ് വിമാനത്താവളത്തിൽ ലാന്റ് ചെയ്ത സമയത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് ഈ സംഭവത്തിൽ കൂടുതൽ വ്യക്തത വരുത്താനുള്ള ശ്രമത്തിലാണ് കസ്റ്റംസ് പ്രിവന്റീവ് സംഘം.

click me!