കെ കെ ശൈലജയുടെ കാര്യത്തില്‍ തീരുമാനമെടുത്തത് സംസ്ഥാന കമ്മിറ്റിയാണെന്നും പുതുമുഖങ്ങളെ ഉള്‍പ്പെടുത്തേണ്ടത് അനിവാര്യതയാണെന്നും സീതാറാം യെച്ചൂരി
തിരുവനന്തപുരം: മന്ത്രിസഭാ രൂപീകരണത്തില്‍ കേന്ദ്രനേതൃത്വം ഇടപെടാറില്ലെന്ന് സീതാറാം യെച്ചൂരി. ആരൊക്കെ മന്ത്രിയാകണമെന്നത് സംസ്ഥാന ഘടകത്തിന്‍റെ തീരുമാനമാണ്. കെ കെ ശൈലജയുടെ കാര്യത്തില്‍ തീരുമാനമെടുത്തത് സംസ്ഥാന കമ്മിറ്റിയാണെന്നും പുതുമുഖങ്ങളെ ഉള്‍പ്പെടുത്തേണ്ടത് അനിവാര്യതയാണെന്നും സീതാറാം യെച്ചൂരി പറഞ്ഞു.
ഇടതുസർക്കാരിനെ ഒരിക്കൽ കൂടി തെരഞ്ഞടുത്ത കേരളത്തിന് നന്ദിപറഞ്ഞായിരുന്നു സീതാറാം യെച്ചൂരിയുടെ പ്രതികരണം.
തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വൈകിട്ട് മൂന്നുമണിക്കാണ് രണ്ടാം പിണറായി സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങ്. കൊവിഡ് പ്രോട്ടോകോൾ അനുസരിച്ച് ക്രമീകരിച്ചാണ് ഇരിപ്പിടങ്ങൾ പോലും സജ്ജമാക്കിയിട്ടുള്ളത്. നിയുക്ത മന്ത്രിമാരും മുൻ മന്ത്രിമാരും അടക്കം എല്ലാവര്‍ക്കും പേരെഴുതിയ പ്രത്യേകം ഇരിപ്പിടങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഒരു മന്ത്രിക്ക് ഒപ്പം പരമാവധി അഞ്ച് പേര്‍ക്ക് മാത്രമാണ് വേദിയിലേക്ക് പ്രവേശനം അനുവദിച്ചിട്ടുള്ളത്. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും മുൻനിരയിൽ തന്നെ ഇരിപ്പിടങ്ങൾ സജ്ജമാക്കിയിട്ടുണ്ട്.