ശ്രുതിതരംഗം പദ്ധതിയിലുള്‍പ്പെട്ട സംസ്ഥാനത്തെ 457 കുട്ടികളില്‍ 216 പേരുടെ ഉപകരണങ്ങളുടെ അറ്റകുറ്റപ്പണി നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
തിരുവനന്തപുരം: ശ്രുതി തരംഗം പദ്ധതിയിൽ നടപടികൾ വേഗത്തിലാക്കി സർക്കാർ.കോഴിക്കോട് മെഡിക്കല്‍ കോളേജിൽ മുഴുവൻ കുട്ടികളുടെയും ഹിയറിങ് ഏയ്ഡ് ഉപകരണങ്ങളുടെ അറ്റകുറ്റപ്പണി പൂർത്തിയാക്കി. ഉപകരണങ്ങളുടെ അപ്ഗ്രഡേഷന്‍ ഈ ആഴ്ച തുടങ്ങുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു. ശ്രുതി തരംഗം പദ്ധതിയില്‍ ഉപകരണങ്ങളുടെ അറ്റകുറ്റപണി വൈകുന്നതും അപ്ഗ്രഡേഷന്‍ നടക്കാത്തതും കേള്‍വി ശേഷിയില്ലാത്ത കുട്ടികള്‍ക്ക് ബുദ്ധിമുട്ടായി മാറുന്നത് സംബന്ധിച്ച് ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്ത നല്‍കിയിരുന്നു. ഉപകരണങ്ങള്‍ നന്നാക്കുന്നതിനും അപ്ഗ്രേഡ് ചെയ്യുന്നതിനും പദ്ധതിയ്ക്ക് കീഴില്‍ സര്‍ക്കാര്‍ ഫണ്ട് അനുവദിക്കാന്‍ വൈകുന്നത് സംബന്ധിച്ചും കുട്ടികളുടെ രക്ഷിതാക്കള്‍ പരാതികള്‍ ഉന്നയിച്ചിരുന്നു. ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തക്ക് പിന്നാലെയാണ് ഇക്കാര്യത്തിലെ നടപടികള്‍ വേഗത്തിലാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം.
ശ്രുതിതരംഗം പദ്ധതിയിലുള്‍പ്പെട്ട സംസ്ഥാനത്തെ 457 കുട്ടികളില്‍ 216 പേരുടെ ഉപകരണങ്ങളുടെ അറ്റകുറ്റപ്പണി നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.109 പേരുടെ ഉപകരണങ്ങളുടെ അറ്റകുറ്റപ്പണി ഉടന്‍ പൂര്‍ത്തിയാക്കും. ബാക്കിയുള്ളവരുടെ ഉപകരണങ്ങളുടെ അറ്റകുറ്റപ്പണിയുടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി വരുകയാണ്. കോക്ലിയര്‍ ഇംപ്ലാന്റേഷന് വേണ്ടി ടെക്നിക്കല്‍ കമ്മിറ്റി ആദ്യ ഘട്ടത്തില്‍ അംഗീകാരം നല്‍കിയ 44 കുട്ടികളില്‍ 23 പേരുടെ ശസ്ത്രക്രിയകള്‍ പൂര്‍ത്തിയായി. ബാക്കിയുള്ളവരുടെ ശസ്ത്രക്രിയയ്ക്കുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഉപകരണങ്ങളുടെ പ്രോസസര്‍ അപ്ഗ്രഡേഷന് വേണ്ടിയുള്ള 117 കുട്ടികളില്‍ 79 പേരുടെ പ്രോസസര്‍ അപ്ഗ്രഡേഷന് വേണ്ടിയുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്.എത്രയും വേഗം ബാക്കിയുള്ളവരുടെ ഉപകരണങ്ങളുടേയും പ്രോസസര്‍ അപ്ഗ്രഡേഷന്‍ ആരംഭിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു.ശ്രുതിതരംഗം പദ്ധതിയിലുള്‍പ്പെട്ട കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മുഴുവന്‍ കുട്ടികളുടേയും ഉപകരണങ്ങളുടെ അറ്റകുറ്റപ്പണി നടത്തി.
68 കുട്ടികള്‍ക്ക് ശ്രുതിതരംഗം മെയിന്റനന്‍സ് സ്‌കീമില്‍ ഉള്‍പ്പെടുത്തിയാണ് ഉപകരണങ്ങള്‍ മാറ്റിയത്. 32 കുട്ടികള്‍ക്ക് മെഡല്‍ കമ്പനിയുടെ ഉപകരണങ്ങളും 36 കുട്ടികള്‍ക്ക് കോക്ലിയര്‍ കമ്പനിയുടെ ഉപകരണങ്ങളുമാണ് മാറ്റി നല്‍കിയത്. ഉപകരണങ്ങളുടെ അപ്ഗ്രഡേഷന്‍ ഈ ആഴ്ച ആരംഭിക്കുന്നതാണ്.ശ്രവണ വൈകല്യം നേരിടുന്ന 5 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് കോക്ലിയര്‍ ഇംപ്ലാന്റേഷനും അനുബന്ധ സേവനങ്ങളും സൗജന്യമായി ഉറപ്പാക്കാനായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുന്ന പദ്ധതിയാണ് ശ്രുതിതരംഗം. നിലവില്‍ ആരോഗ്യ വകുപ്പിന് കീഴില്‍ സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിയാണ് പദ്ധതിയുടെ നിര്‍വഹണ ചുമതല വഹിക്കുന്നത്. തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍ വഴിയും എംപാനല്‍ ചെയ്ത ആറു ആശുപത്രികളിലൂടെയും ഗുണഭോക്താക്കള്‍ക്ക് സൗജന്യ സേവനം ലഭ്യമാകും.
റോഡ് മുറിച്ചു കടക്കുന്നതിനിടെ പിക്കപ്പ് വാന്‍ ഇടിച്ച് തെറിപ്പിച്ചു; രണ്ടു പേര്‍ക്ക് ദാരുണാന്ത്യം