വെറുതെയിരിക്കുമ്പോൾ അക്കൗണ്ടിൽ വരുന്നത് ലക്ഷങ്ങൾ, എടുത്തുകൊടുത്താൽ 10 ശതമാനം മുതൽ കമ്മീഷൻ; യുവാക്കൾ പിടിയിൽ

By Web TeamFirst Published Sep 11, 2024, 11:00 PM IST
Highlights

തൊഴിൽ രഹിതരായ ചെറുപ്പക്കാരുടെ ബാങ്ക് അക്കൗണ്ടുകൾ വാടകയ്ക്ക് എടുത്താണ് സൈബർ തട്ടിപ്പ് സംഘം ഇടപാടുകൾ നടത്തുന്നത്. ഇവരും തട്ടിപ്പുകളിൽ കണ്ണിയായി മാറുകയാണ് ഫലത്തിൽ ചെയ്യുന്നത്.

പത്തനംതിട്ട: രണ്ട് സൈബർ തട്ടിപ്പ് കേസുകളിലായി നാല് യുവാക്കളെ പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തു. കമ്പോഡിയ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വമ്പൻ റാക്കറ്റ് ഇവരുടെ ബാങ്ക് അക്കൗണ്ടുകളിലൂടെയാണ് തട്ടിപ്പ് പണം കൈമാറ്റം ചെയ്തിരുന്നത്. 75 ലക്ഷം രൂപ ലോട്ടറി അടിച്ചയാളും പിടിയിലായവരുടെ കൂട്ടത്തിലുണ്ട്.

ഡോക്ടർ ദമ്പതികളിൽ നിന്ന് ഷെയർ മാർക്കറ്റ് തട്ടിപ്പിലൂടെ 3.75 കോടി രൂപ തട്ടിയെടുത്തതാണ് ഒരു കേസ്. എൽഐസി ഉദ്യോഗസ്ഥനിൽ നിന്ന് സമാനമായ കേസിൽ 1.45 കോടി രൂപ തട്ടിയ മറ്റൊരു കേസുമുണ്ട്. ഈ രണ്ടു കേസുകളിലാണ് മലപ്പുറം കൽപകഞ്ചേരി സ്വദേശികളായ ആസിഫ്, സൽമാനുൽ ഫാരിസ്, തൃശൂർ കടവല്ലൂർ സ്വദേശി സുധീഷ്, കോഴിക്കോട് ഫറോക്ക് സ്വദേശി ഇർഷാദുൽ ഹഖ് എന്നിവർ അറസ്റ്റിലായത്. കമ്പോഡിയ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വമ്പൻ തട്ടിപ്പ് സംഘത്തിൻറെ ശൃംഖലയിൽ പെട്ടവരാണിവരെന്ന് പൊലീസ് പറഞ്ഞു. 

Latest Videos

വ്യാജ പരസ്യങ്ങളും മറ്റും നൽകി വിവിധ തട്ടിപ്പുലൂടെ ആളുകളുടെ പണം തട്ടിപ്പ് സംഘം അടിച്ചുമാറ്റും. എന്നാൽ കമ്പോഡിയയിലെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ഈ പണം നിക്ഷേപിക്കില്ല. അതിനുപകരം കേരളത്തിലും മറ്റുമുള്ള തട്ടിപ്പു സംഘത്തിന്റെ ഏജന്റുമാർ കമ്മീഷൻ നൽകി ബാങ്ക് അക്കൗണ്ടുകൾ വാടകയ്ക്ക് എടുക്കും. അത് ഉപയോഗിച്ച് പണം കൈമാറ്റം നടത്തും. പിടിയിലായ യുവാക്കളുടെ അക്കൗണ്ടിലൂടെ തട്ടിപ്പ് സംഘത്തിൻറെ ഇടനിലക്കാർ ഇതേപോലെ ലക്ഷങ്ങളാണ് കൈമാറ്റം ചെയ്തത്. ഒരു ബാങ്ക് അക്കൗണ്ട് തട്ടിപ്പ് സംഘത്തിന് ഉപയോഗിക്കാൻ നൽകിയാൽ 10 ശതമാനവും അതിനു മുകളിലുമാണ് കമ്മീഷൻ. 

തൊഴിൽരഹിതരായ യുവാക്കളാണ് ഈ സംഘത്തിൻറെ കെണിയിൽ പെട്ടുപോകുന്നതും കേസിൽ പ്രതികളാവുന്നതും. പിടിയിലായ നാലുപേരിൽ തൃശൂർ സ്വദേശിയായ സുധീഷ്, നേരത്തെ 75 ലക്ഷം രൂപ ലോട്ടറി അടിച്ചിട്ടുള്ള ആളാണ്. ലോട്ടറിലൂടെ കിട്ടിയ കാശ് പക്ഷേ കൈമോശം വന്നു പോയി. അങ്ങനെ വീടുവരെ ജപ്തിയിലായി. ഇങ്ങനെയിരിക്കുമ്പോഴാണ് കമ്മീഷൻ വാങ്ങി തട്ടിപ്പ് സംഘത്തിന് ബാങ്ക് അക്കൗണ്ട് ഉപയോഗിക്കാൻ നൽകിയത്. 

30 ലക്ഷത്തിലധികം രൂപ സുധീഷിന്റെ അക്കൗണ്ടിലൂടെ കൈമാറ്റം ചെയ്തിട്ടുണ്ട്. പത്തനംതിട്ട എസ്.പി വി.ജി. വിനോദ് കുമാർ, ക്രൈംബ്രാഞ്ച് ഡിവൈഎസ്‍പി ഉൾപ്പെടെയുള്ളവരെ ചേർത്ത് സൈബർ കേസുകൾക്കായി പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. ഇപ്പോൾ പിടിയിലായവർ വഴി കമ്പോഡിയയിലെ വമ്പൻ റാക്കറ്റിനെയാകെ കുടുക്കാൻ കഴിയും എന്നാണ് കേരള പോലീസിന്റെ പ്രതീക്ഷ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!