മുംബൈയിൽ കുടുങ്ങിയ മലയാളികൾ കേരളത്തിലേക്ക്; 'ശ്രമിക് ട്രെയിൻ' ഇന്ന് പുറപ്പെടും

By Web Team  |  First Published May 22, 2020, 12:48 PM IST

മഹാരാഷ്ട്രയിലെ കോൺഗ്രസ് കമ്മറ്റി തയാറാക്കിയ ലിസ്റ്റിലെ 1674 പേരാണ് കേരളത്തിലേക്ക് മടങ്ങുന്നത്. യാത്രാചെലവ് മഹാരാഷ്ട്ര സർക്കാർ വഹിക്കും. 


മുംബൈ: മുംബൈയിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളെ നാട്ടിലെത്തിക്കാൻ പ്രത്യേക ശ്രമിക് ട്രെയിൻ ഇന്ന് സർവീസ് നടത്തും. കേരളത്തിലേക്ക് സ‍ർവീസ് നടത്തുന്ന ആദ്യത്തെ ശ്രമിക് ട്രെയിനാണിത്. രാത്രി എട്ട് മണിക്ക് ശേഷം കുർലയിൽ നിന്നും ട്രെയിൻ യാത്ര തിരിക്കും. അതിനിടെ, രോഗവ്യാപനം കൂടിയ മുംബൈയിൽ നിന്നും പൂനെയിൽ നിന്നും മലയാളി നഴ്സുമാർ കൂട്ടത്തോടെ കേരളത്തിലേക്ക് മടങ്ങുകയാണ്. 

കേരളത്തിലെയും ദേശീയ തലത്തിലെയും കോൺഗ്രസ് നേതൃത്വത്തിന്‍റെ അഭ്യ‍ർത്ഥനമാനിച്ചാണ് ട്രെയിൻ ഓടിക്കുന്നതെന്ന് മഹാരാഷ്ട്രയിലെ റവന്യൂ മന്ത്രിയും കോൺഗ്രസ് നേതാവുമായ ബാലാസാഹേബ് തോറാട്ട് ട്വിറ്ററിൽ കുറിച്ചു. മഹാരാഷ്ട്രയിലെ കോൺഗ്രസ് കമ്മറ്റി തയാറാക്കിയ ലിസ്റ്റിലെ 1674 പേരാണ് കേരളത്തിലേക്ക് മടങ്ങുന്നത്. യാത്രാചെലവ് മഹാരാഷ്ട്ര സർക്കാർ വഹിക്കും. ഇതര സംസ്ഥാനക്കാരെ തിരികെ അയയ്ക്കാൻ അനുഭാവ പൂർവമായ നിലപാട് തുടക്കം മുതൽ മഹാരാഷ്ട്ര സ‍ർക്കാർ സ്വീകരിക്കുന്നുണ്ട്. കുടിയേറ്റ തൊഴിലാളികളുടെ മടക്കത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് 54 കോടി അനുവദിച്ചിരുന്നു. ഇന്നലെ 12 കോടി രൂപ കൂടി അധികമായി നൽകാൻ തീരുമാനിച്ചു. 

Latest Videos

എന്നാൽ കൊവിഡ് തടയുന്നതിൽ മഹാരാഷ്ട്രാ സർക്കാർ പരാജയപ്പെട്ടെന്നാരോപിച്ച് ബിജെപി ഇന്ന് പ്രതിഷേധ ദിനം ആചരിക്കുകയാണ്. അതിനിടെ രോഗവ്യാപനം കൂടിയ മുംബൈ പൂനെ നഗരങ്ങളിൽ നിന്ന് 200 ലേറെ മലയാളി നഴ്സുമാർ നാട്ടിലേക്ക് മടങ്ങിയെന്ന കണക്കുകൾ പുറത്ത് വന്നു. കരാർ പുതുക്കാത്തവരും രാജിവച്ചവരും ഇക്കൂട്ടത്തിലുണ്ട്. മലയാളികളടക്കം നഴ്സുമാർക്കിടയിൽ കൊവിഡ് വ്യാപകമായി പടർന്നിരുന്നു. സുരക്ഷാ സംവിധാനങ്ങൾ നൽകുന്നില്ലെന്ന പരാതി യുഎൻഎ പല തവണ ഉയ‍ർത്തിയ സാഹചര്യവും നിലവിലുണ്ട്.

click me!