'ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരുന്നാൽ എന്താണ് പ്രശ്നം? മുനീറിന് ശിവൻകുട്ടിയുടെ പരോക്ഷ വിമ‍‍ര്‍ശനം

By Web Team  |  First Published Aug 20, 2022, 11:24 AM IST

മുൻ മന്ത്രിയടക്കമുള്ളവർ അവരുടെ മാനസികാവസ്ഥ തുറന്ന് കാട്ടുകയാണെന്നും പറയുന്നത് ലീഗിൻ്റെ പൊതുനിലപാടാണെന്ന് കരുതുന്നില്ലെന്നും ശിവൻകുട്ടി അഭിപ്രായപ്പെട്ടു. 


തിരുവനന്തപുരം : ജൻഡർ ന്യൂട്രാലിറ്റി വിവാദത്തിൽ പ്രതികരണവുമായി മന്ത്രി വി.ശിവൻകുട്ടി. ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരുന്നാൽ എന്താണ് പ്രശ്നമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി ചോദിച്ചു. കുട്ടികൾ ഒരുമിച്ചിരിക്കണമെന്ന ഉത്തരവ് നിലവിൽ സർക്കാർ ഇറക്കിയിട്ടില്ല. പക്ഷേ അങ്ങനെ ഒരുമിച്ചിരുന്നാൽ എന്താണ് പ്രശ്നമെന്നാണ് മന്ത്രിയുടെ ചോദ്യം. 

ജൻഡർ ന്യൂട്രലിറ്റി നടപ്പായാൽ കുട്ടികൾ പീഡിപ്പിക്കപ്പെടാൻ സാധ്യത ഉണ്ടെന്ന വിവാദ പരാമ‍ശം നടത്തിയ, എം കെ മുനീറിനെയും മന്ത്രി ശിവൻകുട്ടി പരോക്ഷമായി വിമർശിച്ചു. മുൻ മന്ത്രിയടക്കമുള്ളവർ അവരുടെ മാനസികാവസ്ഥ തുറന്ന് കാട്ടുകയാണെന്നും പറയുന്നത് ലീഗിൻ്റെ പൊതുനിലപാടാണെന്ന് കരുതുന്നില്ലെന്നും ശിവൻകുട്ടി അഭിപ്രായപ്പെട്ടു. 

Latest Videos

കെ എ ടി എഫ് കോഴിക്കോട് സംഘടിപ്പിച്ച സെമിനാറിലെ മുനീറിന്‍റെ  പ്രസംഗം വലിയ വിവാദമായിരുന്നു. ജൻഡർ ന്യൂട്രലിറ്റി നടപ്പായാൽ കുട്ടികൾ പീഡിപ്പിക്കപ്പെടാൻ സാധ്യത ഉണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. ജൻഡർ ന്യൂട്രാലിറ്റി വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുമെന്നും ഇതിനെതിരെ പ്രതികരിച്ചത് കൊണ്ടു തന്നെ ഇസ്ലാമിസ്റ് ആക്കിയാലും കുഴപ്പമില്ലെന്നും മുനീർ നിലപാടെടുത്തു.  പരാമ‍ര്‍ശം ചര്‍ച്ചയായതോടെ വാക്കുകൾ വളച്ചൊടിച്ചുവെന്നാരോപിച്ച് മുനീര്‍‍ പിന്നാലെ രംഗത്തെത്തി. ജൻഡർ ന്യൂട്രലിറ്റി വന്നാൽ പോക്സോ നിഷ്പ്രഭം ആകുമെന്നാണ് പറഞ്ഞതെന്നാണ് മുനീ‍ര്‍ നൽകിയ വിശദീകരണം. 

'ജൻഡർ ന്യൂട്രലിറ്റി വന്നാൽ പോക്സോ നിഷ്പ്രഭം ആകുമെന്നാണ് പറഞ്ഞത്, ഇസ്ളാമിസ്റ്റാക്കിയാലും കുഴപ്പമില്ല'

വിദ്യാലയങ്ങളില്‍ ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരുന്നാൽ അപകടമെന്നാണ് മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാമിന്റെ നിലപാട്. ഇങ്ങനെ ചെയ്താല്‍ കുട്ടികളുടെ ശ്രദ്ധ പാളിപോകുമെന്നും സലാം അഭിപ്രായപ്പെടുന്നു. ലിംഗസമത്വം അടക്കമുളള കാര്യങ്ങളില്‍ പാഠ്യ പദ്ധതി പരിഷ്കരണസമിതി സര്‍ക്കാരിന് സമര്‍പ്പിച്ച കരട് നിര്‍ദ്ദേശങ്ങള്‍ തളളണോ കൊളളണോ എന്ന് സര്‍ക്കാര്‍ തീരുമാനം എടുത്തിട്ടില്ലെങ്കിലും ഈ വിഷയത്തില്‍ പരമാവധി സമ്മര്‍ദ്ദം ശക്തമാക്കാനാണ് ലീഗ് തീരുമാനം. എംകെ മുനീറിനു പിന്നാലെ ലീഗ് ജനറല്‍ സെക്രട്ടറി പിഎം സലാമും ലിംഗസമത്വ വിഷയത്തില്‍ അപകടം ആരോപിക്കുകയാണ്. 

'പാന്‍റും ഷര്‍ട്ടും അടിച്ചേല്‍പ്പിക്കരുത്'; മുനീര്‍ വളരെ പ്രോഗ്രസീവായി ചിന്തിക്കുന്നയാളെന്ന് വി ഡി സതീശന്‍

ജെൻഡർ ന്യൂട്രാലിറ്റി നടപ്പാക്കിയാൽ കുട്ടികളുടെ ശ്രദ്ധ പാളിപോകുമെന്ന് പറഞ്ഞ സലാം ഇക്കാര്യത്തില്‍ ജപ്പാനെയാണ് ഉദാഹരിച്ചത്. എന്നാല്‍ ഈ വിഷയത്തില്‍ ലീഗ് നേതാക്കള്‍ക്കിടയിലെ ഭിന്നതയും ഇന്ന് പുറത്ത് വന്നു. വിഷയം മതപരമാണെന്നും ലിംഗസമത്വ യൂണിഫോം അംഗീകരിക്കാനാകില്ലെന്നുമായിരുന്നു എംകെ മുനീറിന്‍റെ വാദമെങ്കില്‍ വിഷയം ധാര്‍മികമാണെന്നും ലിംഗസമത്വ യൂണിഫോമിനോട് എതിര്‍പ്പില്ലെന്നുമായിരുന്നു സലാമിന്‍റെ പ്രതികരണം. ചര്‍ച്ചകള്‍ വഴിമാറുന്നുവെന്നും ലിംഗ നീതിയെക്കുറിച്ചാണ് ചര്‍ച്ച വേണ്ടതെന്ന് പറഞ്ഞ ഇടി മുഹമ്മദ് ബഷീര്‍ എംകെ മുനീറിന്‍റെയും പിഎംഎ സലാമിന്‍റെയും പരാമര്‍ശങ്ങളെക്കുറിച്ചുളള കൂടുതല്‍ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞ് മാറി. എന്നാല്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ലീഗ് നേതാക്കളുടെ വാദത്തെ പൂര്‍ണമായി തളളി. ലിംഗനീതി വിഷയത്തില്‍ ലീഗ് നേതാക്കളുടെ പ്രതികരണത്തെ കേരളം ചര്‍ച്ച ചെയ്യണമെന്നായിരുന്നു ആരോഗ്യ മന്ത്രി വീണ ജോര്‍ജ്ജിന്‍റെ പ്രതികരണം. 

മുനീറും മുസ്ലിംലീഗും മാത്രമല്ല, മുസ്ലിംകൾ മുഴുവൻ ഇസ്ലാമിനൊപ്പം; വിവാദത്തിൽ മുനീറിനെ പിന്തുണച്ച് സമസ്ത നേതാവ്  

click me!