വയനാട്ടിലെ അരിവാൾ രോഗികളുടെ കൈ പിടിച്ച് സർക്കാർ; ന്യൂട്രീഷൻ കിറ്റ് കൂടാതെ പ്രത്യേക ഓണക്കിറ്റും നൽകും

By Web Team  |  First Published Sep 10, 2024, 3:13 PM IST

സിക്കിള്‍സെല്‍ ചികിത്സയ്ക്ക് നൂതന സംവിധാനങ്ങളാണ് സര്‍ക്കാര്‍ ഒരുക്കി വരുന്നതെന്ന് വീണ ജോർജ് പറഞ്ഞു. 


തിരുവനന്തപുരം: വയനാടിലെ സിക്കിള്‍സെല്‍ രോഗികള്‍ക്ക് ആരോഗ്യ വകുപ്പ് പ്രത്യേക ഓണക്കിറ്റ് നല്‍കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സിക്കിള്‍സെല്‍ രോഗികള്‍ക്ക് കഴിഞ്ഞ വര്‍ഷം മുതലാണ് ആദ്യമായി പ്രത്യേക ഓണക്കിറ്റ് ലഭ്യമാക്കിയത്. നിലവില്‍ അവര്‍ക്ക് നല്‍കുന്ന ന്യൂട്രീഷന്‍ കിറ്റ് കൂടാതെയാണ് ഓണക്കിറ്റ് നല്‍കുന്നത്. പായസം കിറ്റ്, തേയിലപ്പൊടി, കാപ്പിപ്പൊടി, പഞ്ചസാര, ചെറുപയര്‍, വന്‍പയര്‍, കടല തുടങ്ങിയ ഇനങ്ങളാണ് കിറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

വയനാട് ജില്ലയിലെ സിക്കിള്‍ സെല്‍ അനീമിയ രോഗികളുടെ പരിശോധനകളും ചികിത്സയും വളരെ മികച്ച രീതിയില്‍ നടന്നു കൊണ്ടിരിക്കുന്നു. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ 1,20,000 അരിവാള്‍ രോഗ പരിശോധനകള്‍ വയനാടിന്റെ എല്ലാ ഭാഗങ്ങളിലുമായി നടത്തുകയും അതില്‍ നിന്നും കണ്ടെത്തിയ 58 പുതിയ രോഗികള്‍ക്കുള്ള ചികിത്സ ആരംഭിക്കുകയും ചെയ്തു. എല്ലാ മാസവും 2.5 കിലോഗ്രാം പയറുവര്‍ഗങ്ങള്‍ അടങ്ങിയ പോഷകാഹാര കിറ്റ് എല്ലാ രോഗികള്‍ക്കും നല്‍കി വരുന്നു.

Latest Videos

സിക്കിള്‍സെല്‍ ചികിത്സയ്ക്ക് നൂതന സംവിധാനങ്ങളാണ് സര്‍ക്കാര്‍ ഒരുക്കി വരുന്നത്. ഹീമോഫീലിയ, തലസീമിയ, സിക്കിള്‍ സെല്‍ രോഗികള്‍ക്ക് സഹായവുമായി ആശാധാര പദ്ധതി നടപ്പിലാക്കി വരുന്നു. ആശാധാരയ്ക്ക് പ്രധാന സര്‍ക്കാര്‍ ആശുപത്രികളില്‍ പരിശീലനം നേടിയ ഫിസിഷ്യന്‍മാരുടേയും അര്‍പ്പണബോധമുള്ള സ്റ്റാഫ് നഴ്‌സുമാരുടേയും സേവനം ലഭ്യമാക്കി. മാനന്തവാടി ആശുപത്രിയില്‍ പ്രത്യേക വാര്‍ഡ് സജ്ജമാക്കി. രോഗികളെ സൗജന്യമായി ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ 108 ആംബുലന്‍സ് സേവനം ലഭ്യമാക്കി.

ALSO READ: വിമാനത്താവളം വഴി സ്വർണ്ണക്കടത്ത്; ഇന്‍റർപോൾ ഇറങ്ങി, അന്താരാഷ്ട്ര കുറ്റവാളിയെ പിടികൂടി ഇന്ത്യയിലെത്തിച്ചു

click me!